ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി എം.ഷാജിർ വരുന്നത് തടയാൻ ഡിവൈഎഫ്ഐയുടെ രണ്ട് സംസ്ഥാന നേതാക്കൾ സി.പിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്സംഘടനാ രംഗത്ത് നിർജീവമായിരുന്ന എം. വിജിനെ സെക്രട്ടറിയായി ഉയർത്തി കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വിവരം.
ഇതിനായി പ്രായപരിധി 38 വയസ്സായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ, എം.ഷാജിറും ഷിജുഖാനും ഉൾപ്പെടെയുള്ള പ്രമുഖരാണ് ഒഴിവാക്കപ്പെടുക.
19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് യഥാർത്ഥത്തിൽ പ്രായപരിധിയുടെ കാര്യത്തിൽ ഉൾപ്പെടെ തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ എംവി ഗോവിന്ദനും, ഇപ്പോഴത്തെ ഡിവൈഎഫ്ഐ നേതാക്കളും ചേർന്ന് അവരുടെ വ്യക്തിപരമായ അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.
സിപിഎം സംസ്ഥാന സമിതിയോ സെക്രട്ടേറിയേറ്റോ തീരുമാനിക്കാതെയാണ് ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായം 38 ആക്കി നിജപെടുത്താനുള്ള നിർദ്ദേശം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അവതരിപ്പിച്ചത് എന്ന ഒരു വിമർശനവും നിലവിൽ ഇപ്പോൾ സിപിഎം നേതൃത്വത്തിൽ നിന്നുതന്നെ ഉയർന്നുവരുന്നുണ്ട്.

ചിന്ത ജെറോമിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ആക്കാനു, കണ്ണൂരിൽ നിന്നുള്ള കല്ല്യാശ്ശേരി എംഎൽഎ വിജിനെ സംസ്ഥാന സെക്രട്ടറിയാക്കാനുമാണ് എംവി ഗോവിന്ദൻ ഫ്രാക്ഷനിൽ നിർദ്ദേശിച്ചിരിക്കുന്നത്.
സ്വന്തം ഭാര്യയെ തളിപറമ്പ് മണ്ഡലത്തിൽ മത്സരിപ്പിച്ച് നാണംകെട്ട തോൽവി സിപിഎമ്മിന് സമ്മാനിച്ച എംവി ഗോവിന്ദൻ ഡിവൈഎഫ്ഐയെയും നശിപ്പിക്കാനാണ് ഇത്തരമൊരു നിർദ്ദേശം വച്ചത് എന്നു ആരെങ്കിലും സംശയിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അവരെ കുറ്റം പറയാൻ സാധിക്കുകയില്ല.
മുസ്ലീം ന്യൂനപക്ഷങ്ങൾ സിപിഎമ്മിൽ നിന്നും അകന്നിരിക്കെ മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരു യുവാവിന് ഡിവൈഎഫ്ഐ നേതൃത്വത്തിലേക്ക് വരാനുള്ള അവസരം കൂടിയാണ് നേതാക്കളുടെ സ്വാർത്ഥ താല്പര്യം മൂലം ഇവിടെ നിഷേധിക്കപ്പെടുന്നത്.
അതല്ലായിരുന്നു എങ്കിൽ ഡിവൈഎഫ്ഐയുടെ പ്രവർത്തന രംഗത്ത് സജീവമല്ലാതിരുന്ന വിജിനെ, ഇങ്ങനെ ധൃതിപ്പെട്ട് ഡിവൈഎഫ്ഐ സെക്രട്ടറിയായി എംവി ഗോവിന്ദൻ നിർദ്ദേശിക്കില്ലായിരുന്നു. എംഎൽഎ എന്ന നിലയ്ക്ക് തന്നെ ഒരുപാട് കാര്യങ്ങൾ വിജിന് ചെയ്യാനുണ്ട് എന്നിരിക്കെ ഡിവൈഎഫ്ഐ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ആ സംഘടനയുടെ പ്രവർത്തനത്തെയും കാര്യമായി ബാധിക്കുമെന്നതും ഉറപ്പാണ്.
സ്ഥാനമൊഴിയുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളാണ് എംവി ഗോവിന്ദനെ സ്വാധീച്ച് അനർഹരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത് എന്നത് ഡിവൈഎഫ്ഐ നേതാക്കൾക്കും പ്രവർത്തകർക്കും ഇതിനകം തന്നെ മനസ്സിലായി കഴിഞ്ഞിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വരുന്ന പ്രതികരണത്തിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തവുമാണ്.
ഡിവൈഎഫ്ഐയുടെ ഭരണഘടന പ്രകാരം 40 വയസ് വരെ ഭാരവാഹി ആകാം. എ.എ.റഹീം ഉൾപ്പടെ പലരും സംസ്ഥാനഭാരവാഹി ആയത് തന്നെ 40 ആം വയസിലാണ്. എന്നാൽ ഈ പ്രായപരിധി 38 ആക്കി നിജപ്പെടുത്താനാണ് എംവി ഗോവിന്ദൻ നിർദ്ദേശിച്ചിരിക്കുന്നത്. ഭാര്യയെ തളിപറമ്പിൽ മത്സരിപ്പിച്ചതിൻ്റെ മറ്റൊരു വേർഷനാണിത്.
നിലവിലെ സീനിയോററ്റിയും പ്രവർത്തന മികവും പരിഗണിച്ചാൽ, എം.ഷാജിർ, ഷിജുഖാൻ എന്നിവരിൽ ആരെങ്കിലും ഉറപ്പായും പ്രസിഡൻ്റോ സെക്രട്ടറിയോ ആകുമെന്ന് കരുതിയ ഡിവൈഎഫ്ഐ നേതാക്കൾക്ക് മുന്നിലാണ്, അപ്രതീക്ഷിതമായി പ്രായപരിധി 38 ആണ് എന്ന കാര്യം എം.വി ഗോവിന്ദൻ തുറന്ന് പറഞ്ഞിരിക്കുന്നത്. അടിച്ചേൽപ്പിച്ചു, എന്ന് പറയുന്നതാകും കൂടുതൽ ശരി.

ഡിവൈഎഫ്ഐ ഭരണഘടനയ്ക്കും സംഘടനാ രീതിക്കും എതിരായി നടന്ന ഈ കൈകടത്തലിൽ വലിയ രോഷമാണ് ഡിവൈഎഫ്ഐയിൽ ഇപ്പോൾ പുകയുന്നത്.
പ്രായപരിധിയിൽ കുറവ് വരുത്തുന്നതിന് എതിരെ എം. ഷാജിർ തന്നെ യോഗത്തിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചു എന്നാണ് അറിയുന്നത്. കഴിഞ്ഞ തവണയും പിൻവാതിലിലൂടെ ചിന്ത ജെറോമിനെ പ്രസിഡന്റ് ആക്കാൻ നോക്കിയതും സിപിഎം നേതൃത്വത്തിലെ ചിലരാണ്. അന്ന് ഈ നീക്കത്തെ വെട്ടി നിരത്തിയാണ് വസീഫിനെ പ്രസിഡൻറ് ആക്കിയിരുന്നത്. എന്നാൽ ഇത്തവണ ഈ വസീഫും ഷാജിറിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം. ഇതും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളിൽ കടുത്ത അതൃപ്‌തിക്ക് കാരണമായിട്ടുണ്ട്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഷാജിർ നേതൃനിരയിൽ വന്നാൽ പാർലമെൻ്റ്റി രാഷ്ടീയത്തിൽ ഈ വിഭാഗത്തിൽപ്പെട്ട മറ്റ് പല നേതാക്കളുടെയും സാധ്യത തകരുമെന്ന് കണ്ടാണ്, ഈ ‘പാലംവലി’ എന്ന ആരോപണവും സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ഉയർന്നിട്ടുണ്ട്.
അതു പോലെ തന്നെ പ്രധാന ഭാരവാഹികളിൽ ഒരാൾ വനിത ആവണം എന്ന തിരുമാനം തന്നെ ചിന്തക്ക് വേണ്ടി എടുത്തതാണ് എന്ന ആക്ഷേപവും ഡിവൈഎഫ്ഐയിൽ നിലവിലുണ്ട്. ഈ തീരുമാനം മിക്ക ജില്ലകളിലും നടപ്പാക്കാത്തവർ, പിന്നെ എന്തിനാണ് സംസ്ഥാന സമ്മേളനത്തിൽ നടപ്പാക്കണമെന്ന് വാശിപിടിക്കുന്നത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
എംവി ഗോവിന്ദൻ്റെയും സംഘത്തിൻ്റെയും ഇത്തരം അജണ്ടകൾ പൊളിക്കാൻ ഡിവൈഎഫ്ഐ സമ്മേളനത്തിൽ ഔദ്യോഗിക പാനലിന് എതിരെ മത്സരം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രായപരിധി ഏർപ്പെടുത്തിയത് മുതൽ ഭാരവാഹി പ്രഖ്യാപനം വരെ സമ്മേളനത്തിൽ ചോദ്യം ചെയ്യപ്പെട്ടാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എംവി ഗോവിന്ദൻ്റെ സകല കണക്ക് കൂട്ടലുകളും തെറ്റാൻ തന്നെയാണ് സാധ്യത. സിപിഎം നേതൃത്വത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ, അതിൻ്റെ തുടക്കം ഡിവൈഎഫ്ഐയിൽ നിന്നാണ് ഉണ്ടാകാൻ പോകുന്നത് എന്ന പ്രതീക്ഷയിലാണ് ഇപ്പോഴുള്ളത്.
EXPRESS VIEW
വീഡിയോ കാണാം…






