ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫിസർമാർ (പിഎസ്‌ഒ) അറസ്റ്റിലായി. നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ എന്നിവരാണ് അറസ്റ്റിലായത്. വർഷങ്ങളായി സുബീൻ ഗാർഗിനൊപ്പം പ്രവർത്തിച്ചിരുന്നവരാണ് ഇരുവരും. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അറസ്റ്റിന് കാരണമായത് പിഎസ്‌ഒമാരുടെ സാമ്പത്തിക ഇടപാടുകളാണ്. നന്ദേശ്വർ ബോറയും പരേഷ് ബൈശ്യയും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലായി ഒരുകോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇവർക്ക് വരവിൽ കവിഞ്ഞ സമ്പാദ്യം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് എസ്ഐടി വിശദമായ അന്വേഷണം നടത്തുകയാണ്.
അതിനിടെ, പിഎസ്‌ഒമാരുടെ ബാങ്ക് അക്കൗണ്ടുകൾ സുബീൻ തന്റെ പണം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നുവെന്നും, അതിൽ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയ പണമായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഗായകന്റെ ഭാര്യ ഗരിമ സൈകിയ ഈ റിപ്പോർട്ടുകൾ ശരിവച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സുബീൻ തന്റെ പണം പിഎസ്‌ഒമാരെ ഏൽപ്പിച്ചിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചു.
ഈ ഇടപാടുകളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കോപ്പികളും, വിവിധ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ഒരു ഡയറിയും പിഎസ്‌ഒമാരുടെ കൈവശമുണ്ടെന്നും ഗരിമ വ്യക്തമാക്കി. എന്നാൽ സുബീന്റെ മറ്റു സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 19-നാണ് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പൂരിൽ എത്തിയ സുബീൻ ഗാർഗ് മരിച്ചത്. സ്കൂബ ഡൈവിങ്ങിനിടെയാണ് മരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, സുബീൻ്റെ ബാൻഡിലെ അംഗവും ദൃക്‌സാക്ഷിയുമായ ശേഖർ ജ്യോതി ഗോസ്വാമി മരണം ആസൂത്രിതമാണെന്ന് ആരോപിച്ചതിനെ തുടർന്നാണ് പ്രത്യേക അന്വേഷണം ആരംഭിച്ചത്. രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. നിലവിൽ പിഎസ്‌ഒമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ, കേസിന്റെ ദുരൂഹത നീക്കുന്നതിൽ അന്വേഷണ സംഘം നിർണ്ണായകമായ ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്.






