തിരുവനന്തപുരം: രാജ്യത്തിന്റെ പ്രതിരോധ ശക്തി വിളിച്ചോതിക്കൊണ്ട് നാവിക സേന ദിനാഘോഷം ഡിസംബർ 3 ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്നതോടെ ഈ വർഷത്തെ ആഘോഷം ശ്രദ്ധേയമാകും. വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗവർണർ, മുഖ്യമന്ത്രി, നാവിക സേനയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിക്കും.
തുടർന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കും. വൈകിട്ട് നാലരയോടെ പടക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉൾപ്പടെ അണിനിരക്കുന്ന വിസ്മയകരമായ അഭ്യാസ പ്രകടനങ്ങൾ നടക്കും. പൊതുജനങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് ഇത് കാണാൻ അവസരമുണ്ട്.
രാജ്ഭവൻ, ലോക് ഭവൻ എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം ആദ്യമായി എത്തുന്ന അതിഥിയാണ് രാഷ്ട്രപതി ദ്രൗപതി മുർമു. രാത്രി ലോക് ഭവനിൽ തങ്ങുന്ന രാഷ്ട്രപതി ഡിസംബർ 4 ന് രാവിലെ 9.45ഓടെ ഡൽഹിയിലേക്ക് തിരിക്കും. അതേസമയം, നാവിക സേനാ ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഡിസംബർ 2 ന് അഭ്യാസ പ്രകടനത്തിന്റെ ഫൈനൽ റിഹേഴ്സൽ കാണാൻ നിരവധി പേരാണ് ശംഖുമുഖത്ത് എത്തിയത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






