ഇറാനുമായുള്ള നിർണ്ണായക ചർച്ചകൾക്ക് പാകിസ്താൻ വേദിയാകാനിരിക്കെ, നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകൾക്കായി ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന് കനത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. അന്താരാഷ്ട്ര കപ്പൽപ്പാതകൾ തടസ്സപ്പെടുത്തി ലോകത്തെ ഭീഷണിപ്പെടുത്തുക എന്നതിനപ്പുറം മറ്റൊരു തന്ത്രവും ഇറാന്റെ പക്കലില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചത്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കത്തിന് അമേരിക്കൻ പടക്കപ്പലുകൾ പൂർണ്ണ സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങളാണ് ഈ കപ്പലുകളിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ‘ന്യൂയോർക്ക് പോസ്റ്റിനോട്’ പറഞ്ഞു. ഇറാൻ എന്ന രാജ്യം ഇന്ന് നിലനിൽക്കുന്നത് തന്നെ സമവായ ചർച്ചകൾക്ക് അവർ തയ്യാറായതുകൊണ്ടാണെന്ന് ട്രംപ് അവകാശപ്പെട്ടു.
Also Read: നിബന്ധനകൾ അംഗീകരിക്കാതെ ചർച്ചയ്ക്കില്ല! അമേരിക്കയ്ക്ക് മുന്നിൽ ഉപാധികൾ കടുപ്പിച്ച് ഇറാൻ
ഇറാൻ ആണവായുധ പദ്ധതികൾ ഉപേക്ഷിക്കാൻ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, യുറേനിയം സമ്പുഷ്ടീകരണത്തിൽ അവർ വാക്കുമാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. ആണവ പദ്ധതികളുടെ കാര്യത്തിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാനപരമായ ആവശ്യങ്ങൾക്കും വൈദ്യുതി ഉത്പാദനത്തിനുമായി യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. തങ്ങളുടെ ലക്ഷ്യം ബോംബ് നിർമ്മാണമല്ലെന്നും അവർ ആവർത്തിച്ചു.






