CMDRF

യുദ്ധക്കെടുതിയും തകര്‍ന്നടിയുന്ന സാമ്പത്തിക വ്യാപാര ശ്യംഖലകളും

റഷ്യ-യുക്രെയ്ന്‍ യുദ്ധം ആഗോള വ്യാപാരത്തിന്റെ താളംതെറ്റിക്കാന്‍ വരെ പ്രാപ്തിയുള്ളതാണ്

യുദ്ധക്കെടുതിയും തകര്‍ന്നടിയുന്ന സാമ്പത്തിക വ്യാപാര ശ്യംഖലകളും
യുദ്ധക്കെടുതിയും തകര്‍ന്നടിയുന്ന സാമ്പത്തിക വ്യാപാര ശ്യംഖലകളും

2022 ഫെബ്രുവരി മുതല്‍ ആരംഭിച്ച് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം ഇരു രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും മാത്രമല്ല റഷ്യയെയും യുക്രെയ്നെയും ചുറ്റിപ്പറ്റിയിരിക്കുന്ന രാജ്യങ്ങളെയും, വ്യാപാര ബന്ധം സൂക്ഷിക്കുന്ന സഖ്യകക്ഷികളെയും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാരങ്ങളില്‍ പ്രത്യേകിച്ച് കയറ്റുമതി പ്രവര്‍ത്തനങ്ങളെ യുദ്ധം തടസ്സപ്പെടുത്തി. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള കയറ്റുമതി പാതയെയാണ് കൂടുതലായും തടസ്സപ്പെടുത്തിയത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ, പ്രത്യേകിച്ച് ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ നിര്‍ണായക കയറ്റുമതിക്കാരാണ് യുക്രെയ്ന്‍.

ആക്രമണത്തിന് മുന്‍പ്, ആഗോള ഗോതമ്പ് കയറ്റുമതിയുടെ ഏകദേശം 10% യുക്രെയ്‌നില്‍ നിന്നായിരുന്നു. യുക്രേനിയന്‍ കയറ്റുമതിക്കുള്ള നിര്‍ണായക സമുദ്ര ഇടനാഴിയായ കരിങ്കടലും സംഘര്‍ഷത്തിന്റെ മേഖലയായി മാറിയിരിക്കുന്നു. കപ്പല്‍ പാതകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും വ്യാപാരികള്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തതോടെ അവിടെയും സ്ഥിതി മോശമായി. യുക്രേനിയന്‍ തുറമുഖങ്ങളുടെ റഷ്യന്‍ ഉപരോധം ദശലക്ഷക്കണക്കിന് ടണ്‍ ധാന്യം കുടുങ്ങിക്കിടക്കുന്നതിന് കാരണമായി. ഇത് ആഗോള ഭക്ഷ്യ വിതരണ ക്ഷാമത്തിനും ഇടയാക്കി. ആഗോളതലത്തില്‍ ധാന്യ കയറ്റുമതിയുടെ 15 ശതമാനവും യുക്രെയ്‌നില്‍ നിന്നാണ്.

Also Read: ശത്രു രാജ്യങ്ങളെ ശവപറമ്പാക്കി മാറ്റുന്ന ഇസ്രയേൽ ഒടുവിൽ ഒറ്റപ്പെടുന്നു, ലോക രാജ്യങ്ങളിൽ പ്രതിഷേധവും ശക്തം

യുദ്ധത്തിന്റെ ഭീകരതയ്ക്ക് ഇത്തരമൊരു വശം കൂടിയുണ്ടെന്നത് പകപോക്കുന്ന നേരത്ത് വന്‍കിട രാജ്യങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ല. മനുഷ്യന്‍ യുദ്ധത്തില്‍ മരിച്ചുവീഴുന്നത് ആയുധങ്ങളുടെ പ്രഹരം കൊണ്ട് മാത്രമല്ല, ഇത്തരത്തില്‍ ക്ഷാമമുണ്ടായി പട്ടിണി കിടന്നുകൂടിയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കപ്പുറത്തേക്കും യുദ്ധത്തിന്റെ ക്ഷതമേറ്റിട്ടുണ്ട്.

യുക്രെയ്‌നില്‍ നിന്നുള്ള ലോഹങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങിയ വ്യാവസായിക കയറ്റുമതിയെയും യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. റെയില്‍വേയും റോഡുകളും ഉള്‍പ്പെടെയുള്ള പ്രധാന ഗതാഗത കേന്ദ്രങ്ങള്‍ സൈനിക ആവശ്യത്തിനായി ഉപയോഗിച്ചത് മൂലം സഞ്ചാരപാതകളും തരിപ്പണമാണ്. അതുകൊണ്ട് തന്നെ യുക്രെയ്‌നില്‍ നിന്ന് കയറ്റുമതിയെ ആശ്രയിച്ചിരുന്ന പല രാജ്യങ്ങളും ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടി.

Russia-Ukraine war

യുക്രെയ്‌ന്റെ നിലനില്പിനെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ് നിലവില്‍ കാര്യങ്ങളുടെ പോക്ക്. അടിത്തറയിളകുന്ന തരത്തില്‍ റഷ്യയില്‍ നിന്ന് യുദ്ധത്തിന്റെ പോര്‍വിളികള്‍ നേരിടേണ്ടിവരുമ്പോള്‍ മറുഭാഗത്ത് വ്യാവസായികപരമായും യുക്രെയ്ന്‍ തകരുകയാണ്. 2022-ല്‍ യുക്രെയ്‌ന്റെ കാര്‍ഷിക കയറ്റുമതി പാടെ തകര്‍ന്നു. യുക്രേനിയന്‍ ധാന്യശേഖരത്തെ വന്‍തോതില്‍ സ്ഥിരമായി ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടായി.

യുക്രെയ്‌നില്‍ വര്‍ധിച്ചുവരുന്ന വ്യാപാര പ്രതിസന്ധി യുദ്ധദിനങ്ങള്‍ കടന്നുപോകുന്നതിനനുസരിച്ച് കൂടുതല്‍ ദുരിതത്തിലേക്ക് പോവുകയാണ്. വ്യാപാര ബന്ധമുള്ള പല രാജ്യങ്ങളും പുതിയ സഖ്യം സൃഷ്ടിക്കാനുള്ള ആലോചനയിലാണ്. സാമ്പത്തിക ബന്ധമുള്ള രാഷ്ട്രങ്ങള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയാല്‍ അത് നിലവിലെ അവസ്ഥയില്‍ യുക്രെയ്‌ന് ഏല്‍ക്കുന്ന മറ്റൊരു തിരിച്ചടിയായിരിക്കും.

Also Read: അമേരിക്കയ്ക്ക് ഒത്ത എതിരാളി ചൈന, കമ്മ്യൂണിസ്റ്റ് രാജ്യവുമായി ഒരു ഏറ്റുമുട്ടലിനാണോ കളമൊരുങ്ങുന്നത് ?

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ എണ്ണയും പ്രകൃതിവാതകവും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. റഷ്യയില്‍ നിന്നുവന്ന എണ്ണ കയറ്റുമതിയിലെ പ്രതിസന്ധി ബാധിച്ചത് ആഗോള വാണിജ്യ വിപണിയെയാണ്. ഊര്‍ജ പ്രതിസന്ധി എണ്ണയുടെയും വാതകത്തിന്റെയും വില കുതിച്ചുയരുന്നതിലേക്ക് നയിച്ചു. റഷ്യ എണ്ണ കയറ്റുമതി കുറച്ചപ്പോള്‍ തക്കസമയത്ത് രംഗത്തെത്തി തങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കയ്ക്കും, ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കൊന്നും ആ വിടവ് നികത്താന്‍ സാധിച്ചില്ല. എണ്ണ ഉത്പാദനത്തിലുള്ള റഷ്യയുടെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.

റഷ്യയില്‍ നിന്നുണ്ടായ ഈ തിരിച്ചടി പല രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി. പല വികസ്വര രാജ്യങ്ങള്‍ക്കും വര്‍ധിച്ച ചെലവുകള്‍ നേരിടാന്‍ തയ്യാറെടുക്കേണ്ടി വന്നു. ഇതൊന്നുംകൊണ്ട് തീരുന്നില്ല കാര്യങ്ങള്‍, ഇനിയും വെല്ലുവിളികള്‍ ഉയരാന്‍ കിടക്കുന്നതേയുള്ളു. ഈ അവസ്ഥ പണപ്പെരുപ്പത്തിലേക്കും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കുന്നതിലേക്കും നയിക്കും. ഇതോടെ റഷ്യയുമായി കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന രാഷ്ട്രങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് കടക്കും. ഇത് വലിയൊരു സാമ്പത്തിക വരള്‍ച്ചയ്ക്ക് തന്നെ ഇടയാക്കും.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ആഗോള വ്യാപാരത്തിന്റെ താളംതെറ്റിക്കാന്‍ വരെ പ്രാപ്തിയുള്ളതാണ്. സാമ്പത്തികപരമായി കൂടി സഖ്യകക്ഷികളില്‍ നിന്ന് ഒരു തിരിച്ചടി ലഭിച്ചാല്‍ അതൊരുപക്ഷേ, യുക്രെയ്‌ന്റെ അധപതനത്തിലേക്ക് തന്നെ നയിച്ചേക്കാം. യുദ്ധത്തിന് കോപ്പുകൂട്ടുന്ന അമേരിക്കപോലും അത്തരമൊരു സാഹചര്യത്തില്‍ സഹായിക്കാനെത്തുമോ എന്നതില്‍ യുക്രെയ്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.

കുതന്ത്രങ്ങള്‍ തലയണമന്ത്രമായി ഓതാന്‍ മാത്രമറിയുന്ന അമേരിക്ക, യുക്രെയ്‌ന്റെ അടിത്തറയിളകുമ്പോള്‍ എങ്ങനെ സഹായിക്കുമെന്നത് ചോദ്യം തന്നെയാണ്. സംഘര്‍ഷം തുടരുമ്പോള്‍, കയറ്റുമതിയുടെ ആഘാതം ഇരുരാജ്യങ്ങളിലും വര്‍ധിച്ചേക്കാം. സംഘട്ടനത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇരുരാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നവരിലും പ്രകടമായി തുടങ്ങും. ഇത്തരമൊരു പ്രതിസന്ധികൂടി യുദ്ധമുഖത്ത് എല്ലായ്‌പ്പോഴുമുള്ള ഒരു കാഴ്ച്ച തന്നെയാണ്.

REPORT: ANURANJANA KRISHNA

Top