CMDRF

അമേരിക്കൻ യുദ്ധവിമാനം വീണതിലും പോര്, വ്യോമസേന തലവൻ തെറിച്ചു, യുക്രെയ്ൻ വീഴുന്നു

യുക്രെയ്‌ന്‍ വീഴുന്നതോടെ പശ്ചിമേഷ്യയില്‍ പുതിയ പോര്‍മുഖം തുറക്കപ്പെടാനാണ് സാധ്യത, അതിനായാണ് ഇറാനും കാത്തുനില്‍ക്കുന്നത്

അമേരിക്കൻ യുദ്ധവിമാനം വീണതിലും പോര്, വ്യോമസേന തലവൻ തെറിച്ചു, യുക്രെയ്ൻ വീഴുന്നു
അമേരിക്കൻ യുദ്ധവിമാനം വീണതിലും പോര്, വ്യോമസേന തലവൻ തെറിച്ചു, യുക്രെയ്ൻ വീഴുന്നു

മേരിക്കയുടെ ആധുനിക യുദ്ധവിമാനം എഫ്16 റഷ്യന്‍ സൈന്യം തകര്‍ത്തതിന് പിന്നാലെ യുക്രെയ്ൻ വ്യോമസേനയുടെ തലവനെ തന്നെ പുറത്താക്കിയിരിക്കുകയാണ് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി. യുദ്ധവിമാനം നഷ്ടമായതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ എംപി മരിയാനയുമായി സെലന്‍സ്‌കി പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഭരണകക്ഷിയില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെയാണ് ജനറല്‍ നിക്കോളായ് ഒലെഷ്ചുക്കിനെ വ്യോമസേനയുടെ തലപ്പത്ത് നിന്നും സെലന്‍സ്‌കി പുറത്താക്കിയത്. അതേസമയം എഫ്16 യുദ്ധവിമാനം സൗഹൃദ വെടിവയ്പ്പില്‍ തകര്‍ന്നതാണെന്ന യുക്രെയ്ൻ വാദം പൊളിഞ്ഞിട്ടുണ്ട്.

റഷ്യ വ്യാപകാക്രമണം നടത്തിയ ദിവസം അത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമേരിക്ക അഭിമാനമായി കാണുന്ന പോര്‍വിമാനം ചാരമായിരിക്കുന്നത്. നേരത്തെ നിര്‍ത്തിയിട്ട എഫ്16 ആണ് തകര്‍ന്നതെന്ന് പറഞ്ഞ യുക്രെയ്ൻ പൈലറ്റും കൊല്ലപ്പെട്ടതോടെയാണ് നിലപാട് മാറ്റി പരീക്ഷണ പറക്കലില്‍ പറ്റിയ അബദ്ധമെന്ന് കള്ളം പറഞ്ഞിരുന്നത്. അമേരിക്കന്‍ ആയുധ വിപണിക്ക് ക്ഷീണമുണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ മലക്കംമറിച്ചില്‍. അമേരിക്ക നല്‍കിയ എഫ്16 ന്റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോകുന്ന ഇസ്രയേലിനും ഈ യുദ്ധവിമാനത്തിന്റെ തകര്‍ച്ച അപ്രതീക്ഷിത പ്രഹരമായി ഇതിനകം തന്നെ മാറിയിട്ടുണ്ട്.

Also Read: ‘നയം മാറ്റാൻ മുട്ട് വിറയ്ക്കും’: റഷ്യയ്ക്ക് മുന്നിൽ അടിപതറുന്ന അമേരിക്ക

എഫ്16 തകര്‍ക്കാന്‍ റഷ്യ ഉപയോഗിച്ച മിസൈലുകള്‍ നിലവില്‍ ഇറാന്റെ പക്കല്‍ ധാരാളം ഉണ്ടെന്നതാണ് ഇസ്രയേലിന്റെ ചങ്കിടിപ്പിക്കുന്നത്. ആഗസ്റ്റ് 26ന് യുക്രെയ്‌നില്‍ ഉടനീളം നടന്ന വന്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തിനിടയിലാണ് യുക്രെയിന്റെ അമേരിക്കന്‍ നിര്‍മ്മിത എഫ്16 യുദ്ധവിമാനങ്ങളിലൊന്ന് തകര്‍ന്നുവീണതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഫ്16 തകര്‍ന്നുവീഴുമ്പോള്‍ ഒരു വലിയ റഷ്യന്‍ വ്യോമാക്രമണത്തെ ചെറുക്കുന്നതില്‍ ഈ വിമാനം ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുക്രെയിന്റെ പ്രമുഖ സൈനിക മേധാവിയെ ഉറവിടമാക്കിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

Western-supplied F-16 fighter jet crash in Ukraine

ഈ വാര്‍ത്ത പുറത്ത് വന്നശേഷമാണ് തിരുത്തുമായി യുക്രെയ്ൻ സര്‍ക്കാര്‍ രംഗത്തുവന്നിരുന്നത്. ഇത് അമേരിക്കയുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണെന്നാണ് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. റഷ്യന്‍ ആക്രമണത്തില്‍ എഫ്16 തകര്‍ന്നു എന്ന് പറയുന്ന സൈനിക നേതൃത്വം വ്യോമസേനയേയും അമേരിക്കന്‍ ആയുധ നിര്‍മ്മാതാക്കളെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് യുക്രെയ്ൻ എം.പി മരിയാന തുറന്നടിച്ചിരിക്കുന്നത്. അമേരിക്കയോടുള്ള കരുതല്‍ പ്രകടമാക്കുന്ന പ്രതികരണമാണിത്. ഇതിന് പിന്നാലെയാണ് വ്യോമസേന തലവന് സ്ഥനം തെറിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ എല്ലാ സൈനികരുടെയും ജീവന്‍ ഞങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്’ എന്ന് മാത്രമാണ് ഒലെഷ്ചുക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. പകരം ലഫ്റ്റനന്റ് ജനറല്‍ അനറ്റോലി ക്രിവോനോഷ്‌കോയെ വ്യോമസേനയുടെ ആക്ടിംഗ് കമാന്‍ഡറായി നിയമിച്ചതായും യുക്രേനിയന്‍ സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫായ അലക്സാണ്ടര്‍ സിര്‍സ്‌കി അറിയിച്ചിട്ടുണ്ട്. അതേസമയം, മതിയായ കാരണങ്ങളില്ലാതെയാണ് കമാന്‍ഡര്‍ സ്ഥാനത്ത് നിന്ന് ഒലെഷ്ചുക്കിനെ സെലന്‍സ്‌കി ഒഴിവാക്കിയതെന്ന ആക്ഷേപം യുക്രെയിന്‍ വ്യോമസേനയിലും ശക്തമാണ്.

Also Read: അമേരിക്കൻ നിലപാട് ഇരട്ടതാപ്പ്, ഗാസയിലെ ശവംതീനികളായ ‘കഴുകൻമാർ’

റഷ്യയെ പോലുള്ള ഒരു വന്‍ ശക്തിക്ക് ലോകത്തെ ഏത് ആധുനിക വിമാനത്തെയും തകര്‍ക്കാനുള്ള ടെക്‌നോളജിയുണ്ടെന്നാണ് ഈ നടപടിയെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, അമേരിക്കന്‍ നിര്‍മ്മിത ജെറ്റ് യുക്രെയ്‌ന് അമേരിക്ക നല്‍കിയ മിസൈല്‍ ഉപയോഗിച്ച് അബദ്ധത്തില്‍ വെടിവച്ചിട്ടുണ്ടാകാമെന്ന പ്രതികരണത്തില്‍ അത് യുക്രെയിന്‍ തന്നെ പറയേണ്ട കാര്യമാണെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് നല്‍കിയിരിക്കുന്ന മറുപടി. സംഭവത്തില്‍ ഇടപെടാന്‍ ആരും തങ്ങളോട് ആവശ്യപെട്ടിട്ടില്ലെന്നതാണ് അമേരിക്കയുടെ നിലപാട്. അമേരിക്ക യുക്രെയ്‌ന് എഫ്16 വിമാനങ്ങളൊന്നും നേരിട്ട് നല്‍കിയിട്ടില്ലെങ്കിലും നാറ്റോ അംഗങ്ങള്‍ക്ക് അവ നല്‍കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

Ukraine’s Army Chief

ഇതുപ്രകാരം അമേരിക്ക സഖ്യകക്ഷികള്‍ക്ക് നല്‍കിയ ഒരു ഡസനിലധികം യുദ്ധവിമാനങ്ങളാണ് ഇതുവരെ യുക്രെയിനു നല്‍കിയിരിക്കുന്നത്. യുദ്ധത്തില്‍ ആദ്യത്തെ എഫ്16 വെടിവെച്ചിടുന്നവര്‍ക്ക് 15 മില്യണ്‍ റൂബിള്‍സ് അതായത് 1,70,000 ഡോളറാണ് പാരിതോഷികമായി ഒരു റഷ്യന്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇങ്ങനെ വാഗ്ദാനം ചെയ്ത് മറ്റ് പല റഷ്യന്‍ കമ്പനികളും രംഗത്തുവന്നതിനാല്‍ എഫ്16 നായി റഷ്യന്‍ വ്യോമസേന തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഏത് മിസൈല്‍ ഉപയോഗിച്ചാണ് എഫ്16 റഷ്യ തകര്‍ത്തത് എന്നതാണ് അമേരിക്കയും ഇസ്രയേലും ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

റഷ്യയുടെ ഏതെങ്കിലും ഹിഡന്‍ മിസൈലാണോ പ്രയോഗിച്ചത് എന്ന സംശയവും ഈ രാജ്യങ്ങള്‍ക്കുണ്ട്. റഷ്യ-യുക്രെയ്‌ന് നേരെ ആക്രമണം കടുപ്പിച്ചതോടെ റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തില്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് എതിരെ ശക്തമായ വിമര്‍ശനമാണ് യുക്രെയ്‌നില്‍ ഉയരുന്നത്. സ്വന്തം രാജ്യത്തെ സൈനികര്‍ നിയമരംഗത്തെ വിദഗ്ധര്‍ സൈനിക വിശകലന വിദഗ്ധര്‍ എന്നിവരുടെ വിമര്‍ശനത്തിന് യുക്രെയ്‌ന്‍ പ്രസിഡന്റ് വിധേയനായതായി ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ ഈ മാസമാദ്യം ആരംഭിച്ച പോരാട്ടത്തില്‍ യുക്രെയ്‌ന്‍ സൈന്യം തകര്‍ന്നടിഞ്ഞ് തുടങ്ങിയതോടെയാണ് വിമര്‍ശനവും ശക്തമായിരിക്കുന്നത്.

Also Read: അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം

ഒടുവില്‍ പോക്രോവ്‌സ്‌ക് നഗരവും യുക്രെയ്‌ന്‍ സൈന്യത്തിന്റെ മുന്‍നിരയെ തകര്‍ത്തുകൊണ്ട് റഷ്യന്‍ സൈന്യം പിടിച്ചടക്കിയതായാണ് പുറത്തുവരുന്ന വിവരം. ഈ നഗരത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടി യുക്രെയ്ന്‍ സൈന്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ കോട്ടമുണ്ടാക്കിയതായാണ് യുക്രെയ്‌ന്‍ അനലിറ്റിക്കല്‍ ഗ്രൂപ്പായ ഫ്രോണ്ടലിജന്‍സ് ഇന്‍സൈറ്റ് ചൂണ്ടിക്കാട്ടുന്നത്. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയവുമായി അടുത്ത ബന്ധമുള്ള ഡീപ് സ്റ്റേറ്റ് ഗ്രൂപ്പിലെ സൈനിക വിദഗ്ധര്‍ ഈ സാഹചര്യത്തെ ഗുരുതരമായ പ്രതിസന്ധിയായാണ് നോക്കിക്കാണുന്നത്. റഷ്യന്‍ സൈന്യത്തിന്റെ മേഖലയിലെ മുന്നേറ്റത്തിലും അവര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Ukrainian President Volodymyr Zelensky

യുക്രെയ്‌നിലെ 93-ാമത്തെ യന്ത്രവല്‍കൃത ബ്രിഗേഡില്‍ സേവനമനുഷ്ഠിക്കുകയും കഴിഞ്ഞവര്‍ഷം ആര്‍ട്ടെമോവ്സ്‌കിനായി 10 മാസം നീണ്ടുനിന്ന യുദ്ധത്തില്‍ പോരാടുകയും ചെയ്ത സൈനിക കമാന്‍ഡറായ ഷെനിയ ബഖ്മുട്ടിനെക്കാള്‍ വേഗത്തില്‍ പോക്രോവ്സ്‌ക് വീഴുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് ഔട്ട്ലെറ്റാണ് ഇത് സംബന്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പോക്രോവ്സ്‌കില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയുമായി യുക്രെയ്‌ന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി, വ്യോമസേനയുടെ ഉന്നത കമാന്‍ഡര്‍ അലക്സാണ്ടര്‍ സിര്‍സ്‌കിയും സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം, യുക്രെയ്ന് 7,800-ലധികം സേന അംഗങ്ങളെയും 75 ടാങ്കുകളും 500-ലധികം കവചിത വാഹനങ്ങളും നഷ്ടമായതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നത്. പോക്രോവ്സ്‌കില്‍ യുക്രെയ്‌നിയന്‍ സൈന്യം സമ്പൂര്‍ണ പരാജയം നേരിട്ടതായി യുക്രെയ്‌ന്‍ ആസ്ഥാനമായുള്ള ഇന്‍ഫര്‍മേഷന്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പിലെ മിലിട്ടറി അനലിസ്റ്റ് അലക്സാണ്ടര്‍ കോവലെങ്കോയും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത് ഈ പോക്ക് പോയാല്‍ അധികം താമസിയാതെ തന്നെ യുക്രെയ്‌ന് കീഴടങ്ങേണ്ടി വരുമെന്നതാണ് നിലവിലെ അവസ്ഥ. യുക്രെയ്‌ന്‍ വീഴുന്നതോടെ പശ്ചിമേഷ്യയില്‍ പുതിയ പോര്‍മുഖം തുറക്കപ്പെടാനാണ് സാധ്യത. അതിനായാണ് ഇറാനും കാത്തുനില്‍ക്കുന്നത്. ഇസ്രയേലിനോടുള്ള പ്രതികാരം ഉചിതമായ സമയത്ത് നടത്തുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

EXPRESS VIEW

Top