മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ

ഫോട്ടോ എടുത്തതിന് ശേഷം തങ്ങളുടെ വസ്ത്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഒപ്പ് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടത് ഓഫീസിൽ കൗതുകമായി

മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ
മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ

മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണണമെന്ന വലിയ ആഗ്രഹവുമായി കോഴിക്കോട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ തലസ്ഥാനത്തെത്തി. അൻഫ, ഫാത്തിമ, മെഹ്‌വിഷ് മർയം, ഫസിം മിറാസ്, ആമിന മെഹക്, ആദം, ഐദിൻ എന്നീ കുട്ടികളാണ് മുഖ്യമന്ത്രിയെ കാണണമെന്ന് വീട്ടുകാരോട് വാശിപിടിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. കുട്ടികളുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കാൻ മാതാപിതാക്കളായ മുഹമ്മദ്, ഫാജിഷ മുഹമ്മദ്, ഷംസീർ, അഫീറ ഷംസീർ, സുൾനാസ്, മജ്സിയ സുൽനാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയെ കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും, ആഗ്രഹം സഫലമായതിന്റെ വലിയ സന്തോഷത്തിലാണ് കുട്ടികളും മാതാപിതാക്കളും. പുലർച്ചെ രണ്ട് മണിയോടെ തിരുവനന്തപുരത്ത് എത്തിയ ഇവർ, ഉച്ചയോടെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചേർന്നു. എത്തിയ കുട്ടികളെ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്നേഹത്തോടെ ചേർത്തുനിർത്തുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

ഫോട്ടോ എടുത്തതിന് ശേഷം തങ്ങളുടെ വസ്ത്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഒപ്പ് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടത് ഓഫീസിൽ കൗതുകമായി. കുട്ടികളുടെ വസ്ത്രത്തിൽ ഒപ്പിട്ടുകൊണ്ട്, “നല്ല അടിപൊളി ഡ്രസ്സാണല്ലോ” എന്ന് മുഖ്യമന്ത്രി തമാശരൂപേണ കമന്റ് ചെയ്തത് എല്ലാവരിലും ചിരി പടർത്തി. മുഖ്യമന്ത്രിയുടെ ഒപ്പുള്ള ഈ വസ്ത്രങ്ങൾ കഴുകാൻ പോലും സമ്മതിക്കില്ലെന്നും, എക്കാലവും അമൂല്യമായി സൂക്ഷിക്കുമെന്നുമാണ് ആവേശത്തോടെ കുട്ടികൾ പറയുന്നത്.

Share Email
Top