മസ്കത്ത്: വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുൻനിരയിലേക്ക് കുതിക്കാനൊരുങ്ങി തെക്കൻ ബാത്തിന ഗവർണറേറ്റിലെ വകാൻ ഗ്രാമം. ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന കേബിൾ കാർ പ്രൊജക്ടും പുതിയ റോഡ് പദ്ധതികളും ഗവർണർ എൻജിനീയർ മസൂദ് ബിൻ സഈദ് അൽ ഹാഷിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. നഖൽ വിലായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ നിർദിഷ്ട അടിസ്ഥാന സൗകര്യ പദ്ധതികളുടെ രൂപരേഖയും നിർവഹണവും സംബന്ധിച്ചും ചർച്ച നടന്നു.
ആധുനിക അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃക സംരക്ഷണവുമായി സംയോജിപ്പിച്ച് വകാൻ വില്ലേജിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള വിവിധ സർക്കാറുകളുടെയും പ്രാദേശിക സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയാണ് ഈ നീക്കങ്ങൾ തെളിയിക്കുന്നതെന്ന് ഗവർണർ പറഞ്ഞു.
Also Read: ലബനനിലേക്ക് സഹായം തുടർന്ന് സൗദി അറേബ്യ
പുതിയ റൂട്ടിന്റെ ലേഔട്ടും സവിശേഷതകളും ഉൾപ്പെടെ വിശദമായ പദ്ധതികൾ റോഡ് നിർമാണത്തിന്റെ ഉത്തരവാദിത്തമുള്ള കമ്പനി അവതരിപ്പിച്ചു. വകാനിലെ പ്രകൃതിദൃശ്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ സവിശേഷവും സൗകര്യപ്രദവുമായ മാർഗം വാഗ്ദാനം ചെയ്യുന്ന കേബിൾ കാർ പദ്ധതിയെ കുറിച്ചും വിശദീകരിച്ചു. ഈ രണ്ട് സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ കണക്ടിവിറ്റിയും സന്ദർശക അനുഭവം മെച്ചപ്പെടുത്താനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
തെക്കൻ ബാത്തിന ഗവർണറേറ്റ്, ഭവന, നഗരാസൂത്രണ മന്ത്രാലയം, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം, പൈതൃക, ടൂറിസം മന്ത്രാലയം, നഖൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, പദ്ധതി നടപ്പാക്കുന്ന കമ്പനി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.