ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കണം; ബിജെപി എം.എല്‍.എമാര്‍

ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കണം; ബിജെപി എം.എല്‍.എമാര്‍

ഡല്‍ഹി: ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി എം.എല്‍.എമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. എം.എല്‍.എമാരായ അജയ് മഹവര്‍, മോഹന്‍ സിംഗ് ബിഷ്ട്,സംസ്ഥാന സെക്രട്ടറി കിഷന്‍ ശര്‍മ, അഭിഭാഷകന്‍ നീരജ് ഗുപ്ത എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധികളാണ് നിവേദനം നല്‍കിയിരിക്കുന്നത്. ബുര്‍ഖ ധരിച്ച വോട്ടര്‍മാരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ എല്ലാ പോളിംഗ് ബൂത്തിലും മതിയായ വനിതാ പോളിംഗ് ഓഫീസര്‍മാരെയും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്‍ പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് മാധവി ലതക്കെതിരെ പൊലീസ് കേസെടുത്തിരുനു. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തതിനു പിന്നാലെ മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തതെന്ന് ഹൈദരാബാദ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അസംപൂരില്‍ വോട്ട് ചെയ്യാന്‍ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാര്‍ഡുകള്‍ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയര്‍ത്താനും ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരെയും പോളിങ് ഉദ്യോഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.

35 കാരിയായ മാധവിക്ക് എതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. നേരത്തെ, രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്ത സംഭവത്തില്‍ മാധവി ലതയ്‌ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഹൈദരാബാദ് സ്വദേശി നല്‍കിയ പരാതിയിലായിരുന്നു കേസ്.

Top