ഡല്‍ഹി: ബിഹാറില്‍ 4.7 കോടി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് മാറ്റാന്‍ ആസൂത്രിതമായി നടക്കുന്ന ശ്രമത്തിനെതിരേ ദേശീയതലത്തില്‍ ജനകീയപ്രക്ഷോഭം നടത്താനൊരുങ്ങി ആര്‍ജെഡി. വെള്ളിയാഴ്ച പട്നയില്‍ ചേര്‍ന്ന ആര്‍ജെഡി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമ്മര്‍ദം ചെലുത്താനുള്ള പ്രക്ഷോഭം ദേശീയതലത്തില്‍ ഏറ്റെടുക്കാന്‍ യോഗം ഇന്ത്യമുന്നണി കക്ഷികളോട് അഭ്യർത്ഥിച്ചു. അത്യാവശ്യമല്ലാത്ത രേഖകള്‍ ആവശ്യപ്പെട്ടാണ് യഥാർത്ഥ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.
മറ്റുസംസ്ഥാനങ്ങളില്‍ ജോലിക്കായി പോയവര്‍ക്കും ബിഹാറിലുള്ള പാവപ്പെട്ടവര്‍ക്കും ഈ നീക്കം മൂലം വോട്ടില്ലാതാവും. ഇതിനെതിരേ കടുത്ത ജനകീയസമ്മര്‍ദം ആവശ്യമാണെന്ന് ആര്‍ജെഡി ദേശീയ എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. യോഗത്തില്‍ ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് മംഗലിലാല്‍ മണ്ഡല്‍ അധ്യക്ഷതവഹിച്ചു.