വോള്‍വോയുടെ ഏറ്റവും സേഫ് ഇലക്ട്രിക്ക് കാര്‍ EX90 വരുന്നു

വോള്‍വോയുടെ ഏറ്റവും സേഫ് ഇലക്ട്രിക്ക് കാര്‍ EX90 വരുന്നു

ലക്ട്രിക്കിലേക്കുള്ള പൂര്‍ണമായ മാറ്റം പ്രഖ്യാപിച്ചിട്ടുള്ള കമ്പനിയാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ, XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നീ മോഡലുകള്‍ വോള്‍വോ ഇതിനകം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വോള്‍വോയുടെ വാഹനനിരയിലേക്ക് ഒരു ഫുള്‍ സൈസ് ഇലക്ട്രിക് എസ്.യു.വി. എത്തുകയാണ്. വോള്‍വോ ഇ.എക്‌സ്.90 എന്ന പേരിലാണ് ഈ വലിയ ഇലക്ട്രിക് എസ്.യു.വി. നിര്‍മിക്കുന്നത്. വോള്‍വോയുടെ യു.എസ്. സൗത്ത് കരോളിനയിലെ ചാള്‍സ്റ്റണ്‍ പ്ലാന്റിലാണ് ഈ ഇലക്ട്രിക് എസ്.യു.വിയുടെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ആദ്യ വാഹനം നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറക്കിയതിന്റെ ചിത്രങ്ങളും വോള്‍വോ പങ്കുവെച്ചിരുന്നു. ഡെനിം ബ്ലൂ നിറത്തിലാണ് ആദ്യ ഇ.എക്‌സ്.90 ഒരുങ്ങിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കുന്നത്. അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ഈ വാഹനം ആദ്യം ലഭിക്കുക.

ഇ.എക്‌സ്.90 കാറുകളുടെ നിര്‍മാണം വോള്‍വോ കാറുകള്‍ക്കും സുരക്ഷ, സുസ്ഥിരത, മനുഷ്യ കേന്ദ്രീകൃതമായ സാങ്കേതികവിദ്യ എന്നിവയുടെയും പുതുയുഗ പിറവിയാണെന്നാണ് വാഹനം പുറത്തിറക്കിക്കൊണ്ട് കമ്പനിയുടെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ജിം റോവന്‍ പറഞ്ഞത്. ഈ വാഹനം അമേരിക്കയില്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് അഭിമാനമായാണ് കാണുന്നത്. യു.എസ്. വിപണിയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് വോള്‍വോ ഇതുവഴി തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 നവംബറിലാണ് വോള്‍വോ ഇ.എക്സ്.90 ആദ്യമായി പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഉടനെ തന്നെ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നാണ് വോള്‍വോ അറിയിച്ചിരുന്നതെങ്കിലും ഇത് നീണ്ടുപോകുകയായിരുന്നു. 111 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് കമ്പനി അറിയിച്ചത്. ഒറ്റത്തവണ ചാര്‍ജില്‍ 600 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്.സി.90 എസ്.യു.വിക്കൊപ്പം ഇനി ഈ വാഹനവും വില്‍പ്പനയ്ക്ക് എത്തും.

എക്‌സ്.ഇ.90 എസ്.യു.വിയുടെ ഉയര്‍ന്ന മോഡലില്‍ രണ്ട് ഇലക്ട്രിക് മോട്ടോറായിരിക്കും കരുത്തേകുന്നത്. ഇത് 509 ബി.എച്ച്.പി. പവറും 910 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 4.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. ഈ വാഹനത്തിന്റെ അടിസ്ഥാന മോഡല്‍ 402 ബി.എച്ച്.പി. പവറും 770 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.7 സെക്കന്റാണ് ഈ മോഡലിന് വേണ്ടത്.

Top