‘ഊരാളുങ്കലിന്റെയും കേരള ബാങ്കിന്റെയും വിജയഗാഥകള്‍ ഏഷ്യയിലെ സഹകരണ മേഖലയിലെ വിജയകരമായ മാതൃകള്‍’; വി എന്‍ വാസവന്‍

‘ഊരാളുങ്കലിന്റെയും കേരള ബാങ്കിന്റെയും വിജയഗാഥകള്‍ ഏഷ്യയിലെ സഹകരണ മേഖലയിലെ വിജയകരമായ മാതൃകള്‍’; വി എന്‍ വാസവന്‍

അമാന്‍: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കേരള ബാങ്കിന്റെയും വിജയഗാഥകള്‍ ഏഷ്യയിലെ സഹകരണ മേഖലയിലെ വിജയകരമായ മാതൃകകളാണെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍. ജോര്‍ദാനില്‍ നടക്കുന്ന പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിനോദസഞ്ചാരം, മാലിന്യ സംസ്‌കരണം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഭക്ഷ്യ സംസ്‌കരണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, കരകൗശല, അലങ്കാര വസ്തുക്കളുടെ ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ ജോര്‍ദാനില്‍ ധാരാളം സഹകരണ സ്ഥാപനങ്ങളുണ്ട്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജോര്‍ദാനില്‍ സഹകരണസംഘങ്ങള്‍ രൂപപ്പെട്ടിരുന്നു. സഹകരണ സംഘങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വിപുലമായ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് ഐസിഎ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍ക്കാരുമായി സഹകരിച്ച് സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ദന്‍ ഡോ. ടി പി സേതുമാധവന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കുന്നു, അങ്ങനെ പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ സമ്പദ്വ്യവസ്ഥ വര്‍ദ്ധിപ്പിക്കുകയും ഉപജീവനമാര്‍ഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം, സഹകരണ പ്രതിരോധശേഷി, സുസ്ഥിര വികസനം എന്നിവയാണ് മന്ത്രിതല ഉച്ചകോടിയിലെ വിഷയങ്ങള്‍. രാജ്യത്തെ സഹകരണ സ്ഥാപനങ്ങളിലൂടെ സാമൂഹിക സാമ്പത്തിക വികസനത്തിന് വഴിത്തിരിവ് നല്‍കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. സഹകരണ സംഘങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി 2025 ആഘോഷിക്കാനാണ് യുഎന്‍ പൊതുസഭയുടെ തീരുമാനം.

Top