ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടുമായി, വി എം സുധീരന്‍

ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടുമായി, വി എം സുധീരന്‍

കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 29 ബാറുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നും ഇന്ന് അത് ആയിരത്തിലേറെയാക്കി പിണാറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചുവെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാരും ബാര്‍ ഉടമകളുമായി ചര്‍ച്ച നടന്നിരിക്കുന്നു. ബാര്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ ധാരണയുണ്ടെന്നും പുറത്ത് വന്ന സംഭാഷണം അതിന് തെളിവാണെന്നും സുധീരന്‍ പ്രതികരിച്ചു. വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ അടിമുടി മാറ്റം വരുത്തണമെന്നും ഒരു കാരണവശാലും ഐടി പാര്‍ക്കുകളില്‍ മദ്യത്തിന് അനുമതി നല്‍കാന്‍ പാടില്ലെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തു വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനിമോന്‍ വാട്ട്‌സാപ്പിലൂടെ നല്‍കിയ ശബ്ദ സന്ദേശം നേരത്തെ പുറത്തായിരുന്നു.

ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോന്‍ ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാര്‍ ഉടമകള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വന്നത്. ‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും, അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം’ എന്നായിരുന്നു ശബ്ദസന്ദേശത്തില്‍ ഉണ്ടായിരുന്നത്. ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ആരോടും പണം പിരിക്കാന്‍ പറഞ്ഞിട്ടില്ലെന്ന പ്രതികരണവുമായി ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍ രംഗത്തെത്തി.

Top