‘വിശ്വപൗരനേയും ചാനൽ മുതലാളിയെയും’ പൊളിച്ചടുക്കി വി.കെ പ്രശാന്ത്, കോടീശ്വര സ്ഥാനാർത്ഥികളെന്ന് . . .

‘വിശ്വപൗരനേയും ചാനൽ മുതലാളിയെയും’ പൊളിച്ചടുക്കി വി.കെ പ്രശാന്ത്, കോടീശ്വര സ്ഥാനാർത്ഥികളെന്ന് . . .

തിരുവനന്തപുരത്ത് മത്സരിക്കുന്ന യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനാണെന്നും അദ്ദേഹത്തിന്റെ വിജയം ഉറപ്പാണെന്നും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത്. ശശിതരൂരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രശാന്ത് നടത്തിയത്. ഹൈമാസ് ലൈറ്റ് വെക്കാന്‍ വിശ്വപൗരന്റെ ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നുവെന്നാണ് ശശിതരൂര്‍ പറയുന്നത്, എന്നാല്‍ അതിന് വേണ്ടി തരൂര്‍ ഒന്നും ചെയ്തിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.രാജീവ് ചന്ദ്രശേഖര്‍ ശക്തനാണെന്ന് ബിജെപിക്കാര്‍ പോലും കരുതുന്നില്ലെന്നും പ്രശാന്ത് പ്രതികരിച്ചു.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക

തിരുവനന്തപുരം മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ സാധ്യത എത്രത്തോളമാണ് ?

വരുന്ന ലോക്സഭാ ഇലക്ഷനില്‍ തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളും വലിയ പ്രാധാന്യമുള്ള മണ്ഡലങ്ങള്‍ തന്നെയാണ് കേരളത്തിന്റെ തലസ്ഥാനം എന്ന നിലയില്‍ തിരുവനന്തപുരത്തിന് അല്‍പ്പം കൂടി പ്രാധാന്യം വരുന്നു എന്നുള്ളതാണ്. എന്തായാലും ഇടത് പക്ഷം അതിന്റേതായിട്ടുള്ള നിലപാട് എടുത്തിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായിട്ട് യുഡിഎഫിന്റെ ജന പ്രതിനിധിയാണ് തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തെ കുറിച്ച് ആദ്യ സമയത്തുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ ഇല്ല കാരണം അദ്ദേഹം 15 വര്‍ഷമായിട്ട് ജയിച്ച് പോയിട്ട് പറഞ്ഞ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. രണ്ട് മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രെസന്‍സില്ല. മൂന്ന്, അദ്ദേഹം വലിയ വിശ്വ പൗരനാണെന്ന് സ്വയം പറയുമ്പോഴും അതിന്റേതായിട്ടുള്ള ഒരു ഗുണവും മണ്ഡലത്തില്‍ ഒരു സ്ഥലത്തും എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. ഇത് ജനം നന്നായി വിലയിരുത്തുന്നുണ്ട് അദ്ദേഹത്തിന് ആദ്യം ഉണ്ടായിരുന്ന കരിസ്മ ഇപ്പോഴില്ല അത് അദ്ദേഹവും വിലയിരുത്തിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അതുകൊണ്ടാണ് അദ്ദേഹം മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണെന്നു നാഴികയ്ക്ക് നാല്‍പത് വട്ടം പറയുകയും ഒരു ന്യൂനപക്ഷ കേന്ദ്രീകരണത്തിന് വേണ്ടിയുള്ള ശ്രമം നടത്തുകയും ചെയ്തത്. അതാണ് അദ്ദേഹത്തിന്റെ അവസാന രക്ഷ എന്നാണ് ഞാന്‍ കാണുന്നത്. എന്തായാലും എല്‍ഡിഎഫിനും നല്ല മേല്‍ക്കൈ വന്നിട്ടുണ്ട്. ഞാന്‍ ഈ പറഞ്ഞ ഘടകങ്ങള്‍ ജനം പരിശോധിച്ചിട്ടുണ്ട്. രണ്ട്, ഒരു സാധാരണക്കാരനായ കാന്‍ഡിഡേറ്റ് ആണ് എല്‍ഡിഎഫിന്റെ കാന്‍ഡിഡേറ്റ്. അദ്ദേഹം മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെങ്കിലും അദ്ദേഹത്തിന്റെയൊരു സിംപ്ലിസിറ്റിയും വളരെ പക്വമായിട്ടുള്ള പ്രതികരണങ്ങളാലുമൊക്കെ ജനം വിലയിരുത്തിയിട്ടുണ്ട്. ശ്രീ ശശി തരൂര്‍ തന്നെ ചോദിച്ചത് പന്ന്യന് എന്താണ് കാര്യം എന്ന്, ഞങ്ങള്‍ രണ്ട് കോടീശ്വരന്മാര്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ പന്ന്യന് കാര്യമില്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അപ്പോള്‍ അത് ജനം വിലയിരുത്തിയിട്ടുണ്ട് അതുകൊണ്ട് എല്‍ ഡി എഫിനൊരു മേല്‍ക്കൈ കിട്ടുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

ഈ മണ്ഡലത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത് ഏത് വിഷയമാണ് ?

പ്രധാനമായിട്ടും തിരുവനന്തപുരത്തിന്റെ വികസനം തന്നെയാണ്. ഇവിടെ ഒരു എം പി എന്ന നിലയില്‍ തരൂരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മറുഭാഗത്ത് ബി ജെ പി യുടെ സ്ഥാനാര്‍ഥി കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ട് കേന്ദ്രത്തിലെ ഐ ടി വകുപ്പ് മന്ത്രിയാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് അടക്കം സ്ഥാപിച്ചത് തിരുവനന്തപുരത്താണ്, നമ്മുടെ കഴക്കൂട്ടം ടെക്നോപാര്‍ക്കാണ്.അതിന്റെ ഫേസ് വണ്‍ ആയി, ഫേസ് ടൂ ആയി, ഇപ്പോള്‍ ടെക്നോ സിറ്റി വന്നു. ഇവിടങ്ങളിലൊന്നും ഐ ടി മന്ത്രിയായിരുന്ന അദ്ദേഹം വരുകയോ ഇടപെടുകയോ ഇവിടുത്തെ ഐ ടി വികസനത്തില്‍ തന്റെ വകുപ്പിന്റെ ഭാഗമായിട്ടൊരു സംഭാവന നല്‍കാനൊ സാധിച്ചിട്ടില്ല. ഇനി തിരുവനന്തപുരത്തുനിന്ന് ജയിച്ച് വീണ്ടും മന്ത്രിയാകുമ്പോള്‍ ഞാന്‍ ചെയ്യാം, കാര്യം നടത്താം എന്നാണ് അദ്ദേഹം പറയുന്നത്. ശശി തരൂരിനെ സംബന്ധിച്ചും അതാണ്. അദ്ദേഹം 15 വര്‍ഷം എം പി ആയിരുന്നപ്പോള്‍ 5 കൊല്ലം കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി ആയിരുന്നു. അപ്പോള്‍ മന്ത്രി സ്ഥാനങ്ങളിലൂടെ കടന്നുപോയ ആള്‍ക്കാരാണിവര്‍, അപ്പോള്‍ ഇവരെ സംബന്ധിച്ച് തിരുവനന്തപുരത്തിന് യാതൊന്നും ചെയ്തിട്ടില്ല.

സ്മാര്‍ട്ട് സിറ്റി അടക്കം വന്ന സമയത്ത് ഞാനായിരുന്നു തിരുവനന്തപുരത്തെ മേയര്‍, അന്ന് ഈ തരൂര്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാര്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കുകയോ അത്തരം കാര്യങ്ങളില്‍ ഒരു സംഭവനയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ബി ജെ പി യുടെയും യു ഡി എഫിന്റെയും സ്ഥാനാര്‍ഥികള്‍ പറയുകയാണ് ഞങ്ങളാണ് സ്മാര്‍ട് സിറ്റി കൊണ്ടുവന്നതെന്ന്. ഞാന്‍ ഒരു സ്ഥലത്തും ഇവരെ ആരെയും കണ്ടിട്ടില്ല. ഇവരുടെ ഒരു കോണ്‍ട്രിബ്യൂഷനും ഇല്ല അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. പക്ഷെ ഞങ്ങളാണ് ഇതിന്റെ പിന്നില്‍ എന്നുള്ള നിലയ്ക്ക് പറയുകയാണ്. അപ്പോള്‍ ഇത് ജനം മനസ്സിലാക്കും അതുകൊണ്ട് ഇവരുടെ വാഗ്ദാനങ്ങള്‍ ജലരേഖകളാണെന്ന് ജനങ്ങള്‍ക്ക് അറിയാം. തിരുവനന്തപുരത്തിന്റെ പ്രശ്നം ഇവിടുത്തെ റെയില്‍വേ വികസനം, ഇവിടുത്തെ പശ്ചാത്തല സൗകര്യ വികസനം ഒക്കെയാണ്.

ശശി തരൂരിന്റെ പ്രവര്‍ത്തനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

പരാജയമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല . കാരണം ഒരു ഹൈ മാസ് ലൈറ്റ് വെക്കാന്‍ വിശ്വ പൗരന്റെ ആവശ്യമില്ല ഇവിടുത്തെ ഒരു കൗണ്‍സിലറോ പഞ്ചായത്ത് മെമ്പറോ വിചാരിച്ചാല്‍ അത് വയ്ക്കാമല്ലോ. അപ്പോള്‍ ഇവിടെ അദ്ദേഹം എന്ത് സംഭാവനയാണ് അദ്ദേഹത്തിനുള്ളത്? ഇപ്പോള്‍ വിഴിഞ്ഞം തുറമുഖം അദ്ദേഹം കൊണ്ടുവന്നു എന്ന് ബുക്കില്‍ അടിച്ച് വെച്ചിരിക്കുകയാണ്. അതില്‍ എന്താ അദ്ദേഹത്തിന്റെ സംഭാവന. ഇത് പൂര്‍ണമായും, സംസ്ഥാന ഗവണ്‍മെന്റ് എണ്ണയിരം കോടി രൂപ ഖജനാവില്‍ നിന്നും കൊടുത്തിട്ടല്ലേ വിഴിഞ്ഞം പദ്ധതി നടക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ മാത്രമാണ് കേന്ദ്ര ഗവണ്മെന്റ് 600 കോടി രൂപ തന്നിട്ടുള്ളത്. അപ്പോള്‍ പൂര്‍ണമായും സംസ്ഥാന ഗവണ്മെന്റ് പണം മുടക്കി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഒരു പ്രൊജക്റ്റ് ആണ് വിഴിഞ്ഞം. അദ്ദേഹം വിമാനത്തില്‍ പോയപ്പോള്‍ അദാനിയുടെ മകനുമായി സംസാരിച്ചപ്പോഴാണ് വിഴിഞ്ഞം തുറമുഖം വന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അപ്പോള്‍ ഇത് ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകും. അപ്പോള്‍ വിശ്വ പൗരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം വെച്ചിട്ടോ അദ്ദേഹത്തിന്റെ ഭാഷാ വൈദഗ്ധ്യം വച്ചിട്ടോ ഒരു ഗുണവും തിരുവനന്തപുത്തിന് ഉണ്ടായിട്ടില്ല.

ബാഴ്‌സിലോണ കൊണ്ടുവരുമെന്ന് പറഞ്ഞു, ഹൈകോടതി ബെഞ്ച് ചെയ്യുമെന്ന് പറഞ്ഞു, അത് ചെയ്യും ഇത് ചെയ്യും എന്ന് പറഞ്ഞു ഇവിടെയൊന്നും ഇദ്ദേഹം ഇല്ലായിരുന്നല്ലോ. ഇവിടെ നടന്നിട്ടുള്ള പ്രളയ വിഷയങ്ങള്‍, കോവിഡ് വിഷയങ്ങള്‍ മറ്റ് പല വിഷയങ്ങള്‍ ഇവിടെയൊന്നും ഒരു എം പി യുടെ സാന്നിധ്യമില്ല. ഇപ്പോള്‍ ഞാന്‍ വട്ടിയൂര്‍ക്കാവിന്റെ എംഎല്‍എയാണ് ഇവിടെ നടക്കുന്ന നിരവധിയായിട്ടുള്ള ഉദ്ഘാടന പരിപാടികളില്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടല്ലോ, അദ്ദേഹം വരാറില്ലല്ലോ. അപ്പോള്‍ മാവേലി പോലും വര്‍ഷത്തില്‍ ഒരിക്കല്‍ വരും, അദ്ദേഹം അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാണ് മണ്ഡലത്തിലേക്ക് വരിക. അപ്പോള്‍ അങ്ങനെയൊരു എം പി യെ ആണോ നമ്മുക്ക് വേണ്ടതെന്ന് ജനം ചിന്തിക്കണം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരാളെ ജയിപ്പിക്കുക എന്നുള്ള നിലയിലേക്ക് കാര്യങ്ങള്‍ വരണമെന്നുള്ളതാണ് ഞങ്ങള്‍ക്ക് ജനങ്ങളോട് അഭ്യര്‍ത്തിക്കാനുള്ളത്, ഞങ്ങള്‍ ജനങ്ങളുടെ മുന്‍പാകെ ഇത് പറഞ്ഞിട്ടുണ്ട്, സ്വഭാവികമായിട്ടും അവര്‍ വിലയിരുത്തട്ടെ.

വിജയം ഉറപ്പാണെന്നാണ് ബി.ജെ.പി പറയുന്നത്, എന്താണ് അതിനുള്ള മറുപടി ?

രാജീവ് ചന്ദ്രശേഖരന്‍ ശക്തനാണെന്ന് ബിജെപിയ്ക്ക് അഭിപ്രായമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവരുടെ പ്രമുഖരായിട്ടുള്ള പല മത്സരാര്‍ത്ഥികളെയും തഴഞ്ഞിട്ടാണ് രാജീവ് ചന്ദ്രശേഖരനെ കെട്ടിയിറക്കുന്നത്, ഫലത്തില്‍ ഒരു പെയ്മെന്റ് സീറ്റാണ് അത്. അപ്പോള്‍ ആ പെയ്‌മെന്റ് അദ്ദേഹം മുടക്കിയത് മുതലാക്കി വിടുക എന്നുള്ളത് മാത്രമേ ബിജെപിയ്ക്ക് ഉള്ളെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ കീഴേ തട്ടില്‍ ബിജെപിയുടേതായിട്ടുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ നടക്കുന്നതായിട്ട് കാണുന്നില്ല. അവരുടെ പ്രവര്‍ത്തനവും ആ നിലയിലാണ്. വലിയ കോടികള്‍ മുടക്കിയിട്ടുള്ള പ്രചരണങ്ങള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ മറ്റ് കാര്യങ്ങളൊക്കെ വരുന്നുണ്ട് അത് ശരി തന്നെയാണ്. അദ്ദേഹത്തിന്റെ കാശിന്റെ ബലത്തില്‍ വരുന്നു എന്നുള്ളത് മാത്രം ഉള്ളു. അടിത്തട്ടില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്നത് തന്നെയാണ് നമ്മുടെ വിലയിരുത്തല്‍. അതുകൊണ്ട് രാജീവ് ചന്ദ്രശേഖരന്‍ ഇവിടെയൊരു നിര്‍ണായക ശക്തിയാണെന്ന്. ഞങ്ങള്‍ ആരും കാണുന്നില്ല. മത്സരം എല്‍ ഡി എഫും യൂ ഡി എഫും തമ്മിലാണ്. സ്വഭാവികമായിട്ടും ഒരു മേല്‍ക്കൈയിലേക്ക് നമ്മള്‍ വന്നിട്ടുണ്ട്. സിറ്റിംഗ് എം പി യുടെ പ്രശ്നം ഞാന്‍ നേരത്തെ സൂചിപ്പിച്ചു. അപ്പോള്‍ ഇത് ജനം വിലയിരുത്തുമ്പോള്‍ സ്വഭാവികമായിട്ടും സാധാരണക്കാരനായിട്ടുള്ള ഒരാളുടെ ഒപ്പം ജനം നില്‍ക്കും എന്നുള്ളതാണ് നമ്മള്‍ കാണുന്നത്. അതുകൊണ്ട് രാജീവ് ചന്ദ്രശേഖരന്‍ ശക്തനായിട്ടുള്ള സ്ഥാനാര്‍ഥിയായിട്ട് ഞങ്ങള്‍ കാണുന്നില്ല.

തലസ്ഥാനത്ത് വോട്ടിന് പണം നല്‍കുന്ന സംഭവം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

തരൂരിന്റെ പ്രസ്താവന തന്നെ അങ്ങനെ ആയിരുന്നല്ലോ. ഞങ്ങള്‍ രണ്ട് കോടീശ്വരന്മാര് തമ്മില്‍ മത്സരിക്കുമ്പോള്‍ പന്ന്യന് എന്താണ് കാര്യം എന്നുള്ള ചോദ്യത്തിന്റെ അര്‍ത്ഥം തന്നെ അതല്ലേ. അപ്പോള്‍ അവരുടെ കോടി അവരുടെ കയ്യില്‍ ഇരിക്കുകയെയുള്ളു. ഞങ്ങള്‍ ജനങ്ങളോട് പറയുന്നത് അങ്ങനെ പണം തന്ന് സ്വാധീനിക്കാന്‍ പറ്റുന്ന ആള്‍ക്കാരല്ല തിരുവനന്തപുരത്തെ വോട്ടര്‍മാരെന്ന് പറയുന്നത്. അതുകൊണ്ട് അതിലൊന്നും ഞങ്ങള്‍ക്ക് വിശ്വാസമില്ല. അവരുടെ കയ്യില്‍ കോടി ഉണ്ടെങ്കില്‍ അവര്‍ക്ക് കൊള്ളാം, അതുകൊണ്ട് ജനങ്ങള്‍ക്ക് വലിയ കാര്യമൊന്നും ഇല്ല. അപ്പോള്‍ ജനങ്ങള്‍ നന്നായി വിലയിരുത്തും അതുകൊണ്ട് കോടികള്‍ വെച്ചിട്ട് ജനവിധി അട്ടിമറിക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഇപ്പോള്‍ ബി ജെ പിയുടെ കൈയ്യില്‍ ധാരാളം കാശുണ്ട്, അവര്‍ ഇലക്ട്രല്‍ ബോണ്ട് വഴി വലിയ വിഹിതം വാങ്ങിച്ചിട്ടുണ്ട്, അതൊക്കെ തിരഞ്ഞെടുപ്പില്‍ വരുമെന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. കോണ്‍ഗ്രസ്സും അതില്‍ പങ്ക് പറ്റിയിട്ടുണ്ട്. അപ്പോള്‍ ഇത് ജനങ്ങളുടെ മുന്‍പില്‍ ഏശില്ല. ഞങ്ങള്‍ ഈ പൊളിറ്റിക്സ് നന്നായി പറയുന്നുണ്ട്, അവര്‍ക്ക് കിട്ടിയ കോടി എവിടുന്നാണ് അതുണ്ടാക്കാന്‍ അവര്‍ എന്തെല്ലാം കാര്യങ്ങള്‍ ഭരണം ഉപയോഗിച്ചുകൊണ്ട് ചെയ്തു. ഇത് ജനങ്ങളുമായിട്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് ജനങ്ങള്‍ അതിന് അനുസരിച്ച് വിലയിരുത്തും എന്നുള്ളത് മാത്രമേയുള്ളു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാന്‍ തിരുവനന്തപുരത്ത് കഴിയില്ല എന്നുള്ളത് ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.

ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?

അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് നമ്മള്‍ ദൂരെ കൂട്ടിയൊരു പ്രസ്താവനയിലേക്ക് പോകേണ്ട കാര്യമില്ല, ജനങ്ങള്‍ക്ക് ഇത് വിലയിരുത്താനുള്ള സമയമുണ്ട്. കാരണം ഇവര് രണ്ടും കോടീശ്വരന്മാരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ, രാജീവ് ചന്ദ്രശേഖരനാണെങ്കില്‍ വളരെ ചുരുങ്ങിയ തുക മാത്രമാണ് കണക്ക് കാണിച്ചിരിക്കുന്നത്, എന്നാല്‍ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് നമ്മള്‍ക്ക് എല്ലാവര്‍ക്കും അറിയാം. വളരെ ആസ്തിയുള്ള നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. അപ്പോള്‍ ഗവണ്മെന്റിനെ തന്നെ കബളിപ്പിക്കുകയാണ് അദ്ദേഹം അപ്പോള്‍ കണക്ക് കുറച്ച് കാണിക്കുക എന്ന് പറഞ്ഞാല്‍ എന്താ ടാക്സ് കൊടുക്കാത്ത നിരവധി ബിസിനസ് സംരംഭങ്ങള്‍ ഉണ്ട് എന്നതല്ലേ പുറം ലോകത്തിനു മനസ്സിലാകുന്ന ഒരു കാര്യം. അപ്പോള്‍ അത്തരം കാര്യങ്ങളില്‍ തീര്‍ച്ചയായിട്ടും ഗവണ്മെന്റും ഇ ഡി ഒക്കെ പരിശോധിക്കേണ്ടേ ഇവരുടെ വീട്ടിലൊക്കെ. ഇ ഡി യും മറ്റുമൊക്കെ കൃത്യമായി പരിശോധിക്കേണ്ടത് ഇവരുടെ ബിസിനസ് സാമ്രാജ്യം ആണ്. നിങ്ങള്‍ എന്തുകൊണ്ട് 56 കോടി മാത്രമേ നികുതി കൊടുക്കാനുള്ള കപ്പാസിറ്റിയെ രാജീവ് ചന്ദ്രശേഖരനുള്ളോ ഇത് ഗവണ്മെന്റ് പരിശോധിക്കണം അവരുടെ കയ്യിലിരിക്കുന്ന ഇ ഡി യെ പ്രതിപക്ഷക്കാരെ വേട്ടയാടാന്‍ വിട്ടിരിക്കുകയാണ്. ഇവരുടെയൊക്കെ സ്ഥലങ്ങളില്‍ ഒന്ന് പരിശോദിച്ച് കഴിഞ്ഞാല്‍ ഇതിനപ്പുറത്തേക്കുള്ള ആസ്തികള്‍ കണ്ടുപിടിക്കാന്‍ വേണ്ടി കഴിയും. അതുകൊണ്ട് ഞങ്ങള്‍ അതിനെ പേടിക്കുന്നില്ല, അവരുടെ പണകൊഴുപ്പിനെ നമ്മുടെ സംഘടനാ പ്രവര്‍ത്തനം കൊണ്ടും ജനങ്ങളെ അണി നിരത്തി നേരിടുക എന്നുള്ളതാണ് ഇടതുപക്ഷം എടുത്തിരിക്കുന്ന നിലപാട്.

പന്ന്യന്‍ രവീന്ദ്രനെ മറ്റു എതിര്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് എന്താണെന്നാണ് കരുതുന്നത് ?

2005 മുതല്‍ മൂന്നു വര്‍ഷക്കാലം,40 മാസക്കാലം അദ്ദേഹം എം പി ആയിരുന്നു അന്ന് പി കെ വാസുദേവന്‍ നായര്‍ മരണപെട്ട ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിച്ച് ജയിച്ചത്. ആ മൂന്ന് വര്‍ഷക്കാലം അദ്ദേഹം ഒരു എം പി ആണെന്നുള്ളത് തെളിയിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, എയര്‍പോര്‍ട്ടിലെ സെക്കന്റ് ടെര്‍മിനല്‍, ബ്രഹ്‌മോസിന്റെ സ്ഥാപനം, ഐസറിന്റെ സ്ഥാപനം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ വികസനം,ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ആ മൂന്ന് വര്‍ഷം കൊണ്ട് ഇവിടെയൊരു എം പി ഉണ്ടെന്ന് തെളിയിച്ചു. എന്നുമാത്രമല്ല ഇടതുപക്ഷത്തിന് ഏറ്റവും കരുതുള്ള സന്ദര്‍ഭമായിരുന്നു ആ കാലഘട്ടം. അന്ന് ഇടപെട്ടതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ നമ്മുക്ക് എല്ലാവര്‍ക്കും അറിയാം തൊഴിലുറപ്പ് പദ്ധതിയുടെ ഒരു നിയമ നിര്‍മാണം വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയിട്ടുള്ള നിരവധി കാര്യങ്ങളില്‍ ഇടതുപക്ഷത്തിന് പ്രസക്തി ഉണ്ടായിരുന്ന സമയത്ത് ശ്രീ പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ ലോക്സഭയില്‍ പോയി. അത്തരം ജനകീയ നിയമ നിര്‍മ്മാണങ്ങള്‍ക്ക് കോണ്‍ഗ്രസിനെ കൊണ്ട് നിയമനിര്‍മ്മാണത്തിന് ആവശ്യമായിട്ടുള്ള കാര്യങ്ങള്‍ നടത്തിക്കാന്‍ വേണ്ടിട്ട് കഴിഞ്ഞു. അപ്പോള്‍ അതുകൊണ്ട് പന്ന്യന്‍ രവീന്ദ്രനൊരു പ്രസക്തി അവിടെയാണ്. ഞാന്‍ നേരത്തെ പറഞ്ഞത് അതാണ്.

15 വര്‍ഷം വിശ്വ പൗരനെക്കൊണ്ട് കഴിയാത്ത കാര്യം 3 വര്‍ഷം കൊണ്ട് പന്ന്യന്‍ രവീന്ദ്രന് സാധിച്ചു. അദ്ദേഹം വലിയ പണ്ഡിതനാണെന്നുള്ള അവകാശവാദമൊന്നും അദ്ദേഹത്തിനില്ല. പക്ഷെ ജനങ്ങളുടെ പള്‍സ് അറിയാം. ജനങ്ങളുടെ വികാരം മനസ്സിലാക്കി അത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അതാണ് ഞാന്‍ പറഞ്ഞത് മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പന്ന്യന്‍ ആണ്. ജനം അത് വിലയിരുത്തും .ഞാന്‍ ഇപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ പോകുമ്പോള്‍ അദ്ദേഹത്തിനോട് ജനങ്ങള്‍ക്കുള്ള ഒരു മതിപ്പ് അതാണ്. ഈ പറയുന്ന രണ്ടുപേരും കോടീശ്വരന്‍മാരാണ്. ആ കോടീശ്വരന്മാര്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു സാധാരണ മനുഷ്യന്‍, ഞങ്ങളുടെ പ്രതിനിധി അദ്ദേഹമാണ് എന്നുള്ള ഒരു തിരിച്ചറിവിലേക്ക് ജനം വന്നിട്ടുണ്ട്. അത് വോട്ടായി മാറും എന്നുള്ളതാണ് ഞങ്ങള്‍ കാണുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top