വിഴിഞ്ഞം: മുക്കോല ജങ്ഷന് സമീപം യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നത് അതിക്രൂരമായ വിവരങ്ങൾ. കൊല്ലപ്പെട്ട സുമന്റെ (38) പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ശരീരത്തിനേറ്റ മാരകമായ പരിക്കുകളെക്കുറിച്ച് വ്യക്തമാക്കുന്നത്. കേസിലെ പ്രതികളായ അച്ചു എസ്. ബാബു, സഹോദരൻ അനന്തു എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
മർദ്ദനത്തിന്റെ ആഘാതത്തിൽ സുമന്റെ മൂന്ന് വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിലും ഹൃദയത്തിലും കുത്തിക്കയറിയ നിലയിലായിരുന്നു. തലയ്ക്കേറ്റ ശക്തമായ പ്രഹരത്തിൽ രക്തക്കുഴലുകൾ പൊട്ടി. വയറ്റിൽ ചവിട്ടേറ്റതിനെ തുടർന്ന് ആമാശയത്തിൽ രക്തസ്രാവമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി അച്ചുവിന്റെ ഷൂസിൽ സുമന്റെ രക്തക്കറ കണ്ടെത്തിയത് കൊലപാതകത്തിലെ നിർണ്ണായക തെളിവായി. സുമനെ ആശുപത്രിയിലെത്തിച്ച അഭിലാഷിന്റെ കാർ തട്ടിയാണോ മരണം സംഭവിച്ചതെന്ന സംശയം ഫൊറൻസിക് പരിശോധനയോടെ നീങ്ങി. കാറിൽ തട്ടിയതിന്റെ ലക്ഷണങ്ങളില്ലെന്ന് വിദഗ്ദ്ധർ സ്ഥിരീകരിച്ചു. റോഡിൽ വീണുകിടന്ന സുമനെ കണ്ട് കാർ നിർത്തി സഹായിക്കുകയായിരുന്നു അഭിലാഷ് ചെയ്തത്.
Also Read: നിതിൻ രാജിന്റെ മരണം! ലോൺ ആപ്പ് സംഘം വലയിൽ; മൂന്ന് പേർ നോയിഡയിൽ നിന്ന് പിടിയിൽ
ബുധനാഴ്ച രാത്രി ബാറിലുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അച്ചുവും സുമനും തമ്മിൽ മുൻപരിചയമില്ലായിരുന്നു. ബാറിലെ സംഘർഷവിവരമറിഞ്ഞെത്തിയ അനന്തുവും ചേർന്ന് സുമനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൂടുതൽ തെളിവെടുപ്പിനായി ഫൊറൻസിക് സംഘം ശേഖരിച്ച രക്തസാമ്പിളുകൾ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.






