വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷത്തെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. പദ്ധതിയെ പ്രതിസന്ധിയിലാക്കാനും സർക്കാരിനെ പ്രതിരോധത്തിലാക്കാനും ശ്രമിക്കരുതെന്ന് യോഗം മുഖപത്രമായ ‘യോഗനാദ’ത്തിലെ എഡിറ്റോറിയലിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിയിലെ ഓഹരിക്കൈമാറ്റത്തെ ഒരു ബിസിനസ് തർക്കമായി മാത്രം കണ്ടാൽ മതിയെന്നും, ഇതിനെ രാഷ്ട്രീയവൽക്കരിച്ച് പദ്ധതിയുടെ പ്രസക്തി നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ യു.ഡി.എഫ് സർക്കാരും പിണറായി വിജയൻ സർക്കാരും ഒരുപോലെ ക്രിയാത്മകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ഇരു സർക്കാരുകളും സ്വീകരിച്ച നിലപാടുകളുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. അതിനാൽ രാഷ്ട്രീയ ലാഭത്തിനായി പദ്ധതിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ മര്യാദയല്ലെന്നും, എന്നാൽ കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെ നടപടിയെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.
Also Read:ജി സുധാകരനെതിരെ നിയമനടപടിയുമായി സിപിഐഎം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്
വിഴിഞ്ഞം നിർജീവമാകുന്ന തരത്തിൽ വിവാദങ്ങൾ വളരാൻ പാടില്ലെന്ന സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ അഭിപ്രായം പക്വതയുള്ളതാണെന്ന് വെള്ളാപ്പള്ളി വിലയിരുത്തി. ബിസിനസ് തർക്കങ്ങളെ ബിസിനസ് ആയിത്തന്നെ കാണണമെന്നും, വിഴിഞ്ഞത്തെ രാഷ്ട്രീയ പോരിന്റെ വേദിയാക്കി പദ്ധതിയെ വെള്ളത്തിലാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.






