ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡായ വിവോ തങ്ങളുടെ ആധിപത്യം തുടരുന്നു. ഏറ്റവും പുതിയ വിപണി റിപ്പോർട്ടുകൾ പ്രകാരം, വിവോ രാജ്യത്തെ സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി. പ്രമുഖ എതിരാളികളായ സാംസങ്, ഷവോമി തുടങ്ങിയ ബ്രാൻഡുകളെയാണ് വിവോ പിന്നിലാക്കിയിരിക്കുന്നത്. 2025-ലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണി മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഈ വര്‍ഷത്തിന്‍റെ മൂന്നാം പാദത്തിൽ ഏകദേശം 48.4 ദശലക്ഷം യൂണിറ്റ് സ്‌മാർട്ട്‌ഫോണുകളുടെ വില്‍പനയാണ് രാജ്യത്ത് നടന്നത്. ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ ഏകദേശം 20 ശതമാനം വിഹിതമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ മൊത്തം സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ നേരിയ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രീമിയം സെഗ്‌മെന്റിൽ ആപ്പിളിന്റെ ഐഫോണുകൾ ശക്തമായ സാന്നിധ്യമായി നിലനിൽക്കുമ്പോഴും, ഇടത്തരം, കുറഞ്ഞ വില വിഭാഗങ്ങളിലെ വിവോയുടെ മേൽക്കൈയാണ് അവരെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായുള്ള പുതിയ ലോഞ്ചുകളും റീട്ടെയിലർമാരിൽ നിന്നുള്ള കിഴിവുകളുമാണ് ഇന്ത്യന്‍ സ്‌മാർട്ട്‌ഫോൺ വിപണിയിലെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 2025-ന്‍റെ മൂന്നാം പാദത്തിൽ വിവോ (ഐക്യു ഒഴികെ) ഏകദേശം 9.7 ദശലക്ഷം യൂണിറ്റ് ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. ദക്ഷിണ കൊറിയൻ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഏകദേശം 6.8 ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി രണ്ടാം സ്ഥാനത്താണ്. സാംസങ്ങിന്‍റെ വിപണി വിഹിതം ഏകദേശം 14 ശതമാനമാണ്. അതേസമയം, ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി മൂന്നാം സ്ഥാനത്തെത്തി. ഷവോമിയുടെ 6.5 ദശലക്ഷം സ്‌മാര്‍ട്ട്‌ഫോണുകളുടെ വില്‍പന മറ്റൊരു ചൈനീസ് സ്‌മാർട്ട്‌ഫോൺ കമ്പനിയായ ഓപ്പോയുടെ ഇന്ത്യയിലെ വ്യാപാരത്തിന് ഏതാണ്ട് സമാനമാണ്. വിവോയുടെ ടി സീരീസ്, വി60, വൈ സീരീസ് എന്നിവ 2025-ന്‍റെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതായി റിപ്പോർട്ട് പറയുന്നു.





