വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘തുടക്കം’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, 2018-ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ‘മുറിവുകൾ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 2 മണിക്കൂറും 19 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് യു/എ 16 പ്ലസ് (U/A 16+) സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
കൊച്ചിയിൽ നടന്ന ഒഫീഷ്യൽ ലോഞ്ചിൽ ഇതൊരു കൊച്ചു കുടുംബ ചിത്രമായിരിക്കുമെന്ന് സംവിധായകൻ വ്യക്തമാക്കിയെങ്കിലും, ആ പ്രതീക്ഷകൾക്കും അപ്പുറമുള്ള തിയറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നവംബർ 17-ന് കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന് ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.






