വിഷു പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ റെയിൽവേ അനുവദിച്ചു. ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി), ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്കുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ഏപ്രിൽ 10-ന് രാത്രി 11.55-ന് എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06115) പിറ്റേന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം നോർത്തിലെത്തും. മടക്കയാത്ര ഏപ്രിൽ 15-ന് ഉച്ചയ്ക്ക് 3.45-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ ചെന്നൈയിലെത്തും. സ്ലീപ്പർ, എസി ത്രി ടിയർ, ജനറൽ കോച്ചുകൾ ഈ ട്രെയിനിലുണ്ടാകും.
ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്കുള്ള പ്രത്യേക ട്രെയിൻ (06119) ഏപ്രിൽ 15-ന് ഉച്ചയ്ക്ക് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും. ഏപ്രിൽ 16-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് മടക്കയാത്ര (06120) ആരംഭിക്കും. ഈ ട്രെയിനിൽ 16 എസി ത്രി ടിയർ ഇക്കോണമി കോച്ചുകളാണുള്ളത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം ടൗൺ, കോട്ടയം വഴി പോകുന്ന ഈ സർവീസുകൾക്ക് തൃപ്പൂണിത്തുറ ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ പത്തിന് കൂടുതൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിനാണ് ഇപ്പോൾ ഭാഗികമായി പരിഹാരമായിരിക്കുന്നത്.
വിഷുവും വേനലവധിയും ഒത്തുചേരുന്നതോടെ നാട്ടിലേക്കുള്ള സ്ഥിരം തീവണ്ടികളിലെല്ലാം ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകൾ ഈ സാഹചര്യം മുതലെടുത്ത് വലിയ നിരക്ക് ഈടാക്കുന്നതിനിടെ റെയിൽവേയുടെ ഈ നീക്കം പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കൂടാതെ, ഏപ്രിൽ 9, 10 തീയതികളിൽ തിരുനെൽവേലി – ചെന്നൈ എഗ്മോർ റൂട്ടിലും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കപ്പെടുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.






