വിരാട് കോഹ്‌ലിയുടെ ‘തുറന്ന യുദ്ധങ്ങൾ’ കുംബ്ലെ മുതൽ ഗംഭീർ-അഗാർക്കർ വരെ; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര വടംവലികൾ

കോഹ്‌ലിയും മാനേജ്‌മെൻ്റും തമ്മിൽ രണ്ട് തട്ടിൽ നിന്നതിൻ്റെ ആദ്യ ഉദാഹരണം മുൻ പരിശീലകൻ അനിൽ കുംബ്ലെയുടെ കാലത്തായിരുന്നു

വിരാട് കോഹ്‌ലിയുടെ ‘തുറന്ന യുദ്ധങ്ങൾ’ കുംബ്ലെ മുതൽ ഗംഭീർ-അഗാർക്കർ വരെ; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര വടംവലികൾ
വിരാട് കോഹ്‌ലിയുടെ ‘തുറന്ന യുദ്ധങ്ങൾ’ കുംബ്ലെ മുതൽ ഗംഭീർ-അഗാർക്കർ വരെ; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര വടംവലികൾ

ന്ത്യൻ ക്രിക്കറ്റ് ഒരു സുവർണ്ണകാലത്തിലൂടെയാണോ കടന്നുപോകുന്നത്? അന്തരീക്ഷം നൽകുന്ന ഉത്തരം ‘അല്ല’ എന്നാണ്. പടുത്തുയർത്തിയ ടെസ്റ്റ് കോട്ട തകർന്നടിഞ്ഞതും, ടീമിൽ സ്ഥിരസ്ഥാനമുള്ളവർ ചുരുങ്ങുന്നതും ഇതിന് തെളിവാണ്. ഇതിനിടയിൽ, വിരാട് കോഹ്‌ലി – രോഹിത് ശർമ്മ ദ്വയത്തിൻ്റെ ഭാവിയെക്കുറിച്ച് മാനേജ്‌മെൻ്റ് വ്യക്തതയില്ലാതെ സംസാരിക്കുമ്പോൾ, കോഹ്‌ലിയും പുതിയ പരിശീലകരായ ഗംഭീർ-അഗാർക്കർ സഖ്യവും തമ്മിൽ ഒരു പുതിയ പോരാട്ടത്തിനുള്ള കളമൊരുങ്ങുകയാണ്.

ഗംഭീറിൻ്റെ കടമ്പയും കോഹ്‌ലിയുടെ മറുപടിയും

ഗൗതം ഗംഭീർ പരിശീലകനായി എത്തിയതുമുതൽ ടീമിലെ ശ്രദ്ധാകേന്ദ്രമാണ് വിരാട് കോഹ്‌ലി. കാരണം, ഐപിഎല്ലിൽ കയ്യാങ്കളി വരെ എത്തിയേക്കാവുന്ന തുറന്ന യുദ്ധങ്ങളാണ് മുൻപ് ഇരുവരും തമ്മിൽ സംഭവിച്ചത്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന കോഹ്‌ലിക്ക് മത്സരപരിചയം നിലനിർത്തുന്നതിനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ഗംഭീർ-അഗാർക്കർ സഖ്യം മുന്നോട്ടുവെക്കുന്ന ഉപാധി.

എന്നാൽ, ഇതിന് താൻ ഒരുക്കമല്ലെന്ന സൂചന റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിക്ക് ശേഷം കോഹ്‌ലി നൽകുകയുണ്ടായി. “പരമ്പരകൾക്ക് മുൻപ് തയ്യാറെടുപ്പുകളുടെ ആവശ്യം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. എൻ്റെ ഗെയിം മാനസികമാണ്. രണ്ട് മണിക്കൂർ തുടർച്ചയായുള്ള നെറ്റ് സെഷൻ മതിയാകും,” ഇതായിരുന്നു കോഹ്‌ലിയുടെ നിലപാട്. ഒന്നര പതിറ്റാണ്ടിലധികമായി ഏകദിനത്തിൽ സ്ഥിരതയുടെ പര്യായമാണ് കോഹ്‌ലി. ഈ സാഹചര്യത്തിൽ താൻ എന്തിന് ഇനിയും ആഭ്യന്തര ക്രിക്കറ്റിൽ ഇറങ്ങണമെന്ന ചോദ്യം കോഹ്‌ലി ഉന്നയിച്ചാലും അത് ന്യായീകരിക്കാവുന്നതാണ്.

Also Read: കോഹ്‌ലി സെഞ്ച്വറി അടിച്ചപ്പോൾ രോഹിത് പറഞ്ഞത് ‘ആ രഹസ്യം’; അർഷ്ദീപ് വെളിപ്പെടുത്തിയ വാക്കുകൾ ഞെട്ടിക്കും!

കോഹ്‌ലിയുടെ പഴയ യുദ്ധങ്ങൾ: കുംബ്ലെ മുതൽ ഗാംഗുലി വരെ

താരങ്ങളും മാനേജ്‌മെൻ്റും തമ്മിലുള്ള പോരിൽ പരിശീലകരുടെ വഴിക്ക് സഞ്ചരിച്ച ചരിത്രം ഇന്ത്യൻ ക്രിക്കറ്റിൽ കുറവാണ്. പുതിയ ചട്ടക്കൂടുകൾ സൃഷ്ടിക്കാൻ ശ്രമിച്ചവർക്ക് അധികനാൾ കസേരയിൽ ആയുസുണ്ടായിട്ടുമില്ല. കോഹ്‌ലിയും മാനേജ്‌മെൻ്റും തമ്മിൽ രണ്ട് തട്ടിൽ നിന്നതിൻ്റെ ആദ്യ ഉദാഹരണം മുൻ പരിശീലകൻ അനിൽ കുംബ്ലെയുടെ കാലത്തായിരുന്നു. കുംബ്ലെയുടെ കടുത്ത അച്ചടക്ക രീതികളായിരുന്നില്ല കോഹ്‌ലി ഇഷ്ടപ്പെട്ടത്. കുംബ്ലെയുടെ രീതികൾക്കെതിരെ പല താരങ്ങളും പരാതി ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ചാമ്പ്യൻസ് ട്രോഫിയോടെ കരാർ അവസാനിച്ച കുംബ്ലെ, കോഹ്‌ലിയുമായുള്ള അഭിപ്രായഭിന്നതകൾ കാരണം പടിയിറങ്ങി. കോഹ്‌ലിയാണ് തൻ്റെ ശൈലിക്കെതിരെ പരാതിപ്പെട്ടതെന്നും ഇനി അദ്ദേഹത്തോടൊപ്പം തുടരാനാകില്ലെന്നുമായിരുന്നു അന്ന് കുംബ്ലെയുടെ പ്രതികരണം.

കോഹ്‌ലിയുടെ കരിയറിൽ നേരിട്ട ഏറ്റവും വലിയ അനീതിയായി കണക്കാക്കുന്നത് ക്യാപ്റ്റൻസിയിൽ നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട സംഭവമാണ്. 2021 ടി20 ലോകകപ്പിന് ശേഷം ആ ഫോർമാറ്റിലെ നായകസ്ഥാനം ഒഴിഞ്ഞ കോഹ്‌ലിയെ ഒരു മാസത്തിന് ശേഷം ഏകദിന നായകസ്ഥാനത്തുനിന്നും ബിസിസിഐ നീക്കി. ഒരു പ്രത്യേക അറിയിപ്പുമില്ലാതെ, ടീം പ്രഖ്യാപനത്തിലെ ഒറ്റവരിയിൽ ഒതുക്കിയ ഈ നീക്കം കോഹ്‌ലിയെ അറിയിച്ചത് കേവലം ഒന്നര മണിക്കൂർ മുൻപ് മാത്രമായിരുന്നു. താൻ ടി20 നായകസ്ഥാനത്ത് തുടരണമെന്ന് കോഹ്‌ലിയോട് നിർബന്ധിച്ചുവെന്ന ഗാംഗുലിയുടെ വാദത്തെ കോഹ്‌ലി തള്ളിയതോടെ ഭിന്നത പരസ്യമായി. ഒടുവിൽ ടെസ്റ്റ് ക്യാപ്റ്റൻസിയും ഉപേക്ഷിച്ചതോടെ കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിലും തളർച്ച സംഭവിച്ചു. ഇപ്പോൾ 2027 ലോകകപ്പ് ലക്ഷ്യമിടുന്ന രോഹിത്-കോഹ്‌ലി ദ്വയത്തെ ബിസിസിഐ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Share Email
Top