ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം വിരാട് കോഹ്‌ലിയാണെന്ന് ആവർത്തിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും ക്യാപ്റ്റനുമായ രവി ശാസ്ത്രി. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ
കോഹ്‌ലി പുറത്തെടുത്ത തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് പിന്നാലെയാണ് രവി ശാസ്ത്രി താരത്തെ വാനോളം പുകഴ്ത്തിയത്.
പേസർമാരെ തുണച്ച പിച്ചിൽ ന്യൂസിലൻഡിനെ 185 റൺസിന് പുറത്താക്കിയ ശേഷം ചേസിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ പതറിയിരുന്നു. എന്നാൽ 51 പന്തിൽ 13 ഫോറുകളും ഒരു സിക്‌സറുമടക്കം 74 റൺസ് അടിച്ച് കൂട്ടിയ കോഹ്‌ലി, ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മറ്റെല്ലാ ബാറ്റർമാരും റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിലാണ് കോഹ്‌ലിയുടെ ഈ ക്ലാസിക് ഇന്നിങ്സ് പിറന്നത്. “അടുത്ത കാലത്ത് വിരാട് കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണിത്. ഇത്തരമൊരു പിച്ചിൽ പിഴവുകളില്ലാതെ ബാറ്റ് ചെയ്യുക എളുപ്പമല്ല. ചേസിങ്ങിലെ അദ്ദേഹത്തിന്റെ റൺസുകളും സെഞ്ചുറികളും മത്സരങ്ങൾ ജയിപ്പിക്കാനുള്ള ശേഷിയും നോക്കൂ, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വൈറ്റ് ബോൾ താരം കോഹ്‌ലി തന്നെയാണ്”- രവി ശാസ്ത്രി വ്യക്തമാക്കി.






