ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ പ്രായത്തെ വെല്ലുന്ന ഫീൽഡിംഗ് പ്രകടനവുമായി വിരാട് കോഹ്ലി. ഓക്ലൻഡ് ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെയാണ് കോഹ്ലി ആരാധകരെ കയ്യിലെടുത്തത്. വിക്കറ്റ് നേടിയ ശേഷമുള്ള കോഹ്ലിയുടെ പുതിയ ആഘോഷശൈലിയും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
അൻഷുൽ കമ്പോജ് എറിഞ്ഞ പന്തിൽ ന്യൂസിലൻഡ് താരം നഥാൻ സ്മിത്തിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് സെക്കൻഡ് സ്ലിപ്പിൽ നിന്ന് വലതുവശത്തേക്ക് പറന്ന് ഡൈവ് ചെയ്താണ് കോഹ്ലി അവിശ്വസനീയമായി കൈയിലൊതുക്കിയത്. വിക്കറ്റ് വീഴ്ചയ്ക്ക് ശേഷം വില്ലിൽ അമ്പ് തൊടുത്ത് തൊടുവിട്ട് വിടുന്ന പോലെയുള്ള പുതിയ ശൈലിയിലായിരുന്നു കോഹ്ലിയുടെ ആഘോഷം. മത്സരത്തിൽ ഇന്ത്യൻ പേസർമാർ തകർത്തെറിഞ്ഞപ്പോൾ ന്യൂസിലൻഡ് 40.2 ഓവറിൽ 185 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറും രണ്ട് വിക്കറ്റ് വീഴ്ത്തിയ അൻഷുൽ കമ്പോജുമാണ് കിവീസ് നിരയെ തകർത്തത്. 38 റൺസെടുത്ത ടിം സീഫെർട്ടാണ് അവരുടെ ടോപ് സ്കോറർ.






