പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. മതിയായ തെളിവുകളുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് കോടതി വ്യക്തമാക്കി. 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതിയുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.
2010 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഡോക്ടറോട് വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് 15 ദിവസത്തിന് ശേഷം 2011 ജനുവരിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Also Read:വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് മുസ്ലീം ലീഗ്; നിലപാട് ഹൈക്കമാൻഡിനെ അറിയിക്കും
പരാതി നൽകാൻ വൈകിയെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന പ്രതിയുടെ വാദം കോടതി തള്ളി. ഇത്തരം കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിന് കൃത്യമായ വിശദീകരണമുണ്ടെങ്കിൽ അത് കേസിനെ ബാധിക്കില്ലെന്ന് കോടതി വിലയിരുത്തി.
ലൈംഗികാതിക്രമം, ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതിയെ ശിക്ഷിച്ചത്. നേരത്തെ പാലക്കാട് അഡീഷനൽ സെഷൻസ് കോടതി വിധിച്ച ഏഴ് വർഷം തടവ്, ഹൈക്കോടതി അപ്പീലിൽ അഞ്ച് വർഷമായി കുറച്ചു നൽകുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ നീതി വൈകാതിരിക്കാൻ നിയമപരമായ നടപടികൾ ഊർജ്ജിതമായി തുടരണമെന്ന സന്ദേശമാണ് ഈ വിധി നൽകുന്നത്.






