കുട്ടികൾക്കെതിരായ അതിക്രമം സമൂഹത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നു; കീഴ്‌ക്കോടതികൾക്കെതിരെ സുപ്രീം കോടതി

തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഇത്തരം കേസുകളിൽ ഗൗരവകരമായ ആശങ്കയായി നിലനിൽക്കുന്നുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു

കുട്ടികൾക്കെതിരായ അതിക്രമം സമൂഹത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നു; കീഴ്‌ക്കോടതികൾക്കെതിരെ സുപ്രീം കോടതി
കുട്ടികൾക്കെതിരായ അതിക്രമം സമൂഹത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നു; കീഴ്‌ക്കോടതികൾക്കെതിരെ സുപ്രീം കോടതി

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഇത്തരം കേസുകളിൽ ഗൗരവകരമായ ആശങ്കയായി നിലനിൽക്കുന്നുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കീഴ്‌ക്കോടതികൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്.

ഉത്തർപ്രദേശിലെ ഷംലി സ്വദേശിയായ യുവാവിന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ആയുധം കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ആവർത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത പ്രതിയുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ പ്രതിയോട് കോടതി നിർദ്ദേശിച്ചു.

Also Read: തണുത്ത് വിറച്ച് ഉത്തരേന്ത്യ; ദൃശ്യപരത കുറയുന്നു; കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്!

കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ

പോക്‌സോ കേസുകളിൽ പ്രായപൂർത്തിയാകാത്ത ഇരയുടെ സുരക്ഷയ്ക്കും നീതിന്യായ പ്രക്രിയയുടെ സുതാര്യതയ്ക്കും വേണം കോടതികൾ മുൻഗണന നൽകാൻ.

ജാമ്യം അനുവദിക്കുന്നത് ജുഡീഷ്യൽ വിവേചനാധികാരമാണെങ്കിലും, വസ്തുതകളും തെളിവുകളും അവഗണിച്ച് അത് യാന്ത്രികമായി നൽകരുത്. കുറ്റപത്രം സമർപ്പിച്ചതും പ്രതി വിചാരണ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

ഹീനമായ ലൈംഗികാതിക്രമങ്ങൾ ഇരയുടെ ജീവിതം തകർക്കുക മാത്രമല്ല, സമൂഹത്തിന്റെ കൂട്ടായ മനസ്സാക്ഷിയെത്തന്നെ പിടിച്ചുലയ്ക്കുന്നതാണെന്നും കോടതി പറഞ്ഞു.

പോക്‌സോ നിയമം കുട്ടികളുടെ സംരക്ഷണത്തിനായുള്ള പ്രത്യേക നിയമമാണ്. അതുകൊണ്ട് തന്നെ ഇത്തരം കേസുകളിൽ കാലതാമസമില്ലാതെ വിചാരണ പൂർത്തിയാക്കി ഇരയ്ക്ക് നീതി ഉറപ്പാക്കണം. ജാമ്യം അനുവദിക്കാനുള്ള അധികാരം നീതി നടപ്പിലാക്കാനായിരിക്കണം ഉപയോഗിക്കേണ്ടതെന്നും അത് ഒരിക്കലും നിയമത്തിന്റെ ലംഘനത്തിന് കാരണമാകരുതെന്നും കോടതി ആവർത്തിച്ചു.

Share Email
Top