നസ്‌ലൻ ചിത്രം “മോളിവുഡ് ടൈംസ്” തിയേറ്ററുകളിൽ മിന്നും പ്രകടനവുമായി കുതിക്കുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത് വെറും രണ്ട് ദിവസം പിന്നിടുമ്പോൾ തന്നെ റെക്കോർഡ് കളക്ഷനിലേക്കാണ് നീങ്ങുന്നത്. ഏറ്റവും പുതിയ ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം രണ്ട് ദിവസം കൊണ്ട് 8.45 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരികൂട്ടിയത്. കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലും ഓവർസീസ് മാർക്കറ്റിലും ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും കുതിച്ചുയരുമെന്നാണ് തിയേറ്റർ ഉടമകളുടെയും അണിയറപ്രവർത്തകരുടെയും വിലയിരുത്തൽ.
സിനിമ വെറുമൊരു വിനോദോപാധി എന്നതിലുപരി, ഒരു സ്വപ്നമായും ജീവിതലക്ഷ്യമായും കാണുന്ന ഓരോരുത്തരുടെയും കഥയാണ് ചിത്രം പറയുന്നത്. മലയാള സിനിമയിൽ സ്വന്തമായി ഒരു വിലാസമുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ‘വിനീത് മാധവൻ’ എന്ന കഥാപാത്രത്തെയാണ് നസ്‌ലൻ അവതരിപ്പിച്ചിരിക്കുന്നത്. നസ്‌ലന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. സിനിമയോടുള്ള അടങ്ങാത്ത ഭ്രമവും കഠിനമായ യാഥാർത്ഥ്യങ്ങളും വെള്ളിത്തിരയ്ക്ക് പിന്നിലെ രാഷ്ട്രീയവുമെല്ലാം ചിത്രം റിയലിസ്റ്റിക്കായി, എന്നാൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ‘തീയേറ്ററിൽ പോയി കാണേണ്ട ഒരു കിടിലൻ സിനിമാ അനുഭവം’ എന്നാണ് പ്രേക്ഷക പ്രതികരണം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിൽ നസ്‌ലനൊപ്പം ഷറഫുദ്ദീൻ, സംഗീത് പ്രതാപ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാമു സുനിൽ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.






