ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിന് പിന്നാലെ സർക്കാർ രൂപീകരണ നീക്കങ്ങളുമായി ടിവികെ മേധാവി വിജയ് രംഗത്ത്. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിക്കുന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് ആവശ്യമായ 118 തികയ്ക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.
സ്ഥിരതയുള്ള ഒരു സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗബലമുണ്ടോ എന്ന് ചർച്ച ചെയ്യാനാണ് ഗവർണർ വിജയ്‌യെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയത്. കോൺഗ്രസിന്റെ അഞ്ച് സീറ്റുകൾ കൂടി ചേർത്താൽ ടിവികെ സഖ്യത്തിന് നിലവിൽ 113 സീറ്റുകളാണുള്ളത്. ഭൂരിപക്ഷത്തിന് അഞ്ച് സീറ്റുകളുടെ കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഭൂരിപക്ഷമില്ലാതെ തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച മുൻകാല മാതൃകകൾ ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിനുള്ള അപേക്ഷ പുനഃപരിശോധിക്കണമെന്ന് ടിവികെ ഗവർണറോട് ആവശ്യപ്പെട്ടു.
Also Read:സംസ്ഥാനങ്ങളിൽ ഭരണമാറ്റം; പി.എം. ശ്രീ പദ്ധതിക്കായി കേന്ദ്രം നീക്കം ശക്തമാക്കുന്നു
ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുമെന്ന് ടിവികെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഗവർണർ ഇതുവരെ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. ടിവികെയുടെ അംഗബലത്തിൽ ഗവർണർ അസംതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഗവർണർ അപേക്ഷ നിരസിക്കുകയാണെങ്കിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശം ഉന്നയിച്ച് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.
വിജയ്‌യെ പിന്തുണയ്ക്കുന്ന കാര്യത്തിൽ വിസികെ (വിടുതലൈ ചിരുതൈഗൽ കച്ചി) ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ സഖ്യകക്ഷികളെ കണ്ടെത്താനുള്ള ടിവികെയുടെ ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, വിജയ് സർക്കാർ രൂപീകരിക്കുന്നത് വരെ ആറു മാസത്തേക്ക് ടിവികെയെ ശല്യം ചെയ്യില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. തൂക്കുസഭയുടെ ലക്ഷണങ്ങൾ പ്രകടമാകുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ അടുത്ത ദിവസങ്ങൾ അതീവ നിർണ്ണായകമാകും.






