തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയുടെ ആദ്യ റിലീസായ ‘ജന നായകൻ’ ആഗോളതലത്തിൽ വമ്പൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നു. ലോകമെമ്പാടുമായി ചിത്രം ഇതുവരെ 306 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. തമിഴ്‌നാട്ടിൽ മാത്രം 100 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം കേരളത്തിൽ നിന്ന് 14 കോടിയിലധികം രൂപ വാരി. വിദേശത്ത് നിന്ന് ഇതുവരെ 93 കോടി നേടിയ ജന നായകന്, അവിടുത്തെ ബോക്സ് ഓഫീസിലും 100 കോടി തികയ്ക്കാൻ ഇനി വെറും 7 കോടി രൂപ കൂടി മതിയാകും.
തുടർച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്‌നാട്ടിൽ മാത്രം 100 കോടിയിലധികം നേടുന്നത്. റിലീസ് ദിനം മുതൽ പ്രവർത്തിദിനങ്ങളിൽ വരെ തിയറ്ററുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിജയ്‌യെ അവസാനമായി സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർ ഒഴുകിയെത്തുന്നതോടെ ഇന്ത്യയിൽ മാത്രം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ 5.8 മില്യൺ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. നിരവധിയായ പ്രതിസന്ധികൾ മറികടന്നാണ് ചിത്രം തിയറ്ററുകളിൽ വൻ തരംഗമാകുന്നത്.
Also Read: അഥർവ-ഫഹദ് ചിത്രം ‘ഇദയം മുരളി’ ഒടിടിയിലേക്ക്!
എച്ച്. വിനോദ് സംവിധാനം നിർവ്വഹിച്ച ‘ജന നായകൻ’ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മിച്ചത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.






