വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ, രാജ്യത്തെ ശരിക്കും ഞെട്ടിച്ചത് തമിഴ് സൂപ്പർ താരം ദളപതി വിജയ് യും അദ്ദേഹത്തിൻ്റെ പാർട്ടിയായ ടിവികെയുമാണ്. കേരളമായാലും പശ്ചിമ ബംഗാളായാലും പരമ്പരാഗത രാഷ്ടീയ പാർട്ടികളാണ് കളത്തിൽ ഏറ്റുമുട്ടിയിരിക്കുന്നത്. എന്നാൽ, ഉറ്റയ്ക്ക് നിന്നാണ് തമിഴകത്തെ ഭരണം വിജയ് യുടെ ടിവികെ എന്ന പാർട്ടി പിടിച്ചിരിക്കുന്നത്. 100 സീറ്റുകളിൽ കൂടുതൽ സീറ്റുകൾ നേടി ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിനെ പോലുള്ള ഒരു വലിയ സംസ്ഥാനത്തിൻ്റെ അധികാരം പിടിക്കുക എന്ന് പറഞ്ഞാൽ, ഇതെന്താ സ്വപ്നമാണോ? വിശ്വസിക്കാൻ പോലും പ്രയാസമാണ്.
പാർട്ടി രൂപീകരിച്ച് വെറും രണ്ട് വർഷം കൊണ്ടാണ് ഇത്തരം ഒരു അട്ടിമറി വിജയം വിജയ് നേടിയെടുത്തിരിക്കുന്നത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ടിവികെ ഇതിനകം തന്നെ 100ൽ കൂടുതൽ സീറ്റുകൾ ഉള്ളതിനാൽ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ ഏതാനും സീറ്റുകൾ ലഭിച്ചില്ലങ്കിൽ, ഡിഎംകെ മുന്നണിയിലെയും അണ്ണാ ഡിഎംകെ മുന്നണിയിലെയും ചെറിയ പാർട്ടികൾ പിന്തുണച്ചാൽ നിഷ്പ്രയാസം നേടാൻ ടിവികെയ്ക്ക് കഴിയും. ഇപ്പോൾ തന്നെ ചെറുപാർട്ടികൾ ടിവികെയെ പിന്തുണയ്ക്കാൻ തയ്യാറായി രംഗത്ത് വന്നു കഴിഞ്ഞതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് സിനിമാ മേഖലയിൽ നിന്നും എംജി ആറിനും ജയലളിതയ്ക്കും ശേഷം, ദളപതി വിജയ് മുഖ്യമന്ത്രി ആയി ഉടൻ ചുമതല ഏൽക്കുന്ന അത്ഭുത കാഴ്ചകൾക്കാണ് രാജ്യം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതൊരു വല്ലാത്ത കാഴ്ച തന്നെ ആയിരിക്കും.
ദ്രാവിഡ പാർട്ടികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുന്ന രാഷ്ടിയ സാഹചര്യമാണ് തമിഴകത്ത് ഇപ്പോഴുള്ളത്. തമിഴ്‌നാട്ടിൽ ഇനി വിജയ് യുഗമാണ്. 15 ഉം 25 ഉം പാർട്ടികളെ ഒപ്പംകൂട്ടി മത്സരിച്ചിട്ടും ദ്രാവിഡ പാർട്ടികൾക്ക് അടിതെറ്റി എങ്കിൽ, അത് അവിടുത്തെ ജനങ്ങൾ കൊടുത്ത ഒന്നാന്തരം അടി തന്നെയാണ്. 234 നിയമസഭ മണ്ഡലങ്ങൾ ഉള്ള തമിഴ്‌നാട്ടിൽ, വെറും 18 ഇടങ്ങളിൽ മാത്രമാണ് വിജയ് എന്ന സൂപ്പർ താരത്തിന് പ്രചരണം നടത്താൻ സാധിച്ചിരുന്നത്. അതു തന്നെ കർക്കശമായ ഉപാധികളോടെ ആയിരുന്നു എന്നതും നമ്മൾ ഓർക്കണം. മറ്റൊരു രാഷ്ടീയ പാർട്ടികൾക്കും നൽകാത്ത നിയന്ത്രണങ്ങൾ തമിഴ്‌നാട് ഭരണകൂടവും, തിരഞ്ഞെടുപ്പ് കമ്മീഷനും ദളപതിക്ക് ഏർപ്പെടുത്തിയതിനാലാണ് അദ്ദേഹത്തിന് വ്യാപക പ്രചരണം നടത്താൻ കഴിയാതിരുന്നത്.
18 ഇടങ്ങളിൽ മാത്രം പ്രചരണം നടത്തിയിട്ട് തന്നെ ഇതാണ് സ്ഥിതിയെങ്കിൽ, 234 മണ്ഡലങ്ങളിലും വിജയ് പ്രചരണം നടത്തിയിരുന്നു എങ്കിൽ 234 മണ്ഡലങ്ങളും അദ്ദേഹം തൂത്തുവാരുമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി സ്റ്റാലിനെയും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയും വീഴ്ത്തിയ വിജയ്, തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടമാണ് മാറ്റി മറിച്ചിരിക്കുന്നത്. കൂറ്റൻ ഭൂരിപക്ഷത്തിന് 2021-ൽ മത്സരിച്ച് വിജയിച്ച ഡിഎംകെ എംഎൽഎമാരും മന്ത്രിമാരും, ദളപതിയുടെ ഈ തേരോട്ടത്തിൽ കടപുഴകി വീണ കാഴ്ച കണ്ട് ജനങ്ങൾ തെരുവിലിറങ്ങിയാണ് ആഘോഷിക്കുന്നത്. പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ ആയിരിക്കണം എന്ന സന്ദേശം കൂടി വിജയ് ഇപ്പോൾ നൽകുന്നുണ്ട്. ഒരു വോട്ടിന് 2000 വും 5000 വും വരെ ദ്രാവിഡ പാർട്ടികൾ ഇത്തവണ നൽകിയിട്ടുണ്ട്. കോടികളാണ് ഇതിനായി അവർ ഒഴുക്കിയത്. എന്നാൽ, പണം വാങ്ങി പോക്കറ്റിലിട്ട ജനങ്ങൾ പോളിങ്ങ് ബൂത്തിൽ എത്തിയപ്പോൾ ടിവികെ ചിഹനമായ വിസിലിന് ആഞ്ഞ് കുത്തുകയാണ് ഉണ്ടായത്. അതായത്, പണം നൽകിയാലും രക്ഷയില്ല എന്നത് തമിഴ്‌നാട്ടിലെ വോട്ടർമാർ തന്നെ ദ്രാവിഡ പാർട്ടികളെ ബോധ്യപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അതിന് കാരണക്കാരനായി എന്നതിലും ദളപതിക്ക് ഇനി അഭിമാനിക്കാവുന്നതാണ്.
വിജയ് നായകനായ ജനനായകൻ സിനിമ താൽക്കാലികമായി മുടക്കാൻ അധികാര ദണ്ഡ് കൊണ്ട് ഭരണകൂടത്തിന് സാധിച്ചപ്പോൾ, തങ്ങളുടെ അധികാരം ഉപയോഗിച്ച് യഥാർത്ഥ ജനനായകനാക്കി ദളപതിയെ വാഴിക്കുകയാണ് ജനങ്ങൾ ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇതിനേക്കാൾ വലിയ ഒരു അടി ഡിഎംകെയ്ക്കും അണ്ണാഡിഎംകെ മുന്നണിക്കും ഇനി കിട്ടാനുണ്ടാകില്ല. വിജയ് യെ ഭരണകൂടം വേട്ടയാടിയതിനുള്ള പ്രതികരണം കൂടിയാണ് ഈ ജനവിധി. തമിഴ്നാട്ടിലെ യഥാർത്ഥ ഹീറോ കഴിഞ്ഞ കുറേ വർഷമായി ദളപതി വിജയ് ആണ്. അതല്ലാതെ, സ്റ്റാലിനും രജനീകാന്തും ഒന്നുമല്ല. വിജയ് എന്ന താരത്തിന് ജനങ്ങളുടെ ഇടയിലുള്ള സ്വാധീനത്തിൻ്റെ ആഴം അളക്കാതെയാണ് ഉപദ്രവിക്കാൻ ഡിഎംകെ സർക്കാർ മുന്നിട്ടിറങ്ങിയിരുന്നത്.
കരൂർ ദുരന്തം ഡിഎംകെ സൃഷ്ടിച്ചതാണ് എന്ന് ടി വി കെ നേതൃത്വം ആരോപിച്ചതും, ജനനായകൻ സിനിമ തടയപ്പെട്ട സംഭവവും, തിരഞെടുപ്പ് പ്രചരണത്തിന് ദളപതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും എല്ലാം വോട്ടർമാരെ വലിയ രൂപത്തിലാണ് ദളപതിയോട് അടുപ്പിച്ചിരുന്നത്. ഇതാണ് യഥാർത്ഥത്തിൽ ഭരണ വിരുദ്ധ വികാരമായി സുനാമിയായി ഇപ്പോൾ ആഞ്ഞടിക്കാനും പ്രധാന കാരണമായിരിക്കുന്നത്. നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, അധികാരത്തിൽ പങ്ക് തരാമെന്ന് വിജയ് വാഗ്ദാനം നൽകിയിട്ടു പോലും, ഒരു ചെറിയ പാർട്ടി പോലും ടിവികെയുമായി സഖ്യത്തിന് തയ്യാറായിരുന്നില്ല എന്നതാണ്. കോൺഗ്രസ്സിലെ ഒരു വിഭാഗം സഖ്യത്തിന് താല്പര്യം പ്രകടിപ്പിച്ചപ്പോൾ, സോണിയ ഗാന്ധിയെ ഇടപെടുവിച്ചാണ് ആ നീക്കം സ്റ്റാലിൻ തകർത്തിരുന്നത്.
‘ഉർവ്വശി ശാപം ഉപകാരമായി’ എന്ന് പറയുന്നതു പോലെ, അതിപ്പോൾ എന്തായാലും ടിവികെയ്ക്ക് ആണ് ഗുണമായിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ച് ഭരണം പിടിച്ച് വിജയ് നൽകിയ ഈ മാസ് മറുപടി, കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ മുഖത്തേറ്റ അടി കൂടിയാണ് എന്നതിൽ തർക്കമില്ല. വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ നിസാരമായി കണ്ടതാണ് ദ്രാവിഡ പാർട്ടികൾക്ക് പിഴച്ചത്. അവർക്ക് മാത്രമല്ല, തമിഴ്നാട്ടിലെ മാധ്യമ പ്രവർത്തകർക്കും രാഷ്ട്രിയ നിരീക്ഷകർക്കും കൂടി കണക്ക് കൂട്ടലുകൾ തെറ്റിയിട്ടുണ്ട്. ഇവരെല്ലാം ഒറ്റക്കെട്ടായാണ് ദളപതിയെ ആക്രമിച്ചിരുന്നത്. കുടുംബ വിഷയം പോലും പൊതു വേദികളിൽ ഇട്ട് അലക്കിയതും ടിവികെയുടെ രാഷ്ട്രീയ എതിരാളികളും മാധ്യമ പ്രവർത്തകരുമാണ്.
അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ച ആളൊന്നുമല്ല വിജയ്. നല്ല പ്ലാനിങ് നടത്തിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്നത്. 200 കോടി രൂപ ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്ന വിജയ്, ആ പണം ഇനി വേണ്ട എന്ന് തീരുമാനിച്ചപ്പോൾ തന്നെ അഴിമതി വിരുദ്ധ ഭരണം തമിഴ് ജനതയും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.
പോക്കിരി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനീതിക്ക് എതിരെ പ്രതികരിക്കുന്ന ഒരു നായകന്റെ ഇമേജിലേക്ക് വിജയ് മാറി തുടങ്ങിയത് വളരെ പെട്ടന്നാണ്. സിനിമയിലൂടെ ശക്തമായൊരു രാഷ്ട്രീയം പറയാനുളള ശ്രമങ്ങളും വിജയ് പുറകെ ആരംഭിച്ചിരുന്നു. അവസാനം ഇറങ്ങിയ മിക്ക വിജയ് സിനിമകളിലും ഒരു ഗ്രാമത്തിൻെറയോ സമൂഹത്തിൻെറയോ രക്ഷകനായി അദ്ദേഹം മാറുന്ന കാഴ്ചയാണുള്ളത്. തലൈവ എന്ന വിജയ് സിനിമയുടെ ‘Time to lead’ എന്ന ടാഗ് ലൈൻ അന്ന് വിജയ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യങ്ങൾക്കാണ് തുടക്കമിട്ടിരുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ചൊടിപ്പിച്ചതും ഈ ടാഗ് ലൈനാണ്. ഇതുമൂലം ഈ സിനിമ റിലീസ് ചെയ്യാൻ ഒരുപാട് തടസ്സങ്ങളാണ് ഉണ്ടായിരുന്നത്.
പിന്നീട് വന്ന വിജയ് ചിത്രം കത്തി, മെർസൽ, ബിഗിൽ, സർക്കാർ, സിനിമകളിലും രാഷ്ട്രീയം പറയുന്ന പതിവ് വിജയ് തുടർന്നിരുന്നു. മെർസലിൽ ജിഎസ്ഡിയെ കുറിച്ചുളള പരാമർശവും, അമ്പലങ്ങൾ അല്ല ആശുപത്രികളാണ് പണിയേണ്ടതെന്ന ഡയലോഗും വന്നതോടെ, ബിജെപിയും വിജയ് ക്കെതിരെ തിരിയുന്ന സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെ വിജയ് യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുക്കുന്ന സാഹചര്യം പോലും ഉണ്ടായി. എന്നാൽ അതുംകൊണ്ടും ബിജെപിയുടെ പക തീർന്നിരുന്നില്ല. വിജയ് യുടെ യഥാര്‍ത്ഥ പേരായ ജോസഫ് വിജയ് എന്നത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയത് ഒരു ബിജെപി ദേശീയ നേതാവായിരുന്നു. എന്നാൽ ഇതൊക്കെ തന്നെ ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ വിജയ് ക്ക് കൂടുതൽ ഉപകാരപ്പെടുകയാണ് ഉണ്ടായത്.
ജാതി- മത ശക്തികൾക്ക് ഏറെ വളക്കൂറുള്ള തമിഴ്നാട്ടിൽ,
അനവധി വർഷങ്ങളായി ഇവരെയൊക്കെ കൂട്ട് പിടിച്ചതു കൊണ്ടും പണം വാരി വിതറിയതുകൊണ്ടുമാണ് ഡിഎംകെയും എഐഎഡിഎംകെയും മാറി മാറി അധികാരം പിടിച്ചിരുന്നത്. എന്നാൽ, ഒരു പ്രത്യേക ജാതിയേയോ, മതത്തേയോ കൂട്ടുപിടിക്കാതെ ഈ പരമ്പരാഗത രീതിയോട് ഏറ്റുമുട്ടിയാണ് ടിവികെ തമിഴ്‌നാട് ഭരണം പിടിച്ചിരിക്കുന്നത്. ഇത് ദളപതിയുടെ മാത്രം നേട്ടമാണ്. ഒരുപക്ഷേ അദ്ദേഹത്തിന് മാത്രം സാധിക്കുന്ന നേട്ടം.
EXPRESS VIEW






