തെലങ്കാന സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മിന്നല്‍ വേഗത്തില്‍ എന്‍.ടി രാമറാവു ആന്ധ്ര ഭരണം പിടിച്ച മോഡലില്‍, തമിഴ്‌നാട്ടില്‍ ദളപതി വിജയ്യും ഭരണം പിടിക്കുമെന്ന അഭ്യൂഹം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ടി.വി.കെ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ പത്ത് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും തമിഴ്‌നാട്ടിലെ പരന്തൂരിലെ വിമാനതാവളത്തിന് എതിരായ പോരാട്ടം വിജയ് ഏറ്റെടുത്തതും, കര്‍ഷകരെ നേരിട്ട് സന്ദര്‍ശിച്ചതുമെല്ലാം, തമിഴ്‌നാട് സര്‍ക്കാരിനും ഡി.എം.കെ നേതൃത്വത്തിനും വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഈ രണ്ട് സംഭവങ്ങളിലൂടെ, ഡി.എം.കെയ്ക്ക് ഒത്ത എതിരാളിയായി ഇതിനകം തന്നെ, ദളപതിയുടെ ടി.വി.കെ മാറിക്കഴിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായ സ്‌പെയ്‌സിലേക്കാണ് ടി.വി.കെ ഇപ്പോള്‍ കടന്നു വന്നിരിക്കുന്നത്.
Also Read: യുക്രെയ്ൻ മണ്ണ് അമേരിക്കയ്ക്കുള്ളതല്ല, ട്രംപിന്റെ ഡീലിൽ നിന്ന് പിന്മാറി സെലൻസ്കി
കാഞ്ചീപുരം ജില്ലയിലുള്ള പരന്തൂര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍, കഴിഞ്ഞ ആയിരത്തിലധികം ദിവസമായി ഗ്രാമീണരായ കര്‍ഷകര്‍ വലിയ സമരത്തിലാണ്. തങ്ങള്‍ ജനിച്ചു വളര്‍ന്ന ഗ്രാമവും കൃഷിഭൂമിയും ജലാശയവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണവര്‍. ഒരു രാഷ്ട്രീയ നേതാവും ഇതുവരെ ആ സമരത്തെയും ആ ജനതയെയും തിരിഞ്ഞു നോക്കിയിരുന്നില്ല. ആ സമരഭൂമിയിലേക്ക് കടന്ന് വന്നാണ് വിജയ് പ്രതിഷേധത്തിന്റെ വിത്ത് പാകിയിരിക്കുന്നത്. ഇത് പരന്തൂരിലെ കര്‍ഷക സമരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതിനും കാരണമായിട്ടുണ്ട്. സമരം തുടങ്ങി ആയിരം ദിവസത്തിനിടയില്‍ കര്‍ഷക സമരത്തിനെ പിന്തുണച്ച് അവരെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായി മാറിയ വിജയ്ക്ക്, തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സ്റ്റാലിന് ഒത്ത എതിരാളിയായി വിജയ് മാറിയതോടെ, അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് ഇപ്പോള്‍ വൈ കാറ്റഗറി സുരക്ഷയും ഏര്‍പ്പാടാക്കിയിരിക്കുകയാണ്. ഐ.ബി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്, ഇത്തരമൊരു സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നീക്കം ദളപതിയെ സ്വാധീനിക്കാനാണ് എന്ന തരത്തിലുള്ള പ്രചരണം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നുണ്ടെങ്കിലും, ഇതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും, മുന്‍ ഐ.പി.എസ് ഓഫീസറുമായ അണ്ണാമലൈ പറയുന്നത്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും അഖിലേഷ് യാഥവ് ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യാ മുന്നണി നേതാക്കള്‍ക്കും വൈകാറ്റഗറി സുരക്ഷ നല്‍കുന്നത്, അവരുമായി എന്തെങ്കിലും ധാരണയുണ്ടാക്കിയാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ്, സുരക്ഷ സംബന്ധമായ ആരോപണങ്ങളുടെ മുന അണ്ണാമലൈ ഒടിച്ചു കളഞ്ഞിരിക്കുന്നത്.
മാര്‍ച്ച് അവസാനത്തോടെ, തന്റെ സിനിമാ കരിയറിലെ അവസാന സിനിമയും പൂര്‍ത്തിയാക്കുന്ന വിജയ്, വന്‍ പ്രചരണ പരിപാടികളാണ് തമിഴ്‌നാട്ടില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പര്യടനം നടത്താനും എല്ലാ ജില്ലകളിലും റാലികള്‍ നടത്താനും വിജയ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായും ഇതിനകം തന്നെ വിജയ് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതും ഡി.എം.കെ മുന്നണിയുടെ ഉറക്കം കെടുത്തുന്ന നീക്കമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഉടന്‍ ഭരണം പിടിക്കാമെന്നും, മുഖ്യമന്ത്രിയാകാമെന്നതും ഒക്കെ, നടപ്പുള്ള കാര്യമല്ലെന്ന് ഡി.എം.കെ നേതൃത്വം പരിഹസിക്കുന്നുണ്ടെങ്കിലും, കാര്യങ്ങള്‍ ഡി.എം.കെയുടെ കൈവിട്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ടി.വി.കെയുടെ ഒപ്പം, പ്രധാന രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും ഒന്നും ഇപ്പോള്‍ ചേര്‍ന്നിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും വന്‍ കുത്തൊഴുക്ക് ദളപതിയുടെ പാര്‍ട്ടിയിലേക്ക് ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും അണ്ണാ ഡി.എം.കെയില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും വന്‍ തോതില്‍ ടി.വി.കെയില്‍ ചേരുന്നതിനുള്ള സാധ്യത ഏറെയാണ്. ടി.വി.കെയ്ക്ക് ഒപ്പം സഖ്യമുണ്ടാക്കിയില്ലെങ്കില്‍ അണ്ണാ ഡി.എം.കെയുടെ പൊടി പോലും, തിരഞ്ഞെടുപ്പിന് ശേഷം കാണില്ലെന്ന മുന്നറിയിപ്പ് ആ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രിയാക്കാമെങ്കില്‍, സഹകരണത്തിന് തയ്യാറാണെന്ന നിലപാടിലാണ് അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗമുള്ളത്. എന്നാല്‍ ഈ ഡിമാന്റിനെ മുളയിലേ ടി.വി.കെ നുള്ളിക്കളഞ്ഞിട്ടുണ്ട്.
ദളപതി വിജയ് ആയിരിക്കും ടി.വി.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ്, ടി.വി.കെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്ന ആര്‍ക്കും ടി.വി.കെയുമായി സഹകരിക്കാമെന്നും, പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം, അണ്ണാ ഡി.എം.കെ മുങ്ങുന്ന കപ്പലാണെന്ന് തിരിച്ചറിയുന്ന ആ പാര്‍ട്ടിയിലെ പ്രബല വിഭാഗം, ടി.വി.കെയുമായി സഖ്യത്തിന് എടപ്പാടി പളനി സ്വാമി തയ്യാറായില്ലെങ്കില്‍, പാര്‍ട്ടിയെ പിളര്‍ത്തിയാലും, ടി.വി.യെുമായി സഹകരിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടത്തുന്നത്. വിജയ് തമിഴ്‌നാട്ടില്‍ ഒരു പര്യടനം നടത്തിയാല്‍, ആ പര്യടനം സമാപിക്കുന്നതോടെ, രാഷ്ട്രീയ പാര്‍ട്ടികളില്‍ വലിയ പൊട്ടിത്തെറി തന്നെ സംഭവിക്കുമെന്നും, ടി.വി.കെയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും ഒഴുകുമെന്നുമാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടില്‍, എം.ജി രാമചന്ദ്രനും ജയലളിതയ്ക്കും മുഖ്യമന്ത്രിമാരാകാമെങ്കില്‍ അവരുടെ അതേ പാതയില്‍, സിനിമാ അഭിനയം നിര്‍ത്തി, രാഷ്ട്രീയത്തിലിറങ്ങിയ ദളപതിക്കും മുഖ്യമന്ത്രിയാകാന്‍ എളുപ്പത്തില്‍ കഴിയും.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയെയും ദളപതിയെയും ഒരിക്കലും താരതമ്യം പോലും ചെയ്യാന്‍ കഴിയുകയില്ല. ഒറ്റയ്ക്ക് വന്ന് തമിഴകത്തെ ഇളക്കി മറിക്കുന്ന നേതാവായാണ്, വിജയ് ഇപ്പോള്‍ മാറിയിരിക്കുന്നത്. എന്നാല്‍, ഉദയനിധി അങ്ങനെയല്ല, ഡി.എം.കെ എന്ന തമിഴ്‌നാട്ടിലെ ഏറ്റവും ശക്തമായ കേഡര്‍ പാര്‍ട്ടിയുടെ നായകനായ എം.കെ സ്റ്റാലിന്റെ മകന്‍ എന്ന നിലയില്‍ മാത്രമാണ്, പാര്‍ട്ടിയിലും പുറത്തും ഉദയനിധിക്ക് സ്വീകാര്യതയുള്ളത്. 2026-ല്‍ ഉദയനിധിയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായാണ്, സ്റ്റാലിന്‍ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കി നിയമിച്ചിരിക്കുന്നത്. ഈ നീക്കത്തില്‍ അതൃപ്തിയുള്ള ഡി.എം.കെ നേതാക്കള്‍ പോലും തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ, ടി.വി.കെയില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. ദളപതിയുടെ ആരാധകരായ ഡി. എം.കെ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഇതിനകം തന്നെ, ടി.വി.കെയില്‍ ചേര്‍ന്നു തുടങ്ങിയതായ റിപ്പോര്‍ട്ടുകളും തമിഴകത്ത് നിന്നും ഇപ്പോള്‍ പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്.
Also Read: ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പ്, യു.ഡി.എഫിനെയും ഇടതിനെയും ഇല്ലാതാക്കാൻ ബി.ജെ.പി ‘തന്ത്രം’
ആരൊക്കെ അംഗീകരിച്ചാലും എതിര്‍ത്താലും, ഈ നിമിഷത്തിലും തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ജനസ്വാധീനമുള്ള ഒരു വ്യക്തി എന്നു പറയുന്നത് ദളപതി വിജയ് ആണ്. മുന്‍പ് രജനീകാന്തിന് ഉണ്ടായിരുന്ന സ്വാധീനമാണ് ദളപതിയില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. യുവാക്കളിലും സ്ത്രീകളിലും മാത്രമല്ല, മുതിര്‍ന്നവരിലും ആ സ്വാധീനം ഇപ്പോള്‍ പ്രകടമാണ്. നീതിക്കു വേണ്ടി സിനിമകളില്‍ പോരാടിയ വിജയ്, യഥാര്‍ത്ഥ ജീവിതത്തിലും ആ വീര്യം പ്രകടമാക്കുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. കത്തി എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ കര്‍ഷകര്‍ക്ക് ഒപ്പം നിന്ന് പോരാടിയ ദളപതിയുടെ നായക കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രൂപത്തിലുള്ള ഒരു ഇടപെടലും പ്രസംഗവുമാണ് കാഞ്ചിപുരത്തെ പരന്തൂരിലെ സമരമുഖത്ത് വിജയ് കാഴ്ച വച്ചിരുന്നത്. പിറന്ന മണ്ണ് സംരക്ഷിക്കുന്നതിനായി കര്‍ഷകര്‍ നടത്തിയ പോരാട്ടത്തിന് ഒപ്പം നില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത, വിജയ്‌യുടെ വാക്കുകള്‍, ദേശീയ ചാനലുകള്‍ ഉള്‍പ്പെട, വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

‘ഞാന്‍ വികസനത്തിന് എതിരല്ല. ഞാന്‍ വിമാനത്താവളം ആഗ്രഹിക്കാത്ത ആളുമല്ല, എന്നാല്‍, ഈ വിമാനത്താവളം ഈ സ്ഥലത്ത് വരരുതെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കുകയാണ്. ചെന്നൈയിലെ വെള്ളപ്പൊക്കത്തിന് കാരണം ചതുപ്പുനിലങ്ങളും ജലാശയങ്ങളും നശിച്ചതാണ് എന്നത് ഓര്‍മ്മിപ്പിച്ചു കൊണ്ട് വിജയ് പറഞ്ഞ വാക്കുകളാണിത്. വിമാനത്താവളത്തിനായി 90% കൃഷിഭൂമിയും 90% ജലാശയങ്ങളും നശിപ്പിക്കുന്ന ഏതൊരു സര്‍ക്കാരും, ‘ജനവിരുദ്ധ’ സര്‍ക്കാരായിരിക്കും എന്ന മുന്നറിയിപ്പും ആ പ്രസംഗത്തിലൂടെ വിജയ് നല്‍കുകയുണ്ടായി. ഈ ഒരൊറ്റ നിലപാടിലൂടെ തമിഴ്‌നാട്ടിലെ കര്‍ഷകരുടെ മനസ്സിലും വിജയ് ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞു. ഇതു പോലെ, ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന, ഓരോ വിഷയങ്ങള്‍ ഏറ്റെടുത്ത്, ഏപ്രില്‍ മുതല്‍ സജീവമായി ഇടപെടല്‍ നടത്താനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. അതൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചാല്‍, ആടി ഉലയുക…തമിഴ്‌നാട് സര്‍ക്കാറും ഡി.എം.കെ മുന്നണിയും മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിയാണ്. കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നതും ആ വഴിക്കു തന്നെയാണ്…അതെന്തായാലും, പറയാതെ വയ്യ…
Express View
വീഡിയോ കാണാം…