വെമ്പായം ബസ് അപകടം! കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്; സിഎംഡി റിപ്പോർട്ട് തേടി

വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രനാണ് (56) അപകടത്തിൽ മരിച്ചത്

വെമ്പായം ബസ് അപകടം! കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്; സിഎംഡി റിപ്പോർട്ട് തേടി
വെമ്പായം ബസ് അപകടം! കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്; സിഎംഡി റിപ്പോർട്ട് തേടി

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ഡ്രൈവർ മുജീബിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് വെഞ്ഞാറമൂട് പോലീസ് കേസെടുത്തത്. അപകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കെഎസ്ആർടിസി സിഎംഡി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയതിനൊപ്പം വിജിലൻസ് വിഭാഗം നാളെ വിശദമായ റിപ്പോർട്ട് നൽകും.

വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രനാണ് (56) അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട ബസ് ജയചന്ദ്രന്റെ ബൈക്കിലിടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയിലുണ്ടായിരുന്നവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് അമിതവേഗതയിലായിരുന്നുവെന്നും മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് കടയിലേക്ക് കയറിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ പാപ്പാന്റെ മരണം! മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

എന്നാൽ നാട്ടുകാരുടെ ആരോപണം ബസ് ജീവനക്കാർ നിഷേധിച്ചു. റോഡിലേക്ക് പെട്ടെന്ന് കയറിവന്ന ബൈക്ക് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും ബസ്സിന് സാങ്കേതിക തകരാറുകൾ ഒന്നുമില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Share Email
Top