ഇനി കാറുകളും ബൈക്കുകളും തമ്മിൽ സംസാരിക്കുന്ന കാലം അധികം ദൂരെയല്ല. റോഡ് അപകടങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് രാജ്യത്തെ വാഹന ഗതാഗത രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ, ബസ്സുകൾ എന്നിവയിൽ വെഹിക്കിൾ-ടു-വെഹിക്കിൾ കമ്മ്യൂണിക്കേഷൻ സിസ്റ്റം നിർബന്ധമാക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി. 2028 ഒക്ടോബർ 1 മുതൽ ഈ അത്യാധുനിക സുരക്ഷാ സംവിധാനം രാജ്യത്ത് പൂർണ്ണമായും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എയർബാഗുകൾക്കും എബിഎസിനും ശേഷം ഇന്ത്യൻ വാഹന വിപണി കാണാൻ പോകുന്ന ഏറ്റവും വലിയ സുരക്ഷാ മുന്നേറ്റമാണിത്.
ഡ്രൈവർമാരുടെ കണ്ണിന് എത്താത്തിടങ്ങളിലെ അപകടങ്ങളും ബ്ലൈൻഡ് കർവ്വുകളിലെ കൂട്ടിയിടികളും ഒഴിവാക്കാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. അടുത്തുള്ള മറ്റ് വാഹനങ്ങളുടെ വേഗത, ദിശ, സ്ഥാനം, പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നത് എപ്പോഴാണ് തുടങ്ങിയ നിർണ്ണായക വിവരങ്ങൾ റേഡിയോ സിഗ്നലുകൾ വഴി സെക്കൻഡുകൾക്കുള്ളിൽ പരസ്പരം കൈമാറാൻ V2V സാങ്കേതികവിദ്യയിലൂടെ സാധിക്കും. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് നേരിട്ട് കാണാൻ കഴിയാത്ത വളവുകളിലോ എതിർദിശയിൽ നിന്ന് അശ്രദ്ധമായി പാഞ്ഞുവരുന്ന വാഹനങ്ങളെക്കുറിച്ചോ ഈ സംവിധാനം കൃത്യസമയത്ത് മുന്നറിയിപ്പ് നൽകും. ഇതിനായി സെല്ലുലാർ നെറ്റ്‌വർക്കുകളുടെ സഹായം പോലും ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
Also Read: യമഹ R15, MT-15 മോട്ടോജിപി എഡിഷനുകൾ വിപണിയിൽ; FZ സീരീസിന് പുതിയ നിറങ്ങളും
വാഹന നിർമ്മാതാക്കൾക്കും വ്യവസായ മേഖലയ്ക്കും ആവശ്യമായ സമയം അനുവദിച്ചുകൊണ്ടാണ് രണ്ട് ഘട്ടങ്ങളായി ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 2027 ഒക്ടോബർ മുതൽ വിപണിയിൽ ഇറങ്ങുന്നതും V2V സംവിധാനമുള്ളതുമായ വാഹനങ്ങൾ പുതിയ ‘AIS-230’ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. തുടർന്ന് കൃത്യം ഒരു വർഷത്തിന് ശേഷം, അതായത് 2028 ഒക്ടോബർ 1 മുതൽ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും ഈ സുരക്ഷാ ഉപകരണം ഫാക്ടറി ഫിറ്റഡ് ആയി നിർബന്ധമാക്കും. പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കൊപ്പം സൈബർ സുരക്ഷയും കൃത്യമായ ലൊക്കേഷൻ നിർണ്ണയവും ഉറപ്പാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസിന് പുറമെ റോഡ് അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനും ഭാവിയിലെ ബുദ്ധിപരമായ ഗതാഗത സംവിധാനങ്ങൾക്കും ഈ ചുവടുവെപ്പ് അടിത്തറയാകും. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാഹിത വാഹനങ്ങൾ അടുത്തുവരുന്നത് നേരത്തെ തിരിച്ചറിയാനും ഈ ശൃംഖലയിലൂടെ സാധിക്കും. റോഡ് യാത്രകളെ കൂടുതൽ സുരക്ഷിതവും ബുദ്ധിപരവുമാക്കി മാറ്റാൻ പോകുന്ന ഈ ചരിത്രപരമായ പദ്ധതി ഇന്ത്യൻ വാഹന ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.






