ഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ ഡല്‍ഹിക്ക്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ മന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്രം നല്‍കാനുള്ള തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. നാളെ മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ന് എന്‍എച്ച്ആര്‍ ഡയറക്ടറുമായും മന്ത്രി വീണാ ജോര്‍ജുമായി ആശ വര്‍ക്കര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ എന്‍എച്ച്ആര്‍ ഡയറക്ടറും മന്ത്രിയും തയ്യാറായില്ലെന്നാണ് ആശ വര്‍ക്കര്‍മാര്‍ പറയുന്നത്. സര്‍ക്കാര്‍ കൂടെയുണ്ടെന്നും കേന്ദ്രവുമായി ചര്‍ച്ച ചെയ്യാം എന്നൊക്കെയാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ ചര്‍ച്ച നടത്തി എന്ന് വരുത്തി തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് നല്ല പ്രവര്‍ത്തന സാഹചര്യം സൃഷ്ടിക്കാനാണെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
Also Read: ‘ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണ്’; എ വിജയരാഘവന്‍
ഓണറേറിയം സംസ്ഥാന സര്‍ക്കാരും ഇന്‍സന്റീവ് കേന്ദ്രവുമാണ് നല്‍കുന്നത്. പത്ത് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഓണറേറിയം നല്‍കിയിരുന്നത്. നേരത്തെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു. സമരത്തില്‍ നിന്ന് പിന്മാറാന്‍ ആശ വര്‍ക്കര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമാക്കുമെന്ന് ആശ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചത്.