മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 62 പേര്‍ ഹൈ റിസ്‌കിലും 90 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേര്‍ ചികിത്സയിലുണ്ട്. രണ്ടു പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.
നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 13 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്ന് 881 വീടുകള്‍ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഇതുവരെ ആകെ 4749 വീടുകളാണ് സന്ദര്‍ശിച്ചത്.
Also Read: പാലായില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തുങ്ങി മരിച്ചനിലയില്‍
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.