തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ നടന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ്. അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചു വെച്ചു എന്നത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയമാരെ സസ്പെന്‍ഡ് ചെയ്തതിലൂടെ എല്ലാ അവസാനിച്ചുവെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കരുതരുത്. കുറ്റകൃത്യം ഒളിപ്പിച്ചു വെച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
Also Read: ‘പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോണ്‍ഗ്രസ് ’:കെ.സുരേന്ദ്രന്‍
ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമതിയെ സര്‍ക്കാര്‍ മാറ്റി. ഇടതു ഭരണകാലത്ത് സിപിഎം നടപ്പാക്കിയ അമിത രാഷ്ട്രീയവത്കരണമാണ് ശിശുക്ഷേമ സമിതിയുടെ ശാപം. ഗുരുതര കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.