വടകരയിൽ നടക്കുന്നത് കേരളത്തിലെ ഏറ്റവും ശക്തമായ പോരാട്ടം, വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തിൽ ജാഗ്രത വേണം

വടകരയിൽ നടക്കുന്നത് കേരളത്തിലെ ഏറ്റവും ശക്തമായ പോരാട്ടം, വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തിൽ ജാഗ്രത വേണം

കേരളത്തില്‍ ഏറ്റവും ശക്തവും കടുത്തതുമായ മത്സരം നടക്കുന്ന ലോക്‌സഭമണ്ഡലം ഏതെന്ന് ചോദിച്ചാല്‍, അതിന് ആദ്യം ഉത്തരം വടകര എന്നതായിരിക്കും. ഇടതുപക്ഷത്തിന് താഴെതട്ടു മുതല്‍ ശക്തമായ അടിത്തറയുള്ള വടകര ലോകസഭ മണ്ഡലം, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ചുവപ്പിനെ തിരസ്‌ക്കരിച്ചതിനു പിന്നില്‍, രാഷ്ട്രീയമായ പല കാരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ആ സാഹചര്യമൊന്നും നിലവിലില്ലാതെ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് എന്നതാണ്, ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. അതാകട്ടെ തുടക്കം മുതല്‍ തന്നെ അവരുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും ദൃശ്യമായിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.കെ ശൈലജയെ തന്നെ സി.പി.എം വടകരയില്‍ രംഗത്തിറക്കിയതും, നഷ്ടപ്പെട്ട ചുവപ്പ് മണ്ണ് തിരിച്ചു പിടിക്കുക എന്ന ഒറ്റലക്ഷ്യം മുന്‍ നിര്‍ത്തി തന്നെയാണ്. കെ.കെ ശൈലജ ടീച്ചര്‍ രംഗത്ത് വന്നതോടെ ആശങ്കയിലായ കോണ്‍ഗ്രസ്സ് നേതൃത്വം, മണ്ഡലം കൈവിട്ട് പോകുമെന്ന് ഭയന്നാണ് സിറ്റിംഗ് എം.പിയായിരുന്ന കെ മുരളീധരനെ മാറ്റി, യുവ നേതാവായ ഷാഫി പറമ്പിലിനെ രംഗത്തിറക്കാന്‍ നിര്‍ബന്ധിതരായത്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്.

കെ. മുരളീധരനെ മാറ്റി ഷാഫി പറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ, കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും അവസാന അനുഭാവിയും പ്രചരണ രംഗത്ത് സജീവമായതും, ഈ തിരഞ്ഞെടുപ്പിന്റെ മാത്രം പ്രത്യേകതയാണ്. സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തിലും, ഇതേ രൂപത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങിയിട്ടില്ലന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഷാഫി പറമ്പില്‍ വടകരയിലേക്ക് പുറപ്പെട്ടതു മുതല്‍ പ്രചരണ സമാപനം വരെ മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങളാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ഇതെല്ലാം തന്നെ അവരെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്നതാണെങ്കിലും കറന്റ് റിയാലിറ്റി മറ്റൊന്നാണ്. വടകര മണ്ഡലത്തിലെ വിവാദങ്ങള്‍ ഏത് രൂപത്തിലാണ് ബാധിക്കുക എന്നത് ഈ ഘടത്തില്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും ഇടതുപക്ഷം വലിയ ആത്മവിശ്വാസത്തിലാണ് ഉള്ളത്. കെ.കെ ശൈലജ ടീച്ചറുടെ പ്രചരണ സമാപനത്തിലും ആ ആത്മവിശ്വാസം പ്രകടമാണ്. തലശ്ശേരിയെ ചെങ്കടലാക്കുന്ന കൊട്ടിക്കലാശമാണ് നടന്നിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ജനകൂട്ടത്തെ ആകര്‍ഷിക്കാന്‍ ഇടതുപക്ഷത്തിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. പതിവില്‍ നിന്നും വത്യസ്തമായി ചെറുപ്പക്കാരുടെ വന്‍ പങ്കാളിത്വവും ഇടതുപക്ഷത്തിന്റെ റോഡ് ഷോയില്‍ പ്രകടമായിട്ടുണ്ട്.

അതേസമയം, ഷാഫി പറമ്പിലിന്റെ സമാപനയോഗത്തില്‍, മുന്‍പ് കെ മുരളീധരന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുത്തതിനേക്കാള്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. പ്രചരണ രംഗത്ത് ഇരു മുന്നണികളും ശക്തമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെങ്കിലും, കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രംഗത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവര്‍ത്തികള്‍ വടകരയില്‍ നടന്നിട്ടുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യം എന്തെന്ന് തിരിച്ചറിഞ്ഞ് വിധിയെഴുതേണ്ടത് ഇനി വടകരയിലെ ജനങ്ങളാണ്. ആ ജനവിധിക്കായാണ് രാഷ്ട്രീയ കേരളവും കാത്ത് നില്‍ക്കുന്നത്.

വിവാദ വിഷയങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. പക്ഷേ മറ്റൊരു കാര്യം എന്തായാലും പറയാതെ വയ്യ. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും രാഷ്ട്രീയ പോരാട്ടമാണ് നടക്കേണ്ടത്. അതു തന്നെയാണ് നമ്മുടെ നാടിന്റെ പാരമ്പര്യവും. അതല്ലാതെ, സമുദായിക അടിസ്ഥാനത്തില്‍ ആരെങ്കിലും വേര്‍തിരിവ് സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിച്ചാല്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കുകയാണ് വേണ്ടത്. അതല്ലെങ്കില്‍ വിനാശകരമായ അവസ്ഥയിലേക്ക് അധികം താമസിയാതെ ഈ നാടും മാറിപ്പോകുമെന്നതും ഓര്‍ത്തു കൊള്ളണം. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയുടെ ജാതിയും മതവും നോക്കിയല്ല വോട്ട് ചെയ്യേണ്ടത്. അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസഥാനത്തിന്റെ നിലപാടുകളാണ് നാം പരിശോധിക്കേണ്ടത്. അത്തരം ഒരു വിലയിരുത്തലുകളാണ് ജനാധിപത്യത്തിനും ഗുണകരമാവുക.

വടകരയില്‍ നടക്കേണ്ടത് തീര്‍ച്ചയായും രാഷ്ട്രീയ പോരാട്ടം തന്നെയാണ്. അക്കാര്യത്തില്‍ വടകരയിലെ മതേതര മനസ്സുകള്‍ക്കും സംശയം ഉണ്ടാവുകയില്ല. ഏതെങ്കിലും ചില കേന്ദ്രങ്ങള്‍ അടച്ചിട്ട റൂമില്‍ ഇരുന്ന് മത്സരത്തിന് സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചാല്‍ മാറുന്ന മനസ്സല്ല വടകരയുടെ മനസ്സെന്നതും വ്യക്തമാണ്. ഇത്തരം പ്രവര്‍ത്തികള്‍കൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെടുമെന്ന ബോധം ആരെ നയിച്ചാലും അവര്‍ വിഡ്ഡികകളുടെ ലോകത്താണെന്ന് സഹതപിക്കുകയേ നിവൃത്തിയൊള്ളൂ.

ഷാഫി പറമ്പലിന്റെയും കെ.കെ ശൈലജയുടെയും വ്യക്തിത്വം അളക്കുന്നവര്‍ സ്ഥാനാര്‍ത്ഥികളുടെ നിലപാടുകള്‍ക്കൊപ്പം തന്നെ, അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ആശയങ്ങളും, പോളിങ്ങ് ബൂത്തില്‍ ചെല്ലുന്നതിനു മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ്. സോഷ്യല്‍ മീഡിയകളില്‍ ആരെങ്കിലും പടച്ചു വിടുന്ന വൈകാരിക വിഷയങ്ങള്‍ക്കും അപ്പുറം, ആശയങ്ങളുടെ ആഴമാണ് പരിശോധിക്കപ്പെടേണ്ടത്.

ഇത് പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പല്ല, ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അധികാര കേന്ദ്രങ്ങളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി ചോദ്യം ചോദിക്കാന്‍ ശേഷിയുള്ള പ്രസ്ഥാനത്തിന്റെ പ്രതിനിധിയെയാണ് മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞെടുക്കേണ്ടത്. വിജയിച്ചു കഴിഞ്ഞാല്‍ കാവി കൂടാരത്തില്‍ അഭയം തേടുന്ന ഖദര്‍ സംസ്‌ക്കാരം കൂടി ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. മുന്‍ എം.എല്‍.എ ആയ എ.പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ്സില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് പോയത്. അവിടെ സമുദായം അബ്ദുള്ളക്കുട്ടിക്കും തടസ്സമായിരുന്നില്ല എന്നതും നാം മറന്നു പോകരുത്.

വടകരയില്‍ ശക്തമായ ത്രികോണ മത്സരമല്ല നടക്കുന്നത്. ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥി ഉണ്ടെങ്കിലും സംഘപരിവാര്‍ വോട്ടുകള്‍ അവസാന നിമിഷം എങ്ങോട്ട് ഒഴുകുമെന്നതും ഈ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നിയമസഭയിലെ ബി.ജെ.പിയുടെ ഉള്ള അക്കൗണ്ട് പൂട്ടിച്ച ഇടതുപക്ഷത്തിന് എന്തായാലും കാവി പാളയത്തില്‍ നിന്നും ഒരുവോട്ടും ലഭിക്കാന്‍ സാധ്യതയില്ല. ചുവപ്പിന് കാവിയോടും കാവിക്ക് ചുവപ്പിനോടുമുള്ള പക പ്രത്യയശാസ്ത്രപരമാണ്. പരസ്പരം കണ്ടാല്‍ പോലും മിണ്ടാത്ത പകയാണത്. അത് തിരിച്ചറിഞ്ഞതു കൊണ്ടാണ്, ‘കമ്യൂണിസ്റ്റുകള്‍ ഒരിക്കലും ഫാസിസത്തോട് സന്ധി ചെയ്യില്ലന്ന ഉറപ്പ് തനിക്കുണ്ടെന്ന് പ്രമുഖനായ സമസ്ത നേതാവിനു പോലും പറയേണ്ടി വന്നിരിക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി സര്‍ക്കാര്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ ഏറ്റവും ശക്തമായി എതിര്‍ത്തത് സി.പി.എമ്മാണ്. ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട മുത്തലാഖ് ബില്ലിനെതിരെ സിപിഎം എംപിമാര്‍ വോട്ടുചെയ്തപ്പോള്‍, കോണ്‍ഗ്രസ്സ് എംപിമാര്‍ ഒന്നടങ്കം സഭ ബഹിഷ്ടരിക്കുകയാണ് ചെയ്യതിരുന്നത്. ബില്ലിലെ ചില ക്ലോസുകളെ എതിര്‍ത്തെന്നുവരുത്തി വോട്ടെടുപ്പിനുനില്‍ക്കാതെ സഭ വിട്ടിറങ്ങിയതിന്റെ രാഷ്ട്രീയം എന്തെന്നത് വടകര മണ്ഡലവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.മുസ്ലീം ലീഗ് എംപിയായ ഇ. ടി. മുഹമ്മദ് ബഷീര്‍ ബില്ലിനെതിരെ വോട്ടുചെയ്‌തെങ്കിലും, അവരുടെ മറ്റൊരു എം.പിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ഇത്രയും പ്രധാനപ്പെട്ട ബില്‍ സഭയില്‍ അവതതരിപ്പിക്കുന്നതിനെപ്പറ്റി അറിവുണ്ടായിട്ടും സഭയില്‍ വന്നതേയില്ലന്നതും നാം മറന്നു പോകരുത്.

വിവാദമായ എന്‍ഐഎ ഭേദഗതി ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒന്നിച്ചാണ് പാര്‍ലിമെന്റില്‍ കൈ പൊക്കിയിരുന്നത്. ഇടതുപക്ഷമാണ് ആ ബില്ലിനെതിരെയും വോട്ടു ചെയ്തിരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന നിയമഭേദഗതിയെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തതെന്ന് സി.പി.എം ആരോപിച്ചിട്ടും അതിന് വ്യക്തമായ മറുപടി ഇന്നുവരെ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയിട്ടില്ല. എന്‍ഐഎ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചക്കിടെ ഹിന്ദുത്വ ഭീകര സംഘടനകള്‍ എന്ന പരാമര്‍ശം നടത്തിയതിന് സിപിഎം എംപി കെകെ രാഗേഷിനെതിരെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രകോപിതനാവുന്ന സ്ഥിതിയും സഭയിലുണ്ടായിരുന്നു.

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച പൗരത്വ ബില്‍ വിഷയത്തിലും കോണ്‍ഗ്രസ്സ് എടുത്തത് ഇരട്ടതാപ്പ് നയമാണ്. കേരളത്തില്‍ മറ്റൊരു നയം മറ്റിടങ്ങളില്‍ വേറെ നയം എന്നതാണ് അവരുടെ നിലപാട്. പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് ഒരു ആവേശവും ഇല്ലായിരുന്നു.കേരളത്തില്‍ സിപിഎമ്മുമായി സഹകരിച്ച് യോജിച്ച സമരം ചെയ്യാനില്ലെന്നാണ് അന്ന് കോണ്‍ഗ്രസ്സും ലീഗും പറഞ്ഞിരുന്നത്. ഇടതുപക്ഷം പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മനുഷ്യ ശ്യംഖലയില്‍ പങ്കെടുത്തതിന് പ്രാദേശിക നേതാവിനെ പുറത്താക്കിയ പാര്‍ട്ടിയാണ് മുസ്ലീംലീഗ് എന്നതും പറയാതെ വയ്യ. എണ്ണത്തില്‍ കുറവാണെങ്കിലും ഏതാനം ഇടതുപക്ഷ അംഗങ്ങള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ശബ്ദം യു.ഡി.എഫ് എം.പിമാര്‍ കണ്ടില്ലന്ന് നടിച്ചാലും സഭാ രേഖകളില്‍ അതുണ്ട് എന്നതും മറന്നു പോകരുത്.

കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹിയില്‍ പോര്‍മുഖം തുറന്നതും ഇടതുപക്ഷ സര്‍ക്കാറാണ്. നാളെ ഇന്ത്യ ആര് തന്നെ ഭരിച്ചാലും കേരളത്തിലെ മതന്യൂപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിറന്നമണ്ണില്‍ ആരെയും ഭയപ്പെടാതെ ജീവിക്കാനുള്ള സംരക്ഷണമാണ് ഇടതുപക്ഷം ഉറപ്പു നല്‍കുന്നത്. അത്തരമൊരു ഉറപ്പു നല്‍കാന്‍ ഖദര്‍ മിന്നല്‍ വേഗത്തില്‍ കാവിയണിയുന്ന ഈ പുതിയ കാലത്ത് ഒരു ഖദര്‍ ധാരിക്കും കഴിയുകയില്ല എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

EXPRESS KERALA VIEW

Top