റോഡ് സുരക്ഷയിൽ ചരിത്രപരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹനങ്ങൾ പരസ്പരം ആശയവിനിമയം നടത്തി അപകടങ്ങൾ മുൻകൂട്ടിയറിയാൻ സഹായിക്കുന്ന ‘വെഹിക്കിൾ ടു വെഹിക്കിൾ’ സാങ്കേതികവിദ്യ രാജ്യത്ത് നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ ഉൾപ്പെടെയുള്ള എല്ലാ പുതിയ വാഹന വിഭാഗങ്ങൾക്കും ഈ സുരക്ഷാ മാനദണ്ഡം ബാധകമാകും.
എന്താണ് വി2വി സാങ്കേതികവിദ്യ?
വയർലെസ് ആശയവിനിമയ ശൃംഖലയിലൂടെ വാഹനങ്ങൾക്ക് പരസ്പരം വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന സംവിധാനമാണിത്. റേഡിയോ ഫ്രീക്വൻസി (5.875GHz – 5.925 GHz) ഉപയോഗിച്ച് സമീപത്തുള്ള വാഹനങ്ങളുടെ വേഗത, സ്ഥാനം, സഞ്ചരിക്കുന്ന ദിശ, പെട്ടെന്നുള്ള ബ്രേക്കിങ് തുടങ്ങിയ വിവരങ്ങൾ തത്സമയം കൈമാറുന്നു. കാമറകൾക്കും റഡാറുകൾക്കും ദൃശ്യമാകാത്ത വളവുകളിലെയും വലിയ വാഹനങ്ങളുടെ മറവിലുമുള്ള അപകട സാധ്യതകൾ കൃത്യമായി തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ റോങ് സൈഡിൽ വാഹനം വരുമ്പോഴോ ഡ്രൈവർക്ക് അലാറം വഴിയോ ഡിസ്പ്ലേയിലൂടെയോ ഉടൻ മുന്നറിയിപ്പ് ലഭിക്കും. ആംബുലൻസ് പോലുള്ള അത്യാഹിത വാഹനങ്ങൾ അടുത്തെത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് മുൻകൂട്ടി സൂചന നൽകാനും ഈ സാങ്കേതികവിദ്യ സഹായിക്കും.
Also Read: ഇ20 പെട്രോൾ സുരക്ഷിതം! പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് എണ്ണക്കമ്പനികൾ
നടപ്പിലാക്കുന്ന രീതിയും സമയപരിധിയും
രണ്ട് ഘട്ടങ്ങളായാണ് പുതിയ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടം (2027 ഒക്ടോബർ 1 മുതൽ): സർക്കാരിന്റെ AIS-230 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹന നിർമാതാക്കൾക്ക് സന്നദ്ധതയോടെ വി2വി സംവിധാനം വാഹനങ്ങളിൽ ഉൾപ്പെടുത്താം.
രണ്ടാം ഘട്ടം (2028 ഒക്ടോബർ 1 മുതൽ): രാജ്യത്ത് നിർമിക്കുന്ന മുഴുവൻ പുതിയ വാഹനങ്ങളിലും വി2വി സംവിധാനം പൂർണ്ണമായും നിർബന്ധമാക്കും.
അഡാസിനേക്കാൾ ഒരുപടി മുന്നിൽ
നിലവിലുള്ള ഡ്രൈവർ അസിസ്റ്റ് സിസ്റ്റം കാമറകളെയും റഡാറുകളെയും മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വലിയ ട്രക്കുകളോ മൂടൽമഞ്ഞോ കുത്തനെയുള്ള വളവുകളോ കാഴ്ച മറച്ചാൽ അഡാസിന്റെ പ്രവർത്തനം പരിമിതപ്പെടും. കൂടാതെ അഡാസിന് 100 മുതൽ 250 മീറ്റർ വരെയാണ് പരിധിയുള്ളത്. എന്നാൽ റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വി2വി സംവിധാനത്തിന് ഒരു കിലോമീറ്റർ ദൂരത്തിലുള്ള വിവരങ്ങൾ വരെ നൽകാൻ സാധിക്കും. കെട്ടിടങ്ങൾക്കും വലിയ വാഹനങ്ങൾക്കും പിന്നിലുള്ള തടസ്സങ്ങൾ പോലും ഇതിലൂടെ അറിയാൻ കഴിയും. അഡാസും വി2വിയും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ റോഡുകൾ കൂടുതൽ സുരക്ഷിതമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സർക്കാരിന്റെ പുതിയ നീക്കം റോഡ് സുരക്ഷാ രംഗത്ത് വലിയൊരു വിപ്ലവത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി തേടിയ ശേഷമാകും ഇതിൽ അന്തിമ വിജ്ഞാപനം പുറത്തുവരിക.






