കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സി.പി.ഐയിലെ പ്രമുഖ നേതാവ് ഇ.ടി. ടൈസൺ മാസ്റ്റർ മത്സരിക്കും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ പറവൂരിലേക്ക് നിയോഗിക്കാൻ ധാരണയായത്. നിലവിൽ കൈപ്പമംഗലം എം.എൽ.എയായ അദ്ദേഹം അവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ പോരാട്ടഭൂമിയിലേക്ക് മാറുന്നത്. പറവൂരിൽ കാൽനൂറ്റാണ്ടായി തുടരുന്ന സതീശന്റെ വിജയക്കുതിപ്പിന് തടയിടാൻ ഏറ്റവും അനുയോജ്യനായ ജനകീയ മുഖമാണ് ടൈസൺ മാസ്റ്ററെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു.
2001-ൽ ആദ്യമായി നിയമസഭയിലെത്തിയ വി.ഡി. സതീശൻ തുടർച്ചയായ ആറാം വിജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ച് തവണയും മണ്ഡലം നിലനിർത്തിയ സതീശനെ തളയ്ക്കാൻ ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കണമെന്ന സി.പി.ഐയുടെ തന്ത്രപരമായ നീക്കമാണ് ടൈസൺ മാസ്റ്ററുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വെളിപ്പെടുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എം.ടി. നിക്സണെ 21,301 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സതീശൻ വെന്നിക്കൊടി പാറിച്ചത്. എന്നാൽ ഇത്തവണ കൈപ്പമംഗലത്തെ വികസന നേട്ടങ്ങളും തന്റെ ലാളിത്യവും മുൻനിർത്തി പറവൂരിൽ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ടൈസൺ മാസ്റ്ററും ഇടതുപക്ഷവും.






