ജനപ്രീതി ഇടിഞ്ഞ് വി ഡി സർക്കാർ, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷം ഭരണം പിടിക്കും

102 സീറ്റു നേടി അധികാരത്തിൽ വരാൻ യു.ഡി.എഫിനെ പ്രധാനമായും സഹായിച്ച മുസ്ലീം ജനവിഭാഗങ്ങൾ ഉൾപ്പെടെ സർക്കാരിൻ്റെ ഇപ്പോഴത്തെ പോക്കിൽ കടുത്ത അതൃപ്‌തിയിലാണുള്ളത്

ജനപ്രീതി ഇടിഞ്ഞ് വി ഡി സർക്കാർ, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷം ഭരണം പിടിക്കും
ജനപ്രീതി ഇടിഞ്ഞ് വി ഡി സർക്കാർ, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷം ഭരണം പിടിക്കും

പ്പോൾ ഒരു പൊതു തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് എത്ര സീറ്റുകൾ ലഭിക്കും? നിങ്ങൾക്ക് അത് കണക്ക് കൂട്ടാൻ പറ്റുമോ? എന്നാൽ ഞങ്ങളുടെ കണക്ക് പറയാം. വമ്പൻ തിരിച്ചടി ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പൊതു തിരഞ്ഞെടുപ്പ് നടന്നാൽ ഉറപ്പാണ്. ഞങ്ങൾ ഇത് ചുമ്മാ പറയുന്നതല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ വലിയ തിരമാലകൾ തീർത്തവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കിയാണ് ഇക്കാര്യം തുറന്നു പറയുന്നത്.

പിണറായി വിജയൻ്റെ ശൈലിയെ വിമർശിച്ചവർ ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ ഏകാധിപത്യ ശൈലി കണ്ട് അന്തം വിട്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഉൾപ്പെടെ ഇടപെട്ട് സതീശൻ നടത്തുന്ന ഭരണം യുഡിഎഫിലെ സതീശൻ വിരുദ്ധർക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

സീനിയർ നേതാവായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വകുപ്പിൽ ഉൾപ്പെടെ ഇടപെടാൻ വി ഡി സതീശൻ ധൈര്യം കാണിക്കുന്നു എന്നത് നിസാരമായി എന്തായാലും കാണാൻ പറ്റില്ല. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധമുയർന്നിട്ടും ഒരിഞ്ച് പിന്നോട്ട് പോകാൻ വി ഡി സതീശൻ തയ്യാറായിട്ടില്ല. ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ല് അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം എന്ന കോൺഗ്രസ്സ് നേതാക്കളുടെ ആവശ്യവും നിരാകരിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുനത്. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.

ഇതുൾപ്പെടെ സതീശൻ സർക്കാർ സ്വീകരിച്ച പല തീരുമാനങ്ങളും മുസ്ലീം ലീഗിൻ്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് ഉൾപ്പെടെ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്. ആർഎസ്എസ് പദ്ധതി എന്ന് മുസ്ലീംലീഗ് തന്നെ വിശേഷിപ്പിച്ച പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ ഇപ്പോൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത് തന്നെ ലീഗ് മന്ത്രിമാരാണ്. ഇതും സർക്കാറിനെ തിരിഞ്ഞ് കൊത്തിയ മറ്റൊരു വിഷയമാണ്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ പി.എം.ശ്രീ പദ്ധതി അറബിക്കടലിൽ ചവിട്ടി താഴ്ത്തും എന്നു പറഞ്ഞ വീരശൂര പരാക്രമിയായ ലീഗ് നേതാവ് കെ എം ഷാജിയും ഇപ്പോൾ ഈ പദ്ധതി നടപ്പാക്കാനായി ചുവപ്പ് പരവതാനി വിരിക്കുന്ന കാഴ്ച ലീഗ് അണികളെ സംബന്ധിച്ച് ഞെട്ടിക്കുന്ന കാഴ്ച തന്നെയാണ്. അതുപോലെ തന്നെ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതും ലീഗിൻ്റെ രാഷ്ട്രീയ നിലപാടിന് ഏറ്റ കനത്ത തിരിച്ചടിയാണ്. ശേഷാദ്രിനാഥൻ ആർഎസ്എസ് ബന്ധമുള്ള ആളാണെന്ന് പറഞ്ഞ് ഈ നിയമനത്തെ ആദ്യം ചോദ്യം ചെയ്തത് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസാണ്. നിയാസ് ഇങ്ങനെ പറഞ്ഞപ്പോൾ ആ വാദത്തെ തള്ളി നിയമനം തൻ്റെ അറിവോടെയാണെന്ന് പറഞ്ഞ് ചുട്ട മറുപടി കൊടുത്തത് മന്ത്രി കെ എം ഷാജിയാണ്. ഇതൊക്കെ കണ്ട് ലീഗിനും യുഡിഎഫിനും വോട്ട് ചെയ്ത ന്യൂനപക്ഷ സമൂഹം അന്തംവിട്ടാണിപ്പോൾ നിൽക്കുന്നത്. ചില മത സംഘടനാ നേതാക്കളെ വരുതിയിലാക്കി നിർത്തിയാൽ ഈ പ്രതിഷേധത്തെ എല്ലാം തണുപ്പിച്ച് നിർത്താൻ പറ്റുമെന്ന കണക്ക് കൂട്ടലിലാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്. അതിൻ്റെ ഭാഗമായാണ് അദ്ദേഹം പൊന്നാനി എംഎൽഎയെ മത സംഘടനാ നേതാക്കളുടെ അടുത്തേക്ക് പറഞ്ഞ് വിട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്.

ഇവിടെ മുഖ്യമന്ത്രി വി ഡി സതീശനും ലീഗ് നേതാക്കളും മറന്നു പോകുന്ന ഒരു കാര്യം ഇത് പുതിയ കാലമാണ് എന്നതാണ്. മത സംഘടനാ നേതാക്കൾ പറയുന്നതും നിർദ്ദേശിക്കുന്നതും കേട്ട് നിലപാട് സ്വീകരിക്കുന്ന ജനങ്ങളല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത് എന്നത് മറന്നു പോകരുത്. ഏത് മത-സാമുദായിക സംഘടനാ നേതാക്കളായാലും അവരെ നിശ്ചിത അകലത്തിൽ നിർത്താൻ വിശ്വാസികൾക്ക് അറിയാം. ആരും ആരുടെയും ചിന്താശക്തി ഒരു സാമുദായിക നേതാവിന് മുന്നിലും അടിയറവ് വച്ചിട്ടില്ല. ഇനി വയ്ക്കുകയുമില്ല. അതാണ് രാഷ്ട്രീയ കേരളത്തിൻ്റെ പ്രത്യേകത.

ഞങ്ങൾ ഈ പറഞ്ഞ കാര്യങ്ങളിൽ മാത്രമല്ല എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുളള വി ഡി സതീശൻ സർക്കാറിൻ്റെ നിലപാടിനോടും കടുത്ത വിയോജിപ്പാണ് കോൺഗ്രസ്സിലെയും മുസ്ലീം ലീഗിലെയും അണികൾക്കും അനുഭാവികൾക്കും ഉള്ളത്. കടുത്ത മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ വെള്ളാപ്പള്ളിയെ എന്തിനാണ് യുഡിഎഫ് സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം മുഖ്യമന്ത്രി വി ഡി സതീശനാണ് നൽകേണ്ടത്.

എസ്.എൻ.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കൂടിയായിരുന്ന കെ.കെ.മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകിയിരിക്കുന്നത് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരനാണ്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിസ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടെയും മാനസിക പീഢനത്തിന്റെയും ഭീഷണിയുടെയും ഫലമായാണ് മഹേശൻ ജീവൻ വെടിയേണ്ടിവന്നതെന്നാണ് ആത്മഹത്യാ കുറിപ്പ് ചൂണ്ടിക്കാട്ടി സുധീരനും മഹേശൻ്റെ കുടുംബവും ആരോപിക്കുന്നത്.

സത്യസന്ധരായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന വി എം സുധീരൻ്റെ ആവശ്യത്തിന്മേൽ ഇതുവരെയായിട്ടും ഒരു തുടർ നടപടിയും മുഖ്യമന്ത്രി വി ഡി സതീശൻ സ്വികരിച്ചിട്ടില്ല എന്നത് ഏറെ ദുരൂഹത ഉയർത്തുന്ന കാര്യമാണ്. ദുരൂഹത എന്ന് ഞാൻ പറയാൻ കാരണം സുധീരൻ ഇങ്ങനെ ഒരു നീക്കം നടത്തുന്നതിന് തൊട്ടു മുൻപാണ് വെള്ളാപ്പള്ളി നടേശൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കാണാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രി വിഡി സതീശൻ തുഷാർ വെള്ളാപ്പള്ളിക്ക് സന്ദർശനാനുമതി നൽകിയത് എന്തായാലും അത്ര നിഷ്‌കളങ്കമായി കാണാൻ സാധിക്കുകയില്ല. മഹേശനെ ആത്മഹത്യയിലേയ്ക്ക് എത്തിച്ചതിന്റെ കാരണക്കാരായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികൾക്കു മുന്നിൽ നിരവധി പരാതികൾ നൽകിയിട്ടും ഇതേവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് നാം തിരിച്ചറിയുമ്പോഴാണ് കേരളത്തിൽ തന്നെയല്ലേ നമ്മൾ ജീവിക്കുന്നത് എന്നതും തോന്നിപ്പോവുക.

ഏറ്റവുമൊടുവിൽ 2026 ജൂൺ 6ന് ബഹു.മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായതായി കാണുന്നില്ല എന്ന് വി എം സുധീരൻ പറയുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ്റെ ഉദ്ദേശ ശുദ്ധിയാണ് വീണ്ടും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വെള്ളാപ്പള്ളി നടേശനെ തൊടാൻ എന്താണ് ഭയം എന്നത് ഈ നാട് അറിയേണ്ടതുണ്ട്. ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടും വെള്ളാപ്പള്ളിക്കും സംഘത്തിനും ലഭിക്കുന്ന ഈ സംരക്ഷണം മറ്റൊരാൾക്കും കേരളത്തിൽ ലഭിച്ചിട്ടില്ല എന്നതും പറയാതെ വയ്യ.

മുംബൈയിൽ മുൻപുണ്ടായിരുന്ന താക്കറെമാരല്ല കേരളത്തിൽ ഇപ്പോഴുള്ള വെള്ളാപ്പള്ളിമാർ എന്നത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇനിയെങ്കിലും തിരിച്ചറിയണം. സ്വന്തം സമുദായത്തിൽ പോലും ഒരു പിന്തുണയും ഇല്ലാത്ത നേതാവാണ് വെള്ളാപ്പള്ളി നടേശൻ. അതു കൊണ്ടാണ് അദ്ദേഹം തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവർ വൻ ഭൂരിപക്ഷത്തോടെ നിരന്തരം വിജയിച്ചു വരുന്നത്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ പിണറായി വിജയന് പറ്റിയ വലിയ തെറ്റാണ് ഇന്ന് ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കാൻ പ്രധാന കാരണമെന്നതും യുഡിഎഫ് സർക്കാർ മറക്കരുത്. ഇടതുപക്ഷം ആ തെറ്റുകൾ എല്ലാം തിരുത്തി ശക്തമായി മുന്നേറി തുടങ്ങുന്നതുവരെ മാത്രമേ യുഡിഎഫ് സർക്കാറിന് ആയുസുണ്ടാവുകയൊള്ളൂ.

വെള്ളാപ്പള്ളിയുടെ ബഹുമുഖവേഷം ജനങ്ങൾ തിരിച്ചറിയണമെന്ന് സി.പി.എം നേതാവ് പി ജയരാജൻ തുറന്നടിച്ചത് തന്നെ മാറുന്ന സി.പി.എം നിലപാടിൻ്റെ കൃത്യമായ സൂചനയാണ്. വെള്ളാപ്പള്ളി ഒരേസമയം സർക്കാരിന്റെ നവോത്ഥാന സമിതിയുടെ തലപ്പത്തിരിക്കുകയും മകൻ തുഷാർ വെള്ളാപ്പള്ളിയെ സംഘപരിവാറിനൊപ്പം നിർത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നാണ് ജയരാജൻ ആരോപിച്ചിരിക്കുന്നത്. രണ്ട് തോണിയിൽ കാല് വെക്കുന്ന വെള്ളാപ്പള്ളിയെ ഇനി അടുപ്പിക്കില്ലന്ന ഉറച്ച നിലപാട് സി.പി.എം സ്വീകരിക്കുമ്പോഴാണ് വെള്ളാപ്പള്ളിമാർ അവരുടെ വഞ്ചി മുഖ്യമന്ത്രി വി ഡി സതീശൻ്റെ അടുത്തേക്ക് അടുപ്പിച്ചിരിക്കുന്നത്. ഈ വഞ്ചിയിൽ കയറിയാൽ സർക്കാർ മാതമല്ല കോൺഗ്രസ്സും ലീഗും എല്ലാം അധികം താമസിയാതെ തന്നെ മുങ്ങും. ആ കാഴ്ചയും രാഷ്ട്രീയ കേരളം എന്തായാലും കാണാനിരിക്കുന്നതേയൊള്ളൂ…

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top