അമേരിക്കൻ യുദ്ധ വിദഗ്ദർ കൊല്ലപ്പെട്ടു, യുക്രെയ്നെ ഇരുട്ടിലാക്കി തലസ്ഥാനം കത്തിക്കാൻ റഷ്യ

650 കിലോമീറ്റർ സഞ്ചരിച്ച് ഖത്തറിലെ അമേരിക്കൻ താവളം തകർക്കാൻ 13 മിനിട്ടും, 4100 കിലോമീറ്റർ അകലെയുള്ള ജിബോട്ടിയിലെ സൈനിക താവളം തകർക്കാൻ 20 മിനിട്ടും മാത്രമാണ് ഈ റഷ്യൻ മിസൈലിനു വേണ്ടതുള്ളൂ. ഈ യാഥാർത്ഥ്യം അമേരിക്കൻ സൈന്യത്തിൻ്റെയും ഉറക്കം കെടുത്തുന്നതാണ്.

അമേരിക്കൻ യുദ്ധ വിദഗ്ദർ കൊല്ലപ്പെട്ടു, യുക്രെയ്നെ ഇരുട്ടിലാക്കി തലസ്ഥാനം കത്തിക്കാൻ റഷ്യ
അമേരിക്കൻ യുദ്ധ വിദഗ്ദർ കൊല്ലപ്പെട്ടു, യുക്രെയ്നെ ഇരുട്ടിലാക്കി തലസ്ഥാനം കത്തിക്കാൻ റഷ്യ

നാറ്റോ സഖ്യകക്ഷികൾ നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചുള്ള യുക്രെയ്ൻ ആക്രമണത്തിനെതിരെ വൻ പ്രതികാര പരമ്പരയ്ക്കാണ് റഷ്യ ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ഒറ്റദിവസം മാത്രം ഇരുന്നൂറോളം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് റഷ്യൻ സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്. ഈ ആക്രമണത്തോടെ യുക്രെയ്നിലെ വൈദ്യുതി നിലയങ്ങളിൽ ഭൂരിപക്ഷവും തകർന്ന് തരിപ്പണമായിരിക്കുകയാണ്. ചുരുങ്ങിയത് പത്ത് ലക്ഷത്തിലേറെ വീടുകളിലും ഐടി കെട്ടിടങ്ങളിലും വൈദ്യുതി മുടങ്ങിയതോടെ ആകെ ഇരുട്ടിലായ അവസ്ഥയിലാണ് യുക്രെയ്‌നുള്ളത്.

യുക്രെയ്ൻ തലസ്ഥാനമായ കീവ്, ഹർകീവ്, റിവ്നെ, ഖ്മെൽനിറ്റ്സ്കി, ലൂട്സ്ക് തുടങ്ങി യുക്രെയ്‌ന്റെ പടിഞ്ഞാറും മധ്യഭാഗത്തുമുള്ള ഒട്ടേറെ നഗരങ്ങളിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച കാലിബർ ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ റഷ്യ ഉപയോഗിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പല ബോംബുകളായി പൊട്ടിത്തെറിച്ച് ഒരു വലിയ പ്രദേശത്തെ തകർക്കാൻ ഇത്തരം ബോംബുകൾക്ക് കഴിയും.

യുക്രെയ്നെതിരെ റഷ്യൻ സൈന്യം പ്രതികാര ആക്രമണ പരമ്പരകൾ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ടാർഗറ്റുകളിലേക്ക് റഷ്യൻ സൈന്യം മിസൈലുകൾ തൊടുത്തിരിക്കുന്നത്. റഷ്യൻ സൈന്യത്തിൻ്റെ മിന്നൽ ആക്രമണത്തിൽ അമേരിക്കയുടെ ATACMS മിസൈലുകളുടെ സംഭരണ ശാലകളും വിദേശ പരിശീലകരും കൂലിപ്പടയാളികളും തമ്പടിച്ച പ്രദേശങ്ങളും തവിട് പൊടിയായിട്ടുണ്ടെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ATACMS Missile

റഷ്യയിലെ ബ്രയാൻസ്ക്, കുർസ്ക് മേഖലകളിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്യങ്ങളിലേക്ക് യുക്രെയ്ൻ സൈന്യം ബ്രിട്ടീഷ് നിർമ്മിത സ്റ്റോം ഷാഡോകളും അമേരിക്കൻ നിർമ്മിത ATACMS മിസൈലുകളും തൊടുത്തുവിട്ടതിലുളള തിരിച്ചടി ഇനിയും തുടരുമെന്നുതന്നെയാണ് റഷ്യൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിരിക്കുന്നത്.

യുക്രെയ്നിൻ്റെ വടക്കൻ സുമി മേഖലയിൽ റഷ്യൻ സൈന്യം നടത്തിയ മറ്റൊരു ആക്രമണത്തിൽ അമേരിക്കൻ നിർമ്മിത ATACMS മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള അഞ്ച് മിസൈൽ ലോഞ്ചറുകളും റഷ്യൻ സൈന്യം നശിപ്പിച്ചിട്ടുണ്ട്.ഹാർകോവിലെ യുക്രെയിനിയൻ GUR ക്രാക്കൻ യൂണിറ്റിൻ്റെ ആസ്ഥാനത്തേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അമേരിക്കയിൽ നിന്നും വന്ന സൈനിക സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ 40 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ഒഡെസ നഗരത്തിലെ ഒരു യുക്രെയ്ൻ സ്പെഷ്യൽ ഫോഴ്‌സ് കമാൻഡ് സെൻ്ററിനു നേരെ നടന്ന ആക്രമണത്തിൽ കടൽ ഡ്രോൺ ഓപ്പറേറ്റർമാരും കുറഞ്ഞത് ഒമ്പത് ഫ്രഞ്ച് പരിശീലകരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 70 ലധികം സൈനികരും കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: ഗാസയെ നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ കുതന്ത്രം; തെളിവായി സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍

ഏറ്റവും ഒടുവിലായി നവംബർ 28-ന് യുക്രേനിയൻ പ്രതിരോധ വ്യവസായ സൗകര്യങ്ങളും അവയ്ക്ക് ഊർജം നൽകുന്ന ഊർജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് നടത്തിയ റഷ്യൻ ആക്രമണവും ലക്ഷ്യം കണ്ടിരിക്കുകയാണ്. മൊത്തത്തിൽ 17 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണമാണ് ഇപ്പോൾ യുക്രെയ്നെ ഇരുട്ടിലാക്കിയിരിക്കുന്നത്.

ഇതിനു പുറമെ, യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ഉന്നത കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന പ്രഖ്യാപനവും റഷ്യ ഇപ്പോൾ നടത്തിയിട്ടുണ്ട്. അതായത്, ആർക്കും തടുക്കാൻ പറ്റാത്ത റഷ്യയുടെ ഏറ്റവും പുതിയ മിസൈലായ ഒറെഷ്നിക്, കീവിലേക്ക് തൊടുക്കാനുള്ള അനുമതിയാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ സൈന്യത്തിന് നൽകിയിരിക്കുന്നത്. യുക്രെയിൻ പ്രസിഡൻ്റ് വ്ലാഡിമർ സെലൻസ്കി ഉൾപ്പെടെയുളള ഉന്നത കേന്ദ്രങ്ങളെയും യുക്രെയ്ൻ ഭരണ സിരാകേന്ദ്രവും പൂർണ്ണമായും നശിപ്പിക്കുക തന്നെയാണ് പുടിൻ്റെ ലക്ഷ്യം.

Oreshnik Missile

ഒറെഷ്‌നിക് മിസൈലിൻ്റെ പ്രഹരശേഷി സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുടിൻ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. ഈ മിസൈലിൻ്റെ വാർഹെഡ് 4,000 ഡിഗ്രി സെൽഷ്യസ് താപനിലയിൽ എത്തുന്നതാണ് എന്നതിനാൽ ഇത് അത്യന്തം വിനാശകരമാണെന്നാണ് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഒറെഷ്‌നിക്കിനെ തടുക്കാൻ ശേഷിയുള്ള ഒരു സംവിധാനവും ഇന്ന് ലോകത്തില്ല. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഈ മിസൈൽ പോളണ്ടിലെ അമേരിക്കൻ സൈനിക താവളത്തിൽ എത്തും. യൂറോപ്പിനെ മൊത്തത്തിൽ ചാമ്പലാക്കാനും ഈ ഒരൊറ്റ ആയുധം മതിയാകും. റഷ്യയിൽ നിന്നും 2100 കിലോമീറ്റർ അകലെയുള്ള കുവൈറ്റിലെ അമേരിക്കൻ സൈനിക താവളത്തിൽ എത്താൻ ഒറെഷ്‌നിക്ക് എടുക്കുന്ന സമയം 11 മിനുട്ട് മാത്രമാണ്.

അതുപോലെ തന്നെ, 2500 കിലോമീറ്റർ അകലെയുള്ള ബഹ്റിനിലെ അമേരിക്കയുടെ അഞ്ചാം പടക്കപ്പലുകളുടെ ഹെഡ് ക്വാർട്ടേഴ്സിൽ എത്താൻ വെറും 12 മിനുട്ട് മാത്രം മതിയാകും. 2650 കിലോമീറ്റർ സഞ്ചരിച്ച് ഖത്തറിലെ അമേരിക്കൻ താവളം തകർക്കാൻ 13 മിനിട്ടും, 4100 കിലോമീറ്റർ അകലെയുള്ള ജിബോട്ടിയിലെ സൈനിക താവളം തകർക്കാൻ 20 മിനിട്ടും മാത്രമാണ് ഈ റഷ്യൻ മിസൈലിനു വേണ്ടതുള്ളൂ.

Also Read: റഷ്യയുടെ നീക്കത്തില്‍ ഭയം; പുതിയ കൂട്ടുകെട്ടുണ്ടാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ഈ യാഥാർത്ഥ്യം അമേരിക്കൻ സൈന്യത്തിൻ്റെയും ഉറക്കം കെടുത്തുന്നതാണ്. യഥാർത്ഥത്തിൽ മൂന്നാം ലോകമഹായുദ്ധം മുന്നിൽ കണ്ടുള്ള സ്ട്രാറ്റജിയാണ് റഷ്യ തയ്യാറാക്കിയിരിക്കുന്നത്. അത് അറിയാതെ പെട്ട് പോയിരിക്കുന്നത് ശരിക്കും അമേരിക്കയും അവരുടെ സഖ്യകക്ഷികളുമാണ്. റഷ്യയെ സമ്മർദ്ദത്തിലാക്കി കളയാമെന്ന് കരുതിയവരാണ് ഇപ്പോൾ സമ്മർദത്തിലായിരിക്കുന്നത്. റഷ്യൻ മിസൈലിനെ പേടിച്ച് കഴിയേണ്ട ഗതികേടിലാണ് ഈ രാജ്യങ്ങൾ ഇപ്പോഴുള്ളത്. ഒറെഷ്‌നിക്കിനെ പോലെ ലോകം ഇതുവരെ കാണാത്ത ഇനിയെത്ര ആയുധങ്ങൾ റഷ്യയുടെ ആവനാഴിയിൽ ഉണ്ടെന്ന ചോദ്യമാണ് അമേരിക്കൻ ചേരിയെ ആശങ്കപ്പെടുത്തുന്നത്.

അതേസമയം, ആണവായുധം പ്രയോഗിക്കുന്നത് തൽക്കാലം പരിഗണിക്കുന്നില്ലെങ്കിലും യുക്രെയ്നിന് ആണവായുധം നൽകാൻ ഏതെങ്കിലും പാശ്ചാത്യ രാജ്യം ശ്രമിച്ചാൽ അവർ അതേക്കുറിച്ച് ചിന്തിക്കും മുൻപ് തന്നെ റഷ്യ അത് പ്രയോഗിച്ചിരിക്കും എന്ന മുന്നറിയിപ്പും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും റഷ്യ ഇപ്പോൾ നൽകിയിട്ടുണ്ട്.

വീഡിയോ കാണാം

Top