ഭീകരതയ്‌ക്കെതിരെ ഐക്യദാർഢ്യം; ഇന്ത്യക്കൊപ്പമെന്ന് ആവർത്തിച്ച് അമേരിക്ക

സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി

ഭീകരതയ്‌ക്കെതിരെ ഐക്യദാർഢ്യം; ഇന്ത്യക്കൊപ്പമെന്ന് ആവർത്തിച്ച് അമേരിക്ക
ഭീകരതയ്‌ക്കെതിരെ ഐക്യദാർഢ്യം; ഇന്ത്യക്കൊപ്പമെന്ന് ആവർത്തിച്ച് അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയ്ക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവും ആവർത്തിച്ച് അമേരിക്ക. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തങ്ങൾ പൂർണ്ണപിന്തുണ നൽകുന്നതായും പഹൽഗാം ആക്രമണത്തെത്തുടർന്നുണ്ടായ സംഘർഷസാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും അവർ വ്യക്തമാക്കി.

അതേസമയം ഇന്ത്യയും പാകിസ്ഥാനുമായി അമേരിക്ക ഉന്നതതല നയതന്ത്രബന്ധം പുലർത്തുന്നതിനിടെയാണ് അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് തുടർച്ചയായി പരസ്യപ്രസ്താവനകൾ നടത്തുന്നത്. ‘സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബുധനാഴ്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായും സംസാരിച്ചു. കഴിഞ്ഞയാഴ്ച പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ അറിയിച്ചതുപോലെ, ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. പ്രധാനമന്ത്രി മോദിക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്’. ബ്രൂസ് വ്യക്തമാക്കി.

Also Read: പാകിസ്ഥാനിലെ കലാപഭൂമി, 1947ൽ തന്നെ ‘ബലൂചിസ്ഥാൻ’ ഇന്ത്യയിൽ ചേരാൻ തയ്യാറായിരുന്നു, ജിന്ന പോലും എതിർത്തില്ല. പക്ഷേ പിന്നീട്…

‘മനസ്സാക്ഷിയില്ലാത്ത’ ആക്രമണത്തെ അപലപിക്കേണ്ടതുണ്ടെന്ന് പാകിസ്ഥാനെ ഓർമ്മപ്പെടുത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി അന്വേഷണത്തിൽ സഹകരിക്കാനും ആവശ്യപ്പെട്ടിരുന്നു. ആണവായുധ ശേഷിയുള്ള ഇരുരാജ്യങ്ങളോടും സംഘർഷം ലഘൂകരിക്കാനും ദക്ഷിണേഷ്യയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭീകരാക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പാകിസ്ഥാനെ പൂർണമായി വിമർശിക്കാനും അമേരിക്ക തയ്യാറായിട്ടില്ല.

Share Email
Top