അമേരിക്കയിൽ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം

അമേരിക്കയിൽ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം
അമേരിക്കയിൽ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം

വാഷിങ്ടൻ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്വിങ് സ്റ്റേറ്റുകൾ അടക്കം അധിപത്യമുറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് ചരിത്ര വിജയം. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി.

ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണയുഗമാണിതെന്ന് പറഞ്ഞു. റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായി. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു.

ഇലക്ടറൽ വോട്ടുകളിൽ 267 വോട്ടുകളാണ് ഇതുവരെ ട്രംപ് നേടിയത്. കമലക്ക് 214 വോട്ടുകളും. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും. ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി. ഉപരിസഭയായ സെനറ്റിൽ നാലു വർഷത്തിനുശേഷം ഭൂരിപക്ഷം ഉറപ്പിച്ച റിപ്പബ്ലിക്കൻ പാർട്ടിക്ക്, ജനപ്രതിനിധി സഭയിലും ആധിപത്യം ഉറപ്പിക്കാനായി.

ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളിൽ ജയിച്ചാണ് സെനറ്റിൽ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗൻ, പെൻസൽവേനിയ, വിസ്കോൺസൻ എന്നീ സ്റ്റേറ്റുകൾ ട്രംപ് നേടി. മിഷിഗനിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകൾ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.

Top