ധാതു ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം, ചൈനയെ ഒതുക്കണം, യുക്രെയ്‌നിലും കണ്ണ് വെച്ച് ട്രംപ്

ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായ ധാതുക്കളുടെ ആഭ്യന്തര ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇപ്പോൾ തന്റെ അടിയന്തര അധികാരങ്ങൾ പ്രയോഗിച്ചിരിക്കുകയാണ്.

ധാതു ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം, ചൈനയെ ഒതുക്കണം, യുക്രെയ്‌നിലും കണ്ണ് വെച്ച് ട്രംപ്
ധാതു ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം, ചൈനയെ ഒതുക്കണം, യുക്രെയ്‌നിലും കണ്ണ് വെച്ച് ട്രംപ്

ഗോള സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകമായ ധാതുക്കളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ തന്റെ അടിയന്തര അധികാരങ്ങള്‍ പ്രയോഗിച്ചിരിക്കുകയാണ്. ഈ മേഖലയിലെ ചൈനയുടെ ആധിപത്യത്തെ ലക്ഷ്യമിട്ട് അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ട്രംപിന്റെ ഈ നീക്കം. ഇതിനിടെ യുക്രെയ്നുമായുള്ള ധാതു കരാറും വേഗത്തില്‍ സംഭവിക്കും എന്ന പ്രതീക്ഷയിലാണ് ട്രംപ് ഉള്ളത്. ചൈന, കാനഡ, അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് ധാതുക്കള്‍ വിതരണം ചെയ്യുന്ന മറ്റ് വന്‍കിട ഉല്‍പാദകര്‍ എന്നിവരുമായുള്ള വ്യാപാര സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അമേരിക്കയിലെ ഊര്‍ജ്ജ, ധാതു ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ട്രംപിന്റെ ഏറ്റവും പുതിയ നീക്കം.

ലിഥിയം, നിക്കല്‍, മറ്റ് നിര്‍ണായക ധാതുക്കള്‍ എന്നിവ പല ഇലക്ട്രോണിക്‌സിലും ഉപയോഗിക്കുന്നു. വരും വര്‍ഷങ്ങളില്‍ വൈദ്യുത വാഹന ബാറ്ററികളുടെ ഉത്പാദനത്തിനുള്ള ആവശ്യവും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നിരവധി നിര്‍ണായക ധാതുക്കളുടെ ഉടമയാണ് ചൈന. അങ്ങനെയുള്ള ചൈനയെ നേരിടാന്‍ തന്റെ സര്‍വ്വാധികാരവും വിനിയോഗിച്ചിരിക്കുകയാണ് ട്രംപ്. ഇതിനായി നിര്‍ണായക ധാതുക്കളുടെ ഒരു ശ്രേണി ആഭ്യന്തരമായി സംസ്‌കരിക്കുന്നതിന് ധനസഹായം, വായ്പകള്‍, മറ്റ് നിക്ഷേപ പിന്തുണ എന്നിവ നല്‍കുന്നതിനുള്ള ശീതയുദ്ധകാലത്തെ പ്രതിരോധ ഉല്‍പ്പാദന നിയമം (ഡിപിഎ) ഉപയോഗപ്പെടുത്തുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്.

Also Read: ഇസ്രയേലിന്റെ താളം തെറ്റുന്നു, ഭരണകൂടത്തോട് കടുത്ത എതിര്‍പ്പ്, രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക്

ദേശീയ പ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഡിപിഎ അമേരിക്കയ്ക്ക് അവസരം നല്‍കുന്നു. നിര്‍ണായക ധാതുക്കള്‍ക്കായി എതിരാളികളായ രാജ്യങ്ങളെ ആശ്രയിക്കുന്നത് ദേശീയ സുരക്ഷാ ഭീഷണിയാണ് എന്നാണ് ഡിപിഎ അടിസ്ഥാനപരമായി പ്രഖ്യാപിക്കുന്ന ഒരു കാര്യവും. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ലാഭകരമായ ധാതുക്കള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നു അമേരിക്ക, എന്നാല്‍ അമിതമായ ഫെഡറല്‍ നിയന്ത്രണം നമ്മുടെ രാജ്യത്തിന്റെ ധാതു ഉല്‍പാദനത്തെ ഇല്ലാതാക്കി എന്നും ട്രംപ് തന്റെ ഉത്തരവില്‍ പറയുന്നു. ഫെഡറല്‍ നിയമങ്ങള്‍ രാജ്യത്തെ അധഃപതനത്തിലേക്ക് തള്ളിവിട്ടവയാണ് എന്ന പക്ഷക്കാരനാണ് ട്രംപ്. വേഗത്തില്‍ അംഗീകാരം നല്‍കാന്‍ കഴിയുന്ന അമേരിക്കന്‍ ഖനികളുടെ ഒരു പട്ടിക സൃഷ്ടിക്കാനാണു ഫെഡറല്‍ ഏജന്‍സികളോട് ട്രംപ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കൂടാതെ ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്നവ ഉള്‍പ്പെടെ ഏതൊക്കെ ഫെഡറല്‍ ഭൂമികളാണ് ധാതു സംസ്‌കരണത്തിനായി ഉപയോഗിക്കാന്‍ കഴിയുക എന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഖനന, സംസ്‌കരണ പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്നതിനും ഫെഡറല്‍ ഭൂമിയിലെ ധാതു ഉല്‍പാദനത്തിന് മുന്‍ഗണന നല്‍കുന്നതിന് ആഭ്യന്തര വകുപ്പിനുള്ള നിര്‍ദ്ദേശത്തിനും ഉത്തരവ് പ്രോത്സാഹനം നല്‍കുന്നു. അമേരിക്കയുടെ ജിയോളജിക്കല്‍ സര്‍വ്വേ നിര്‍ണായക ധാതുവായി കണക്കാക്കാത്ത ചെമ്പിന്റെയും സ്വര്‍ണ്ണത്തിന്റെയും അമേരിക്കയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഏജന്‍സികളെ സഹായിക്കാനും ഉത്തരവ് നിര്‍ദ്ദേശിക്കുന്നുണ്ട്. അപൂര്‍വ ധാതുക്കളുടെ ഖനനത്തില്‍ അമേരിക്കയുടെ തുറുപ്പ് ചീട്ടായ
യുക്രെയ്‌നുമായി ധാതു-പ്രകൃതിവിഭവ കരാറില്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു.

Donald Trump

റഷ്യയുടെ യുക്രെയ്നിനെതിരായ യുദ്ധം ‘അവസാനിക്കുന്നത്’ കാണാനുള്ള ട്രംപിന്റെ ആഗ്രഹത്തിന് പിന്നിലും തന്റെ കീശയില്‍ വീഴാനുള്ളവയുടെ മൂല്യം തന്നെയാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ‘നല്ല രീതിയില്‍’ പുരോഗമിക്കുന്നു എന്ന് തന്നെയാണ് ട്രംപ് പറയുന്നതും. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ അമേരിക്ക പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഉടലെടുത്തത് വ്യാപാരയുദ്ധത്തില്‍ അമേരിക്ക അടിക്ക് തിരിച്ചടി എന്ന തരത്തില്‍ നിരവധി സമ്മര്‍ദ്ദങ്ങളും നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, ചൈന ചില നിര്‍ണായക ധാതുക്കള്‍ അമേരിക്കയിലേക്ക് വില്‍ക്കുന്നത് നിരോധിക്കുകയുണ്ടായി. ഇത് അമേരിക്കന്‍ സ്ഥാപനങ്ങളെ സുപ്രധാന വസ്തുക്കളുടെ മറ്റ് ഉറവിടങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാക്കി. റഷ്യയുടെ വ്യാപ്തിയും അതിബൃഹത്തായ ധാതുസമ്പത്തും റഷ്യയുമായുള്ള സാമ്പത്തിക ബന്ധം പുനഃസ്ഥാപിക്കുന്നതിന് ട്രംപിനെ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകമാണ്.

റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് അമേരിക്കയ്ക്ക് ‘വലിയ നേട്ടമുണ്ടാക്കും’ എന്ന് ട്രംപിന് നന്നായി അറിയാം. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ സമാധാനം കൈവരിച്ചു കഴിഞ്ഞാല്‍ പിന്നെ ‘വലിയ സാമ്പത്തിക കരാറുകള്‍ ഉന്നമിട്ടാണ് ട്രംപ് നീക്കുന്നത്. ഫെബ്രുവരിയില്‍ റഷ്യ സ്വന്തം അപൂര്‍വ-ഭൂമി ധാതു നിക്ഷേപങ്ങള്‍ വികസിപ്പിക്കുന്നതില്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞിരുന്നു. ഈ ആശയമാകട്ടെ ട്രംപിന് വീണുകിട്ടിയ ലോട്ടറി ആയിരുന്നു. അപൂര്‍വ ഭൂമി മൂലകങ്ങള്‍ 17 ലോഹ മൂലകങ്ങളുടെ ഒരു കൂട്ടമാണ്. അവയുടെ സവിശേഷമായ ഭൗതിക ഗുണങ്ങള്‍, ആധുനിക സാങ്കേതികവിദ്യയില്‍ അവയെ ഒഴിച്ചുകൂടാനാവാത്തത് ആക്കുന്നു.

എന്നാല്‍ ഇവ ഭൂമിയുടെ പുറംതോടില്‍ സാന്ദ്രീകൃത രൂപങ്ങളില്‍ അവ വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ഇത് അവയുടെ വേര്‍തിരിച്ചെടുക്കല്‍ വെല്ലുവിളി നിറഞ്ഞതും ചെലവേറിയതുമാക്കുന്നു. ഈ സാഹചര്യത്തില്‍ റഷ്യയുടെ കൈപിടിച്ചാല്‍ പിന്നെ അമേരിക്കയ്ക്ക് കാര്യങ്ങള്‍ വിചാരിച്ചതിലും എളുപ്പമാകും. റഷ്യയുടെ ഫെഡറല്‍ ഏജന്‍സി ഫോര്‍ മിനറല്‍ റിസോഴ്സസിന്റെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം ധാതു ശേഖരത്തിന്റെ 20% ത്തിലധികവും റഷ്യയിലാണ്. അതെസമയം, 2023-ലെ ഫോര്‍ബ്‌സ് കണക്ക് പ്രകാരം യുക്രെയ്‌നിന്റെ ധാതു നിക്ഷേപങ്ങളുടെ 70% ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളിലാണ്. 2014-ല്‍ യുക്രെയ്‌നിലെ പാശ്ചാത്യ പിന്തുണയുള്ള മൈദാന്‍ അട്ടിമറിയെത്തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിച്ച പ്രദേശങ്ങളാണിവ.

Share Email
Top