അമേരിക്ക-ഇറാൻ സൈനിക സംഘർഷം മൂലം മൂന്ന് പ്രമുഖ ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവ കടുത്ത സാമ്പത്തിക പ്രതിസന്ധിയും സമ്മർദ്ദവും നേരിടുന്നതായി റിപ്പോർട്ട്. പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്‌സ് പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി അമേരിക്കയിൽ നടത്താമെന്നേറ്റ 4 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ഇതോടെ ഗൾഫ് രാജ്യങ്ങൾ ബുദ്ധിമുട്ടും.
പ്രതിരോധം, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ തുക മാറ്റിവെക്കേണ്ടി വന്നതാണ് സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിച്ചത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് അന്താരാഷ്ട്ര നാണയ നിധി ഗൾഫ് രാജ്യങ്ങളുടെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ചു. ഖത്തറിന്റെ വളർച്ചാ നിരക്ക് 14.7 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായും, സൗദി അറേബ്യയുടേത് 4.5-ൽ നിന്ന് 1.7 ശതമാനമായും, യു.എ.ഇയുടേത് 5.6-ൽ നിന്ന് 1.7 ശതമാനത്തിലേക്കും ഐ.എം.എഫ് താഴ്ത്തി.
ആഭ്യന്തര ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനായി സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അന്താരാഷ്ട്ര നിക്ഷേപ വിഹിതം 30 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറച്ചിട്ടുണ്ട്. നിക്ഷേപ വാഗ്ദാനങ്ങൾ വൈകിയാൽ താരിഫുകൾ ഉയർത്തി സമ്മർദ്ദത്തിലാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ശൈലി ഈ രാജ്യങ്ങൾക്കും ഭീഷണിയായേക്കാം. എന്നാൽ നിലവിലെ തടസ്സങ്ങൾക്കിടയിലും ഖത്തർ എനർജി ടെക്സസിലെ എൽ.എൻ.ജി പ്ലാന്റിൽ ഉത്പാദനം ആരംഭിച്ച് അമേരിക്കയിലെ നിക്ഷേപങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






