അമേരിക്ക-ഇറാൻ സംഘർഷം അതിരൂക്ഷം! പരസ്പരം വ്യോമാക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും

ജോർദാനിൽ ഇറാനിയൻ അനുകൂല സേനയുടെ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക തിരിച്ചടി ആരംഭിച്ചത്

അമേരിക്ക-ഇറാൻ സംഘർഷം അതിരൂക്ഷം! പരസ്പരം വ്യോമാക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും
അമേരിക്ക-ഇറാൻ സംഘർഷം അതിരൂക്ഷം! പരസ്പരം വ്യോമാക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും

മിഡിൽ ഈസ്റ്റിൽ ഭൗമരാഷ്ട്രീയ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചുകൊണ്ട് അമേരിക്കയും ഇറാനും പരസ്പരം കടുത്ത വ്യോമാക്രമണങ്ങൾ നടത്തി. ജോർദാനിൽ ഇറാനിയൻ അനുകൂല സേനയുടെ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക തിരിച്ചടി ആരംഭിച്ചത്. ഇതിന് മറുപടിയായി ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് അമേരിക്കൻ സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലെ ഖേഷ്ം ദ്വീപിലാണ് അമേരിക്ക ആക്രമണം ഉണ്ടായതെന്ന് ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

ഇതിന് പ്രതികാരമായി കുവൈറ്റിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങളായ ക്യാമ്പ് ഉദൈരി, അലി അൽ സേലം എയർ ബേസ് എന്നിവയ്ക്ക് നേരെ ഇറാൻ ‘കാമികാസെ’ ഡ്രോണുകൾ ഉപയോഗിച്ച് വൻതോതിൽ ആക്രമണം നടത്തി. ഇതിനകം തന്നെ ഇരുരാജ്യങ്ങളും സിവിലിയൻ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർത്തതായി പരസ്പരം ആരോപിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാനിൽ 50-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതോടെ സംഘർഷത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം 16 ആയി ഉയർന്നു.

ജൂണിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ ഒരു മാസത്തിനുള്ളിൽ തകർന്നതാണ് ഇപ്പോഴത്തെ യുദ്ധസമാനമായ സാഹചര്യത്തിന് കാരണം. ജൂലൈ 8-ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചതോടെ അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു. അമേരിക്ക കരാർ ആവർത്തിച്ച് ലംഘിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റിന്റെ ഒപ്പിന് യാതൊരു വിലയുമില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി കുറ്റപ്പെടുത്തി. ഇരുപക്ഷവും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചതോടെ മേഖലയിൽ കനത്ത യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.

Share Email
Top