CMDRF

പുതിയ സ്കൂട്ടറിന് തകരാർ; ഒല ഷോറൂമിന് തീയിട്ട് യുവാവ്

നിരവധി തവണ ഷോറൂം സന്ദർശി​ച്ചെങ്കിലും പരാതികൾ പരിഹരിക്കപ്പെട്ടില്ല

പുതിയ സ്കൂട്ടറിന് തകരാർ; ഒല ഷോറൂമിന് തീയിട്ട് യുവാവ്
പുതിയ സ്കൂട്ടറിന് തകരാർ; ഒല ഷോറൂമിന് തീയിട്ട് യുവാവ്

ബംഗളുരു: സ്കൂട്ടർ വാങ്ങിയതിന്റെ പിറ്റേന്ന് തന്നെ തകരാറിലായിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിന് തീയിട്ട് ഉപഭോക്താവ്. ബംഗളുരുവിലെ കലബുർഗിയിലാണ് സംഭവം. സംഭവത്തിൽ നദീം എന്ന 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മെക്കാനിക്കായ നദീം ഒരു മാസം മുമ്പാണ് കലബുറഗിയിലെ ഷോറൂമിൽ നിന്ന് 1.4 ലക്ഷം രൂപയ്ക്ക് ഒലയുടെ ഇ-സ്കൂട്ടർ വാങ്ങിയത്. വാങ്ങി 1-2 ദിവസങ്ങൾക്കുള്ളിൽ തന്നെ വണ്ടിക്ക് തകരാറുകൾ കണ്ടെത്തി. വാഹനത്തിലും ബാറ്ററിയിലും തകരാറുകൾ പ്രകടമാവുകയും വണ്ടിയു​ടെ ശബ്ദം മാറുകയും ചെയ്തു.

Read Also: വിദ്യാർത്ഥിയോട് കൊടുംക്രൂരത, റാഗിംഗിൻറെ ദൃശ്യം പുറത്ത്

തുടർന്ന് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. നിരവധി തവണ ഷോറൂം സന്ദർശി​ച്ചെങ്കിലും പരാതികൾ പരിഹരിക്കപ്പെട്ടില്ല.

ഇന്നലെ വീണ്ടും ഷോറൂമിലെത്തിയ നദീമും കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവുകളും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനു പിന്നാലെയാണ് പെട്രോൾ ഒഴിച്ച് ഷോറൂം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആറ് വാഹനങ്ങളും ഷോറൂമിലെ കമ്പ്യൂട്ടർ സംവിധാനങ്ങളും കത്തിനശിച്ചു. ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൂട്ടുന്നത്. ഷോറൂം മുഴുവനും കത്തി നശിച്ചു.

Top