ദോഹ: പ്രഫഷണൽ ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച ആരോഗ്യകേന്ദ്രത്തിനെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. സ്വകാര്യ ആരോഗ്യകേന്ദ്രത്തിലെ ലേസർ, ഹൈഡ്രോഫേഷ്യൽ യൂണിറ്റുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത് മന്ത്രാലയം നടത്തിയ പരിശോധനയിലാണ്. ഇതേതുടർന്ന് ഈ യൂണിറ്റ് പൂട്ടാൻ അധികൃതർ നിർദേശിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയത്തിൽനിന്ന് ആവശ്യമായ പ്രഫഷണൽ ലൈസൻസില്ലാത്ത നഴ്സിങ് സ്റ്റാഫ് ചർമ ചികിത്സാ സംബന്ധമായ ഹൈഡ്രോഫേഷ്യൽ നടത്തിയ യൂണിറ്റിനെതിരെയും നടപടി സ്വീകരിച്ചു. അതോടൊപ്പം മെഡിക്കൽ കൺസൾട്ടേഷനോ ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെ രോഗിയിൽ ലേസർ ചികിത്സ നടത്തിയെന്നാണ് മറ്റൊരു കേസ്.
Also Read :പോഷകങ്ങളുടെ അളവ് രേഖപ്പെടുത്തണം; നിർദേശവുമായി അബൂദാബി
ഹെൽത്ത് കെയർ സെന്ററിനും നഴ്സിനുമെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും, രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 1982ലെ നിയമത്തിന്റെ (11) ലംഘനമാണ് ഇതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യസ്ഥാപനങ്ങൾ മതിയായ ലൈസൻസ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളാണ് നടത്തി വരുന്നത്.