‘ഐക്യമാണ് ഝാർഖണ്ഡികളുടെ ആയുധം’: ഹേമന്ത് സോറൻ

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ താക്കീത് ചെയ്ത് ഹേമന്ത് സോറൻ

‘ഐക്യമാണ് ഝാർഖണ്ഡികളുടെ ആയുധം’: ഹേമന്ത് സോറൻ
‘ഐക്യമാണ് ഝാർഖണ്ഡികളുടെ ആയുധം’: ഹേമന്ത് സോറൻ

റാഞ്ചി: 14ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ താക്കീത് ചെയ്ത് ഹേമന്ത് സോറൻ. ‘ഐക്യമാണ് ഝാർഖണ്ഡി​ന്‍റെ ജനങ്ങളുടെ ഏറ്റവും വലിയ ആയുധം. ഞങ്ങളെ വിഭജിക്കാനോ നിശബ്ദമാക്കാനോ കഴിയില്ലെ’ന്ന് സോറൻ പറഞ്ഞു. ‘അവർ നമ്മെ പിന്നോട്ട് തള്ളുമ്പോഴെല്ലാം നമ്മൾ മുന്നോട്ട് പോകും. അവർ നമ്മെ നിശബ്ദരാക്കാൻ ശ്രമിക്കുമ്പോഴെല്ലാം നമ്മുടെ കലാപത്തി​ന്‍റെയും വിപ്ലവത്തി​ന്‍റെയും ശബ്ദം ഉയർന്നുവരും. ഞങ്ങൾ ഝാർഖണ്ഡികളാണ്. ഝാർഖണ്ഡികൾ ഒരിക്കലും തലകുനിക്കുകയില്ല’- സോറൻ എക്‌സിൽ പോസ്റ്റ് ചെയ്തു. ഞങ്ങളുടെ പോരാട്ടം ഒരിക്കലും ഉറച്ചതും നിലക്കാത്തതുമാണ്. ഇത് അവസാന ശ്വാസം വരെ തുടരും. ഈ ദിനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, നീതിയോടുള്ള ഝാർഖണ്ഡികളുടെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുമെന്നും വ്യക്തമാക്കി.

സാമൂഹിക ഐക്യം ശക്തിപ്പെടുത്താനുള്ള ദൈനംദിന പോരാട്ടം ആവർത്തിക്കാനുള്ള ദിവസമാണ് ഇന്ന്. രാഷ്ട്രീയ വിജയത്തിനല്ല, സാമൂഹ്യനീതിക്ക് വേണ്ടിയുള്ളതാണ് നമ്മുടെ പോരാട്ടം. ജനാധിപത്യത്തിന്മേലുള്ള വർധിച്ചുവരുന്ന സമ്മർദ്ദത്തിനിടയിലും ഝാർഖണ്ഡിലെ മഹാന്മാർ ഒരുമിച്ച് നിൽക്കുന്നുവെന്ന് ഈ ദിവസം നമ്മോട് പറയുന്നു. ഓരോ ഗ്രാമത്തിലും എല്ലാ നഗരങ്ങളിലും ഒരേ ശബ്ദം തന്നെ പ്രതിധ്വനിക്കുന്നു. സാമൂഹിക ഘടനയിൽ ആഴത്തിലുള്ള വിള്ളലുകൾ ഉയർന്നുവരുമ്പോൾ നമ്മൾ ഐക്യത്തിനായി ദൃഢനിശ്ചയം ചെയ്യേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സ്വയംഭരണ സർക്കാരിനുവേണ്ടി പ്രവർത്തിച്ച ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഝാർഖണ്ഡ് എല്ലായ്പ്പോഴും പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ജന്മം നൽകിയിട്ടുണ്ടെന്നും ഭഗവാൻ ബിർസ മുണ്ട, സിദോ-കൻഹു, അമർ ഷഹീദ് തുടങ്ങിയ വീരന്മാരുടെ പൈതൃകം വഹിച്ചുകൊണ്ടാണ് ജെ.എം.എം എല്ലാ ദിവസവും മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു.

Also Read : പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിൽ 39,791 വോട്ടി​ന്‍റെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ ഗാംലിയേൽ ഹെംബ്രോമിനെ പരാജയപ്പെടുത്തി സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തി. 81 അംഗ നിയമസഭയിൽ 56 സീറ്റുകൾ നേടി സോറ​ന്‍റെ ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യം വിജയത്തിലേക്ക് കുതിച്ചപ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎക്ക് ആകെ 24 സീറ്റുകളാണ് ലഭിച്ചിരുന്നത്.

Share Email
Top