യുണൈറ്റഡിന്റെ എഫ്.എ കപ്പ് വിജയം: പണികിട്ടിയത് ചെല്‍സിക്കും ന്യൂകാസിലിനും

യുണൈറ്റഡിന്റെ എഫ്.എ കപ്പ് വിജയം: പണികിട്ടിയത് ചെല്‍സിക്കും ന്യൂകാസിലിനും

ലണ്ടന്‍: വെംബ്ലിയില്‍ സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് കീരീടം നേടിയതോടെ പണികിട്ടിയത് ചെല്‍സിക്കും ന്യൂകാസിലിനും. എഫ്.എ കപ്പ് വിജയത്തോടെ യുണൈറ്റഡ് യൂറോപ്പ ലീഗില്‍ സ്ഥാനം ഉറപ്പിച്ചതോടെ പൊരുതിക്കയറി നേടിയ സ്ഥാനം ചെല്‍സിക്ക് നഷ്ടമാകും.
പ്രീമിയര്‍ ലീഗില്‍ ആദ്യ നാലുസ്ഥാനങ്ങളിലുള്ള സിറ്റി, ആഴ്സനല്‍, ലിവര്‍പൂള്‍, ആസ്റ്റണ്‍വില്ല എന്നിവര്‍ ചാംപ്യന്‍സ് ലീഗിലാണ് പന്തുതട്ടുക. അഞ്ചാംസ്ഥാനത്തുള്ള ടോട്ടന്‍ഹാമിനൊപ്പം യുണൈറ്റഡ് യൂറോപ്പ ലീഗിലേക്ക് കയറുമ്പോള്‍ ആറാമതുള്ള ചെല്‍സി യൂറോപ്പ കോണ്‍ഫറന്‍സ് ലീഗിലേക്ക് താഴ്ന്നു. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ ഇടംപിടിച്ച ന്യൂകാസിലിന് ചെല്‍സിയുടെ വരവോടെ യൂറോപ്പിലെ ഒരു ചാംപ്യന്‍ഷിപ്പിലും കളിക്കാന്‍ കഴിയാതെയുമായി. സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എട്ടാമതായാണ് ഫിനിഷ് ചെയ്തിരുന്നത്.

എഫ്.എ കപ്പ് ഫൈനലില്‍ പൊസിഷനിലും പാസിങ്ങിലുമെല്ലാം സിറ്റി മുന്നിട്ടുനിന്നെങ്കിലും ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് യുണൈറ്റഡ് വിജയിച്ചുകയറുകയായിരുന്നു. അലഹാണ്ട്രോ ഗാര്‍ണാച്ചോ, കോബി മൈനോ എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്.

രണ്ടുഗോളിന് മുന്നിലെത്തിയതോടെ പ്രതിരോധത്തിലൂന്നി മത്സരം പൂര്‍ത്തിയാക്കാനായിരുന്നു യുണൈറ്റഡിന്റെ ശ്രമം. യുണൈറ്റഡ് പ്രതിരോധനിരയെ വെട്ടിച്ചുകയറാനുളള സിറ്റിയുടെ ശ്രമങ്ങളെല്ലാം പാഴായി. ഒടുവില്‍ 87ാം മിനുറ്റില്‍ ജെര്‍മി ഡോകുവിലൂടെയായിരുന്നു സിറ്റിയുടെ തിരിച്ചടി. പെനല്‍റ്റി ബോക്‌സിന് വെളിയില്‍ നിന്നും തൊടുത്ത ഷോട്ട് അളന്നെടുക്കുന്നതില്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഒനാനക്ക് പിഴച്ചു.

സീസണിലെ മോശം പ്രകടനത്തിന് പഴികേട്ട യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗിന് ഏറെ ആശ്വാസം നല്‍കുന്നതാണ് എഫ്.എ കപ്പ് വിജയം. പ്രീമിയര്‍ ലീഗിന് പിന്നാലെ എഫ്.എ കപ്പിലും മുത്തമിട്ട് രാജാക്കന്‍മാരാകാനുള്ള സിറ്റിയുടെ മോഹങ്ങള്‍ക്കാണ് തോല്‍വി തിരിച്ചടിയായത്.

Top