ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഒറ്റത്തിരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാർശ ചെയ്യുന്ന ബില്ലാകും അവതരിപ്പിച്ചേക്കുക. അടുത്ത ആഴ്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
2029 ഓടെ രാജ്യത്ത് നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയാക്കാനാണ് ബില്ലിൽ ലക്ഷ്യമിടുന്നത്. അതേസമയം ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
Also Read: ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ; മുൻകൂർ വാദം കേൾക്കണമെന്ന ഹർജി തള്ളി ബംഗ്ലാദേശ് കോടതി
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ്, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർഡും വേണം.
ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാൽ ബില്ല് പാസാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് ആശങ്കകളില്ല. ബില്ല് ചിലപ്പോൾ കൂടുതൽ പരിശോധനയ്ക്ക് ജോയന്റ് പാർലമെന്ററി സമിതിക്ക് കൈമാറിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ബിൽ നടപ്പാക്കണമെങ്കിൽ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. കൂടാതെ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്.
Also Read: സംഭലിലും ബുള്‍ഡോസര്‍! ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി
സംസ്ഥാന നിയമസഭ സ്പീക്കർമാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതി ശുപാർശയിൽ പറയുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാൽ, ആ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.