CMDRF

‘അവരിനി പുത്തുമലയുടെ മണ്ണിൽ’ ; തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചു

‘അവരിനി പുത്തുമലയുടെ മണ്ണിൽ’ ; തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചു
‘അവരിനി പുത്തുമലയുടെ മണ്ണിൽ’ ; തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചു

കൽപറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട തിരിച്ചറിപ്പെടാത്തവരുടെ കൂട്ട സംസ്‌കാരം നടത്തി. ഇന്ന് വൈകിട്ട് പുത്തുമലയില്‍ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തിരിച്ചറിയാത്തവർക്കായി 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയത്. 27 മൃതദേഹങ്ങളും 154 ശരീരഭാ​ഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. 16 പേരുടെ മൃതദേഹങ്ങളാണ് ആദ്യം സംസ്കരിച്ചത്.

സര്‍വമത പ്രാര്‍ഥനയോടെയാകും എല്ലാ മൃതദേഹങ്ങളുടെയും സംസ്‌കാരം. മൂന്നുമണിക്ക് ആരംഭിച്ച ചടങ്ങുകള്‍ ഒന്നര മണിക്കൂറോളം നീണ്ടു. ഒരു സെന്‌റില്‍ ഏഴു മൃതദേഹങ്ങള്‍ വീതമാണ് സംസ്‌കരിച്ചത്. വിവിധ ഘട്ടങ്ങളിലായിട്ടാണ് ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. ഇന്നലെ പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രം​ഗത്തുണ്ടായിരുന്നു. ഓരോ ശരീരഭാ​ഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരി​ഗണിച്ചാണ് സംസ്കാരം പൂർത്തിയാക്കിയത്.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇപ്പോള്‍ നമ്പരുകളാണ് നല്‍കിയിരിക്കുന്നത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും നമ്പരുകള്‍ക്ക് പീന്നീട് മേല്‍വിലാസമുണ്ടാകുക. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരമാണ് ഇന്ന് നടന്നത്.

ഇന്നത്തെ തെരച്ചലിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ ചാലിയാർ പുഴയിൽ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറിൽ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.

Top